|    Aug 21 Mon, 2017 6:34 am
FLASH NEWS

ജലസേചന സൗകര്യങ്ങളില്ല; പടിഞ്ഞാറന്‍മുറി പാടശേഖരങ്ങളില്‍ നെല്‍കൃഷി ഇല്ലാതാകുന്നു

Published : 4th August 2017 | Posted By: fsq

 

മാള: നൂറുമേനി വിളഞ്ഞിരുന്ന പൊയ്യ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറന്‍മുറി പാടശേഖരങ്ങളില്‍ ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം നെല്‍കൃഷി ഇല്ലാതാകുന്നു. ഹെക്ടറുകണക്കിന് പാടശേഖരങ്ങളുള്ള മേഖലയില്‍ മതിയായ ജലസേചന സൗകര്യങ്ങളില്ലാത്തതിനാല്‍ കര്‍ഷകര്‍ കൃഷിഉപേക്ഷിക്കുകയാണ്. പാടശേഖരങ്ങള്‍ നികത്തി  കരഭൂമിയാക്കലും തെങ്ങിന്‍തോട്ടമാക്കി രൂപാന്തരപ്പെടുത്തലും തകൃതിയായി നടക്കുന്നുണ്ട്. വെള്ളം കെട്ടി നിര്‍ത്താനും ആവശ്യാനുസരണം തുറന്ന് വിടാനുമുള്ള സൗകര്യങ്ങള്‍ മുന്‍പ്  ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ഇവ ഉപയോഗപ്പെടുത്താനോ സംരക്ഷിക്കാനോ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളില്ല. പൊയ്യ ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതല്‍ നാല് വരെ വാര്‍ഡുകളിലാണ് ഈ പാടശേഖരങ്ങള്‍ ഉള്‍പ്പെടുന്നത്. മുന്നാം വാര്‍ഡിലുള്ള മദ്‌റസ റോഡ് കുളം താണിക്കാട് കല്ലന്‍കുളം എന്നിവയില്‍ കൃഷിക്കാവശ്യമായ വെള്ളമുണ്ട്. എന്നാല്‍ ഈ ജലാശയങ്ങള്‍ വേണ്ട രീതിയില്‍ സംരക്ഷിക്കുന്നില്ല. സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ ഇവ നാശത്തിന്റെ വക്കിലാണ്. കൈയേറ്റങ്ങള്‍ മൂലം തോടുകള്‍ പലതും  ഇല്ലാതാകുകയാണ്. പാങ്കുളം, മദ്‌റസ റോഡ് കുളം എന്നിവയില്‍ നിന്ന് വെള്ളം ഒഴുക്കി മുന്നൂറ് മീറ്റര്‍ അകലെയുള്ള കല്ലന്‍കുളത്തിലെത്തിക്കാം. ഇവിടെ നിന്നും നിലവിലെ തോടുകള്‍ വഴി വെള്ളം പാടശേഖരങ്ങളലേക്കെത്തിക്കാം. ഒരു കിലോമീറ്റര്‍ ദൂരമുള്ള ഈ തോട് ചെന്ന് ചേരുന്നത് ചെന്തുരുത്തി ചാലിലാണ്. ഉപ്പ്  വെള്ളം കയറാതിരിക്കാന്‍ ഇവിടെ ബണ്ട് കെട്ടിയിട്ടുണ്ട്. പടിഞ്ഞാറന്‍മുറി പ്രദേശത്ത് തോട് വ്യാപകമായി കൈയേറിയതായി പരാതിയുണ്ട്. അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ കൃഷിയിറക്കാന്‍ ഇപ്പാഴും ഇവിടത്തെ കര്‍ഷകര്‍ തയ്യാറാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക