|    Jun 24 Sat, 2017 4:00 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ: മന്ത്രി മാത്യു ടി തോമസ്

Published : 2nd December 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ കര്‍ശനമാക്കുമെന്ന് ജലവിഭവമന്ത്രി മാത്യു ടി തോമസ്. ഇതുസംബന്ധിച്ച ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ നിയമവകുപ്പിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഘുവായ ശിക്ഷകളാണ് ഇപ്പോഴുള്ളത്. എല്ലാം വലിച്ചെറിയാനുള്ള ഇടമായി നാം കണ്ടിരിക്കുന്നത് പുഴകളും ജലസ്രോതസ്സുകളാണ്. ഈ ചിന്താഗതി മാറണം. കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നദീസംരക്ഷണം ഉറപ്പുവരുത്തുന്ന തരത്തിലായിരിക്കും റിവര്‍ മാനേജ്‌മെന്റ് ഫണ്ടിന്റെ വിനിയോഗം. മുന്‍കാലങ്ങളില്‍ നദികളുടെ വശങ്ങളില്‍ ഭിത്തികള്‍ കെട്ടുന്നതിനു വേണ്ടിയാണ് ഈ ഫണ്ട് ഉപയോഗിച്ചിരുന്നത്. ഇനി ഇതിനു നിയന്ത്രണമുണ്ടാവും. കേരളം അതിരൂക്ഷമായ വരള്‍ച്ചയുടെ പടിവാതില്‍ക്കല്‍ എത്തിയിരിക്കുകയാണ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ 34 ശതമാനത്തിന്റെയും വടക്കുകിഴക്കന്‍ കാലവര്‍ഷത്തില്‍ 65 ശതമാനത്തിന്റെയും കുറവാണ് അനുഭവപ്പെട്ടത്.
ഭൂഗര്‍ഭജലത്തിന്റെ വിനിയോഗം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി 7ന് ഭൂഗര്‍ഭജലവകുപ്പിന്റെ യോഗം ചേരും. സംസ്ഥാനത്തെ കുഴല്‍ക്കിണറുകളുടെ ആകെ എണ്ണത്തിന്റെ കണക്ക് ശേഖരിക്കാനാണ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ 40,000 കുഴല്‍ക്കിണറുകള്‍ സംസ്ഥാനത്തുണ്ടെന്നാണ് ഏകദേശ കണക്ക്. വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജലലഭ്യത ഉറപ്പുവരുത്തുന്നതിനു പ്രവര്‍ത്തനരഹിതമായ പൊതുസ്ഥലങ്ങളിലെ കുഴല്‍ക്കിണറുകള്‍ സര്‍ക്കാര്‍ അറ്റകുറ്റപ്പണി നടത്തും. സ്വകാര്യ കുഴല്‍ക്കിണറുകളുടെ അറ്റകുറ്റപ്പണിക്കുള്ള സാങ്കേതിക സഹായം ജലവിഭവവകുപ്പ് നല്‍കും. ഇതുസംബന്ധിച്ച് സമഗ്രപദ്ധതി ആവിഷ്‌കരിക്കും.
അടുത്ത അഞ്ചു വര്‍ഷത്തേക്ക് വെള്ളക്കരം വര്‍ധിപ്പിക്കില്ലെന്നു പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ശുദ്ധജലമെത്തിച്ച് വരുമാനം വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. ജലം ലഭ്യമായ സ്ഥലത്തെല്ലാം ശുദ്ധജലമെത്തിക്കും. കേരളത്തില്‍ 30 ശതമാനം പേര്‍ക്കു മാത്രമാണ് ശുദ്ധീകരിച്ച ജലം ലഭിക്കുന്നതെന്നാണ് കണക്ക്.
ഈ സര്‍ക്കാരിന്റെ കാലത്ത് 100 ശതമാനം പേര്‍ക്കും ശുദ്ധജലം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക