|    Oct 19 Thu, 2017 2:48 pm
FLASH NEWS

ജലസംരക്ഷണത്തിന് തീവ്രയത്‌നം; ജെന്റില്‍ വുമണ്‍ ആഗസ്തില്‍

Published : 15th July 2017 | Posted By: fsq

 

കണ്ണൂര്‍: ജില്ലയിലെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ തീവ്രയജ്ഞ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ഈമാസം 25നു ജലപാര്‍ലിമെന്റ് സംഘടിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. ജലക്ഷാമം രൂക്ഷമായി നേരിടുന്ന പഞ്ചായത്തുകളെ തിരഞ്ഞെടുത്ത് പ്രത്യേക പദ്ധതികള്‍ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി 19നു രാവിലെ 10.30ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം ചേരും. തുടര്‍ന്ന് ഓരോ പഞ്ചായത്തിലും ജലക്ഷാമമുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പ്രവര്‍ത്തനം ആരംഭിക്കും. മഴ കൂടുതല്‍ ലഭ്യമാവുന്ന ആഗസ്ത്-സെപ്തംബര്‍ മാസങ്ങളില്‍ ജലസംഭരണവും സംരക്ഷണവും കാര്യക്ഷമാക്കാനാണ് ശ്രമം. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകളിലെ ജലസ്രോതസുകളിലും തോടുകളിലും 200 മീറ്റര്‍ ഇടവിട്ട് തടയണ നിര്‍മിക്കും. തിരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, വാര്‍ഡ് അംഗങ്ങള്‍, അയല്‍ക്കൂട്ടം ഭാരവാഹികള്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ജലപാര്‍ലിമെന്റില്‍ പങ്കെടുക്കുക. മഹാരാഷ്ട്രയിലെ ഹിവറെ ബസാര്‍ പഞ്ചായത്തിന്റെ നീര്‍ത്തടാധിഷ്ഠിത വികസന പരിപാടിയുടെ അനുഭവം നമുക്കും മാതൃകയാക്കാവുന്നതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു.മറ്റെല്ലാ രംഗത്തും കേരളത്തിന്റെ നേട്ടങ്ങളുമായി ഈ പ്രദേശം താരതമ്യം ചെയ്യാന്‍ കഴിയില്ലെങ്കിലും ജലസംരക്ഷണത്തിലെ അവരുടെ പ്രവര്‍ത്തനം മാതൃകയാണ്. 200-300 മില്ലിമീറ്റര്‍ മഴ മാത്രം ലഭിച്ചിരുന്ന ഹിവറെ ബസാര്‍ പഞ്ചായത്തിന് നീര്‍ത്തടാധിഷ്ഠിത വികസന പരിപാടിയിലൂടെ ജല സ്വയംപര്യാപ്ത ഗ്രാമമായി മാറാന്‍ സാധിച്ചുവെന്നത് അതിശയിപ്പിക്കുന്ന അനുഭവമാണ്. ഇതിന്റെ പത്തിരട്ടി മഴ ശരാശരി ലഭിക്കുന്ന  കേരളത്തില്‍ ശ്രദ്ധവച്ചാല്‍ നിഷ്പ്രയാസം ജലക്ഷാമം പരിഹരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.കില സംഘടിപ്പിച്ച എക്‌സ്‌പോഷര്‍ വിസിറ്റിന്റെ ഭാഗമായി ജലസംരക്ഷണ പാഠങ്ങളുടെ സര്‍വകലാശാലയായി വിശേഷിപ്പിക്കാവുന്ന ഹിവാരെ ബസാറില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സന്ദര്‍ശനം നടത്തിയിരുന്നു.സ്ത്രീകള്‍ക്കെതിരേ നടക്കുന്ന അതിക്രമങ്ങള്‍ തടയാനായി ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ജെന്റില്‍ വുമണ്‍ പദ്ധതി ആഗസ്തില്‍ ആരംഭിക്കുമെന്ന് കെ വി സുമേഷ് അറിയിച്ചു. സ്ത്രീകള്‍ക്കെതിരേയുള്ളഅതിക്രമങ്ങളെക്കുറിച്ച് കേരളം ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന ഇക്കാലത്ത് സമൂഹത്തില്‍ സ്ത്രീകളും പുരുഷന്‍മാരും തുല്യരാണെന്ന സന്ദേശം പ്രചരിപ്പിച്ചാണ് പദ്ധതിയുടെ ഭാഗമായുള്ള കാംപയിന്‍ സംഘടിപ്പിക്കുക. ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ക്ലാസുകളും പരിശീലന പരിപാടികളും നടത്തും. പാല്‍ സ്വയംപര്യാപ്തമാക്കുന്നതിനായി ക്ഷീരമേഖലയ്ക്ക് ഒരുകോടി രൂപ നല്‍കി. ആര്‍ദ്രം മിഷന്റെ ഭാഗമായുള്ള ഇ ഹെല്‍ത്ത് പദ്ധതിയില്‍ രജിസ്‌ട്രേഷന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് പരിശീലനം തുടങ്ങിയതായി ഡെപ്യൂട്ടി ഡിഎംഒ ഡോ. മനോജ് അറിയിച്ചു. ആധാര്‍ അടിസ്ഥാനമാക്കിയാണ് ജനങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക. വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി കെ സുരേഷ്ബാബു, കെ പി ജയബാലന്‍, ടി ടി റംല, കെ ശോഭ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക