|    Dec 14 Fri, 2018 3:16 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജലസമൃദ്ധിയുടെ വീണ്ടെടുപ്പിനായി ‘എല്ലാവരും ജലാശയങ്ങളിലേക്ക്’

Published : 7th December 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനകീയ പുഴസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഹരിതകേരളം മിഷന്‍ നാളെ രണ്ടാംവാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കും. കാര്‍ഷികസമൃദ്ധിക്ക് അവിഭാജ്യഘടകമായ ജലസമൃദ്ധി ലക്ഷ്യമിട്ട് ‘എല്ലാവരും ജലാശയങ്ങളിലേക്ക്’ എന്ന സന്ദേശവുമായാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് പുഴ ശുചീകരണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടക്കുന്ന പരിപാടികളില്‍ മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്‌കാരിക നായകര്‍ ഉള്‍പ്പെടെ വന്‍ ജനാവലി പുഴസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ പാണ്ടിവയല്‍ തോട് പുനരുജ്ജീവനം മന്ത്രി കെ കൃഷ്ണന്‍കുട്ടിയും കല്ലടയാര്‍ ശുചീകരണം മന്ത്രി കെ രാജുവും ഉദ്ഘാടനം ചെയ്യും. പാലക്കാട് ജില്ലയിലെ മംഗലംപുഴയിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി എ കെ ബാലന്‍ നേതൃത്വം നല്‍കും. വയനാട് കബനി നദിയിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലയിലെ കക്കാട് പുഴയില്‍ കെ കെ ശൈലജ, പി കെ ശ്രീമതി എംപി എന്നിവരുടെ നേതൃത്വത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടക്കും. ഇടുക്കി ജില്ലയിലെ പെരിയാര്‍ (മരിയാപുരം) ദേവിയാര്‍പുഴയിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. ജോയ്‌സ് ജോര്‍ജ് എംപി, റോഷി അഗസ്റ്റിന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ പങ്കെടുക്കും. തിരുവനന്തപുരം ജില്ലയില്‍ വാമനപുരം നദിയിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ഡോ. എ സമ്പത്ത് എംപിയും ഡി കെ മുരളി എംഎല്‍എയും കാട്ടാക്കട വിളപ്പില്‍ശാലയില്‍ ഐ ബി സതീഷ് എംഎല്‍എയും പത്തനംതിട്ട കോഴിത്തോട് വീണാ ജോര്‍ജ് എംഎല്‍എയും കോട്ടയം മൗണ്ട്കാര്‍മല്‍ സ്‌കൂളിനു സമീപമുള്ള തോട് കോട്ടയം മുനിസിപ്പല്‍ ചെയര്‍മാനും തൃശൂര്‍ ജില്ലയിലെ ചാവക്കാട്, പെരിങ്ങാട് എന്നിവിടങ്ങളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എടത്തിരുത്തി കനോലിക്കനാല്‍ ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയും മലപ്പുറത്ത് പുഴക്കാട്ടിരി പുഴ അഹ്മദ് കബീര്‍ എംഎല്‍എയും കോഴിക്കോട് പെരുമണ്‍കടവ് തോട് വി കെ സി മമ്മദ്‌കോയ എംഎല്‍എയും കാസര്‍കോട് ചിറ്റാരിപ്പുഴ ബി കരുണാകരന്‍ എംപിയും പുഴശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഇതിനു പുറമേ കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടിപ്പുഴ, എറണാകുളം ജില്ലയിലെ ചങ്ങനാരിക്കല്‍, മലപ്പുറം ജില്ലയിലെ ചെറുപുഴ, കൊണ്ടോട്ടി, വാഴൂര്‍തോട്, കോഴിക്കോട് ജില്ലയിലെ കനോലിക്കനാല്‍, ആലപ്പുഴ ജില്ലയിലെ കരിപ്പയില്‍തോട് തുടങ്ങി വിവിധയിടങ്ങളിലും പുഴ ശുചീകരണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. ഓരോയിടത്തും നിശ്ചിത പ്രദേശങ്ങളില്‍ നിശ്ചിത ദൂരത്താണ് പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. വിവിധ പുഴകളിലും ജലാശയങ്ങളിലും നാളെയും തുടര്‍ന്നുള്ള ദിവസങ്ങളിലുമായാണു ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss