|    Nov 18 Sun, 2018 3:55 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ജലീലിന്റെ ബന്ധു നിയമനം : ആരോപണവുമായി ഫിറോസ്‌; കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി

Published : 10th November 2018 | Posted By: kasim kzm

കോഴിക്കോട്: മന്ത്രി കെ ടി ജലീല്‍ കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്—മെന്റ് ഫിനാന്‍സ് കോര്‍പറേഷനിലെ ജനറല്‍ മാനേജറായി ബന്ധുവിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭ്യമായതായി മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു.
കേരള സ്റ്റേറ്റ് മൈനോറിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ കോഴിക്കോട് ചക്കോരത്ത്കുളത്തുള്ള ഓഫിസിലെത്തി വിവരാവകാശ നിയമപ്രകാരം രേഖകള്‍ പരിശോധിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് നടത്തിയ ഇന്റര്‍വ്യൂവില്‍ യോഗ്യരല്ലെന്നു കണ്ടെത്തിയതിനാല്‍ ഒഴിവാക്കിയതാണെന്ന് മന്ത്രിയുടെ ഓഫിസ് അവകാശപ്പെട്ട ആറുപേരില്‍ രണ്ടുപേര്‍ക്ക് ഡെപ്യൂട്ടി മാനേജര്‍ തസ്തിക പിന്നീട് നല്‍കിയതായി പരിശോധനയില്‍ കണ്ടെത്തി.
ഇതിലൊരാള്‍ ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കണ്ടു മന്ത്രിക്കനുകൂലമായി സംസാരിച്ച വ്യക്തിയാണ്. ബാക്കിയുള്ള നാലുപേരില്‍ മൂന്നുപേരും നിലവില്‍ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. മന്ത്രിയുടെ ബന്ധുവിനെ ജനറല്‍ മാനേജര്‍ തസ്തികയില്‍ നിയമിക്കാന്‍ ഈ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്ക് മറ്റു തസ്തികകള്‍ നല്‍കി വഴിയൊരുക്കുകയാണ് ചെയ്തതെന്നു ഫിറോസ് പറഞ്ഞു. പൊതുമേഖലാ സ്ഥാപനത്തില്‍ 11 വര്‍ഷം പരിചയമുള്ള അപേക്ഷകന് എംബിഎ യോഗ്യതയ്ക്കുള്ള ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചില്ലെന്ന കാരണം പറഞ്ഞാണ് അപേക്ഷ നിരസിച്ചതെന്നു മന്ത്രി അവകാശപ്പെട്ടിരുന്നു.
എന്നാല്‍, മന്ത്രിയുടെ ബന്ധുവും അപേക്ഷയോടൊപ്പം ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി. ഇക്വലന്‍സി സമര്‍പ്പിക്കാത്തതിന് മറ്റൊരാള്‍ക്ക് അവസരം നിഷേധിക്കുകയും ബന്ധുവിന് അത് ബാധകമാക്കാതിരിക്കുകയും ചെയ്തതോടു കൂടി അനധികൃത നിയമനം കൂടുതല്‍ വ്യക്തമായതായും ഫിറോസ് പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss