|    Dec 11 Tue, 2018 2:12 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ജലീലിന്റെ വര്‍ഗീയ പരീക്ഷണങ്ങള്‍

Published : 26th April 2018 | Posted By: kasim kzm

വി  എം  ഫഹദ്
മുസ്‌ലിം സമുദായത്തിലെ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ പാര്‍ട്ടിക്കു കഴിയുന്നില്ലെന്ന പരിദേവനം പതിവുപോലെ സിപിഎമ്മിന്റെ ഈ പാര്‍ട്ടി കോണ്‍ഗ്രസ്സിലും നടന്നു. സദ്ദാമിന്റെ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചും നബിദിനാശംസകള്‍ നേര്‍ന്നുമൊക്കെ പലതും ചെയ്തുനോക്കിയെങ്കിലും ഒന്നുമങ്ങോട്ട് വേരുപിടിച്ചില്ല. മുസ്‌ലിം സ്വത്വം പേറുന്ന പാര്‍ട്ടിയിലെ നേതാക്കന്മാരൊക്കെ മാര്‍ക്‌സിസ്റ്റ് അസ്തിത്വത്തിനായി മുസ്‌ലിംകളില്‍ വര്‍ഗീയത സ്ഥാപിച്ചെടുക്കാന്‍ വല്ലാതെ വിഷമിക്കേണ്ടിവരുന്ന സാഹചര്യമാണു കേരളത്തിലുള്ളത്. അവരില്‍ പാര്‍ട്ടിക്ക് ആശയപരമായി ഊടും പാവും നല്‍കുന്നവര്‍പോലുമുണ്ട്. ഷംസീറിനെയും റഹീമിനെയും പോലുള്ള മുസ്‌ലിം നാമധാരികളായ യുവനേതാക്കന്മാര്‍ക്ക് ഇടം ലഭിക്കുന്നത് അവര്‍ മുസ്‌ലിം വര്‍ഗീയതയെക്കുറിച്ച് ചാനലുകളില്‍ പോയി എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടു മാത്രമാണ്.
ഇതിനിടയിലാണ് സഖാവ് കെ ടി ജലീലിന്റെ വര്‍ഗീയ പരീക്ഷണങ്ങള്‍ നടക്കുന്നത്. ‘മുഖ്യധാര’യിലൂടെയായിരുന്നു തുടക്കം. പഴയ ‘മുസ്‌ലിം വര്‍ഗീയവാദി’യെ എഡിറ്ററാക്കി ഇസ്‌ലാമിനെ പുരോഗമനപരമാക്കാന്‍ നടത്തിയ സിപിഎമ്മിന്റെ എളിയശ്രമം രണ്ടുമൂന്ന് എഡിഷന്‍ കഴിഞ്ഞ് പിന്നെ ഇറക്കാന്‍ ആളുണ്ടായില്ല. ശബരിമലയിലെ സന്നിധാനത്തു പോയി വിഷമങ്ങള്‍ തിരുസന്നിധിയില്‍ ബോധിപ്പിച്ചാണു പിന്നീടുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. തന്റെ മതേതരഭക്തി തെളിയിക്കാനായി മന്ത്രി പലവിധ തന്ത്രങ്ങളും പയറ്റിവരുകയാണ്. നിയമസഭയിലായിരുന്നു അതില്‍ പ്രധാനപ്പെട്ട ഒരു നീക്കം നടന്നത്. മുസ്‌ലിം ലീഗ് 44 പേരെ കൊലപ്പെടുത്തിയ പാര്‍ട്ടിയാണെന്നു പറഞ്ഞുകൊണ്ടായിരുന്നു അത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിടയിലെ ഹിംസാത്മക പ്രവൃത്തികള്‍ അവലോകനം ചെയ്യാനല്ല സഖാവ് ആ കണക്ക് പറഞ്ഞത്. മുസ്‌ലിം ലീഗിനെയും അതുവഴി മലപ്പുറം രാഷ്ട്രീയത്തെയും കടന്നാക്രമിക്കുകയായിരുന്നു ലക്ഷ്യം. സര്‍ക്കാര്‍ തന്നെ പുറത്തുവിട്ട ഔദ്യോഗിക രേഖകള്‍ നല്‍കുന്ന വിവരമനുസരിച്ച് 2005 മുതല്‍ 2015 വരെയുള്ള 10 വര്‍ഷ കാലയളവില്‍ കേരളത്തില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ 45 എണ്ണം സിപിഎം അക്കൗണ്ടിലും നാലെണ്ണം മാത്രം മുസ്‌ലിം ലീഗിന്റെ പേരിലും ഉള്ളപ്പോഴാണ് ഇങ്ങനെയൊരു സാഹസത്തിന് ജലീല്‍ മുതിര്‍ന്നത്. എങ്ങുമെത്താതിരുന്ന ആ നീക്കം ജലീലിനെ നിരാശനാക്കിയില്ല. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ തെരുവിലിറങ്ങുന്ന ജനങ്ങളെ വര്‍ഗീയവാദിയും തീവ്രവാദിയുമായി ചിത്രീകരിക്കുന്ന സിപിഎമ്മിന്റെ മലപ്പുറം മോഡല്‍ അപ്രോച്ച് പരിഷ്‌കരിച്ചായിരുന്നു അടുത്ത നീക്കം.
കശ്മീരിലെ ബാലികയുടെ വിഷയത്തില്‍ കേരളത്തില്‍ സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്യപ്പെട്ട ഹര്‍ത്താല്‍ മലപ്പുറത്താണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഹര്‍ത്താലിനിടയില്‍ കെആര്‍ ബേക്കറി ഉള്‍പ്പെടെ ചില സ്ഥാപനങ്ങള്‍ക്കു നേരെ നടന്ന ആക്രമണം നല്ലൊരു അവസരമായാണ് സഖാവ് കണ്ടത്. ആക്രമണത്തില്‍ വര്‍ഗീയതയുണ്ടെന്നു വെളിപാടു ലഭിച്ച സഖാവ് ധാര്‍മികരോഷം പൂണ്ട് സടകുടഞ്ഞെഴുന്നേറ്റു. ആക്രമിക്കപ്പെട്ട കട സന്ദര്‍ശിച്ച് അവിടെ നിന്നു തന്നെ ചിലയാളുകളെ വിളിച്ച് കുറച്ചു പണം സമാഹരിച്ച് പുള്ളിക്കാരന്‍ സ്റ്റാറായി. മലപ്പുറം മുസ്‌ലിം വര്‍ഗീയവാദികളുടെ നാടാണെന്ന സിപിഎമ്മിന്റെ തുടരെയുള്ള ആരോപണങ്ങളെ ഫലപ്രദമായ രീതിയില്‍ പ്രയോഗിക്കുകയായിരുന്നു ജലീല്‍. ഹര്‍ത്താലിനിടയിലുണ്ടായ ആക്രമണം മുസ്‌ലിം വര്‍ഗീയതയുടെ ഭാഗമാണെന്ന് ഉറപ്പിച്ച മട്ടിലായിരുന്നു മന്ത്രിയുടെ ഇടപെടല്‍. മലപ്പുറത്ത് മുസ്‌ലിംകള്‍ ഹിന്ദുക്കളെ ആക്രമിക്കാത്തതില്‍ വിഷമിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടുതന്നെ ഹര്‍ത്താലിനിടെ ആക്രമിക്കപ്പെട്ട 19 സ്ഥാപനങ്ങളില്‍ 13 എണ്ണവും മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരുടെ തന്നെയാണെന്നത് പാര്‍ട്ടിക്കും ജലീലിനും കേള്‍ക്കാന്‍ ഇഷ്ടമില്ലാത്ത വാര്‍ത്തയാണ്. സിപിഎമ്മിന്റെ വര്‍ഗീയ സമര സിദ്ധാന്തമനുസരിച്ച് മലപ്പുറത്തു നടക്കേണ്ടത് ഹിന്ദുക്കള്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും അയ്യപ്പഭക്തന്മാര്‍ക്കും അമ്പലങ്ങള്‍ക്കും നേരെ നിരന്തരമുള്ള മുസ്‌ലിം ആക്രമണമാണല്ലോ. മലപ്പുറത്തുകാര്‍ വര്‍ഗീയവാദികളാണെന്ന് ഇടയ്ക്കിടെ സിപിഎം നേതാക്കന്മാര്‍ തട്ടിവിടുന്നത് മൃദുഹിന്ദുത്വ വോട്ടുകള്‍ ഏകീകരിക്കാനാണ്.
മലപ്പുറം സംഭവത്തിലൂടെ അബ്ദുറഹ്മാന്‍ സാഹിബിനെ പോലെയൊക്കെയുള്ള മതേതര മുസ്‌ലിം നേതാവായി തനിക്ക് എങ്ങനെ ഉയരാന്‍ കഴിയുമെന്നതായിരുന്നു ജലീലിന്റെ മുന്നിലുള്ള ചോദ്യം. ഭൂതകാലം (മുസ്‌ലിം ലീഗ്, സിമി) ഡെമോക്ലസിന്റെ വാള്‍പോലെ തന്റെ തലയ്ക്കു മീതെയുള്ളത് ഒരു പൊളിറ്റിക്കല്‍ ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സ് ജലീലില്‍ സൃഷ്ടിക്കുന്നുണ്ട്. അതിനെ മറികടന്നാലാണു തന്റെ രാഷ്ട്രീയഭാവി ഭദ്രമാവുകയെന്ന് അദ്ദേഹം വിചാരിക്കുന്നു.
സിപിഎമ്മിനുള്ളിലെ മുസ്‌ലിംകള്‍ എന്തെങ്കിലും കുറ്റകൃത്യം ചെയ്താല്‍ അതിന്റെ ഉത്തരവാദിത്തം സമുദായം ഏറ്റെടുക്കണമെന്ന സന്ദേശമാണ് താനൂര്‍ സംഭവത്തിലൂടെ ജലീല്‍ നല്‍കുന്നത്. അത്തരം സംഭവങ്ങളില്‍ പാര്‍ട്ടിക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കില്ല. അതിന്റെ നാശനഷ്ടങ്ങള്‍ക്കുള്ള പരിഹാരം മുസ്‌ലിം സമുദായത്തില്‍ നിന്നുതന്നെ ഈടാക്കുകയും വേണം. അതേസമയം, അതിന്റെ രാഷ്ട്രീയഗുണം സിപിഎമ്മിനു ലഭിക്കണം. മലപ്പുറത്തെ കെആര്‍ ബേക്കറി ആക്രമണവുമായി ബന്ധപ്പെട്ട് ജലീല്‍ നടത്തിയ നാടകത്തിന്റെ സ്‌ക്രിപ്റ്റ് സിപിഎമ്മിന്റെ വര്‍ഗീയമുഖത്തെ ഒരിക്കല്‍ കൂടി അനാവരണം ചെയ്യാന്‍ സഹായിക്കും. സിപിഎമ്മിന്റെ അക്കൗണ്ടിലേക്കു പോവേണ്ട ആക്രമണത്തെയാണ് ജലീല്‍ സഖാവ് രണ്ടുമൂന്നു ലക്ഷം രൂപ മുസ്‌ലിം സമ്പന്നരില്‍ നിന്നു പിരിച്ച് ആ സമുദായത്തിന്റെ തലയില്‍ തന്നെ ആക്രമണത്തിന്റെ ഉത്തരവാദിത്തം കെട്ടിവച്ചത്. ജലീലിന്റെ രീതി പിന്തുടരുകയാണെങ്കില്‍ ആക്രമിക്കപ്പെട്ട മുസ്‌ലിം സ്ഥാപനങ്ങളുടെ നഷ്ടം സമ്പന്ന ഹിന്ദുക്കളുടെ പോക്കറ്റില്‍നിന്നു നികത്തണം. അതിനേതായാലും ഒരു ഹിന്ദു കമ്മ്യൂണിസ്റ്റും രംഗത്തുവരില്ലെന്ന് നമുക്കറിയാമല്ലോ. ഇങ്ങനെയൊക്കെ വര്‍ഗീയമായി കാര്യങ്ങളെ കൊണ്ടുപോവുന്നത് മതേതര കേരളത്തിന് ഒട്ടും ഭൂഷണമല്ല. മലപ്പുറത്ത് സിപിഎമ്മിന്റെ വര്‍ഗീയമുഖം തിരിച്ചറിയാന്‍ കഴിയാത്ത ചില മുസ്‌ലിം സമ്പന്നര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം കാശുകൊടുത്തു വാങ്ങിക്കുകയായിരുന്നു. അങ്ങനെ കൊള്ളയടി, ആക്രമണം പോലുള്ള രാഷ്ട്രീയ കലാപരിപാടികള്‍ വിലയ്ക്കു വില്‍ക്കുന്ന പുതിയ രാഷ്ട്രീയ സംരംഭത്തിന് സഖാവ് ജലീല്‍ മലപ്പുറത്ത് തുടക്കം കുറിച്ചിരിക്കുന്നു. ഈ മാതൃക പിന്തുടര്‍ന്നാല്‍ സിപിഎമ്മിന് പാര്‍ട്ടി അക്കൗണ്ടിലുള്ള കേസുകള്‍ കുറയ്ക്കാനും സമ്പന്ന മുസ്‌ലിംകളുടെ കാശുകൊണ്ട് മൃദുഹിന്ദുത്വ പരീക്ഷണം നടത്താനും കഴിഞ്ഞേക്കും.
ആക്രമണവുമായി ബന്ധപ്പെട്ട പ്രതികളില്‍ 17ല്‍ 15 പേരും സിപിഎം പ്രവര്‍ത്തകരാണ്. ധാര്‍മികമായാണെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സിപിഎം ആണ് ഏറ്റെടുക്കേണ്ടത്. നഷ്ടപരിഹാരം പാര്‍ട്ടി ഫണ്ടില്‍ നിന്ന് വാങ്ങിക്കൊടുക്കാനാണ് ജലീല്‍ മുന്നിട്ടിറങ്ങേണ്ടിയിരുന്നത്. എന്നാല്‍, ഇതില്‍ ഒരുനിലയ്ക്കും ഇടപെട്ടിട്ടില്ലാത്ത സമുദായത്തെ വിഷയത്തിലേക്കു വലിച്ചിഴച്ച് വര്‍ഗീയത സൃഷ്ടിച്ച് തന്റെ രാഷ്ട്രീയഭാവിക്കായി ദുരുപയോഗം ചെയ്യുകയായിരുന്നു ജലീല്‍.
ഹര്‍ത്താലിനിടയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവുന്നത് ആദ്യ സംഭവമല്ല. അതൊരു നിയമപ്രശ്‌നമായി കാണുന്ന രീതിയാണു കേരളം പൊതുവെ സ്വീകരിച്ചിട്ടുള്ളത്. അക്രമസംഭവങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ പോലിസ് നിയമനടപടി സ്വീകരിക്കുകയും നടപടിക്രമങ്ങള്‍ അതിന്റെ വഴിക്കു നടക്കുകയും ചെയ്യുന്നുണ്ട്. കശ്മീരിലെ ബാലികയുടെ വിഷയം ഒരു മുസ്‌ലിം പ്രശ്‌നം തന്നെയാണ്. എന്നാല്‍, ആ വിഷയത്തില്‍ രാജ്യത്ത് പ്രതിഷേധം ശക്തിപ്പെടുന്നത് സാമുദായികാടിസ്ഥാനത്തിലല്ല. ഈ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്മാരും ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ ഭീഷണി വകവയ്ക്കാതെ കേസ് ഏറ്റെടുത്ത ദീപിക സിങ് തുടങ്ങി ജാതിമതലിംഗഭേദമെന്യേ എല്ലാവിഭാഗം ജനങ്ങളും ഒന്നിച്ചുനിന്ന് രാജ്യത്തിന്റെ ഭാവിക്കു വേണ്ടി നടത്തുന്ന പോരാട്ടങ്ങളെയാണ് വര്‍ഗീയവല്‍ക്കരിച്ച് ദുര്‍ബലപ്പെടുത്താന്‍ ജലീല്‍ ശ്രമിച്ചത്. ചളിക്കുണ്ടില്‍ താമരയോടൊപ്പം അരിവാള്‍ ചുറ്റികയും കൂടി വിരിയിക്കാമെന്നാണു ജലീല്‍ കരുതുന്നത്.                          ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss