|    Apr 21 Sat, 2018 11:36 am
FLASH NEWS

ജലസ്രോതസുകള്‍ സംരക്ഷിക്കാന്‍ കര്‍മ പരിപാടികളുമായി എസ് ഡി പിഐ

Published : 21st March 2017 | Posted By: fsq

 

കൊച്ചി: കൊടും വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമാവുന്ന സാഹചര്യത്തില്‍ നദികളും തണ്ണീര്‍തടങ്ങളും പൊതുകുളങ്ങളും സംരക്ഷിക്കാന്‍ പ്രാദേശിക സമരങ്ങളും സന്നദ്ധ സേവനവുമായി രംഗത്തിറങ്ങാന്‍ എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ‘മണ്ണ്, വായു, ജലം നമ്മുടേതാണ്’ എന്ന പ്രമേയത്തില്‍ ലോക ജലദിനമായ നാളെ മുതല്‍ പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് വരെ വിവിധ പരിപാടികള്‍ ജില്ലയില്‍ നടത്തും. നാളെ വൈകീട്ട് നാലിന് ആലുവ പെരിയാര്‍ പുഴയില്‍ പബ്ബിങ് സ്റ്റേഷന്‍ പരിസരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് കൊണ്ട് എസ് ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറയ്ക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രഫ. സീതാരാമന്‍ പങ്കെടുക്കും.
കൊടുംവരള്‍ച്ച നേരിടുന ഏപ്രില്‍, മെയ് മാസങ്ങളില്‍ ഭൂഗര്‍ഭ ജലമൂറ്റി കൊള്ളലാഭം നേടുന്ന  കുടിവെള്ളകമ്പനികള്‍ക്ക് സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന്റ ഭാഗമായി പാടശേഖരങ്ങളും ജലസ്രോതസ്സുകളും ചതുപ്പ് നിലങ്ങളും കൈയേറി നികത്തുന്നത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടയും. പൊതുകുളങ്ങളും തണ്ണീര്‍തടങ്ങളും ജനകീയമായി സംരക്ഷിക്കാന്‍ ജില്ലാ ഭരണകൂടം നടത്തുന്ന ശ്രമങ്ങളില്‍ പാര്‍ട്ടി പങ്കാളിയാവും. ജില്ലയിലെ പെരിയാറുള്‍പ്പെടെയുള്ള നദികളും തോടുകളും മാലിന്യമാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നത് പുഴകളോട് ചേര്‍ന്നുള്ള വ്യവസായ സ്ഥാപനങ്ങളാണ്. ഇത് തടയാന്‍ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ നദീസംരക്ഷണ സമിതികള്‍ക്ക് രൂപം നല്‍കും.
ജലക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങുന്നതിനൊപ്പം ജല സാക്ഷരതയെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ഭൂഗര്‍ഭ ജലം ക്രമാതീതമായി താഴ്ന്നതിനാല്‍ ജല ഉപയോഗത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്.
വേനല്‍ മഴയായി ലഭിക്കുന്ന വെള്ളം മഴക്കുഴികള്‍ സ്ഥാപിച്ച് പരമാവധി സ്വന്തം പുരയിടത്തില്‍ തന്നെ താഴ്ത്താന്‍ തയ്യാറാവണം. ജലസേചന വകുപ്പിന് കീഴില്‍ ചൊവ്വര, ആലുവ, മുപ്പത്തടം എന്നീ പമ്പിങ് സ്റ്റേഷനുകളില്‍നിന്ന് വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധ ജലമാണെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ എസ്ഡിപിഐ ഉറപ്പ് വരുത്തും. ജില്ലയില്‍ കുടിവെള്ള വിതരണവും താല്‍കാലികമായി നിര്‍മിക്കുന്ന നാനൂറ് കുടിവെള്ള സംഭരണ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനവും കാര്യക്ഷമമാക്കണമെന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി അവശ്യപെട്ടു. യോഗത്തില്‍ ജില്ല പ്രസിഡന്റ് പി പി മൊയ്തീന്‍ കുഞ്ഞ് അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss