|    Nov 22 Wed, 2017 4:41 am
FLASH NEWS

ജലശ്രോതസ്സുകള്‍ മലിനമാകുന്നു ; അലുമിനിയം കമ്പനി പൂട്ടണം എന്നാവശ്യപ്പെട്ട് ഉപരോധം

Published : 12th August 2017 | Posted By: fsq

 

ചാലക്കുടി: ജലശ്രോതസ്സുകള്‍ മലിനമാകുന്നതിന് കാരണമായ പോട്ട ആശ്രമത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ലോര്‍ഡ് കൃഷ്ണ അലുമിനിയം കമ്പനി അടച്ചുപൂട്ടണമെന്നാവശ്യവുമായി പ്രദേശവാസികള്‍ നഗരസഭ ചെയര്‍പേഴ്‌സന്റെ ചേമ്പറിന് മുന്നില്‍ ഉപരോധ സമരം നടത്തി.കാക്കനാട് ലാബില്‍ നടത്തിയ പരിശോധനയില്‍ ഇവിടത്തെ കിണറുകളിലെ വെള്ളത്തില്‍ ആസിഡ് അടക്കമുള്ള മാരകമായ വിഷാംശമുണ്ടെന്ന് തെളിഞ്ഞിട്ടും കമ്പനിക്ക് നഗരസഭ ലൈസന്‍സ് നല്‍കിയതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സമരക്കാര്‍ ആരോപിച്ചു. മുദ്രാവാക്യം വിളികളുമായി പ്രവര്‍ത്തകര്‍ രാവിലെ 11ഓടെയാണ് ചേമ്പറിന് മുന്നിലെത്തിയത്. തുടര്‍ന്ന് സമരസമിതി നേതാക്കളുമായി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍ എന്നിവര്‍ ചര്‍ച്ച നടത്തി. കമ്പനി അടച്ച് പൂട്ടണമെന്നും നഗരസഭ പ്രദേശവാസികള്‍ക്കായി ഇപ്പോള്‍ വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ മാലിന്യങ്ങളുണ്ടെന്നും സമരക്കാര്‍ ആരോപിച്ചു. സമരക്കാര്‍ ആവശ്യപ്പെടുന്ന ജലശ്രോതസ്സില്‍ നിന്നും അടുത്ത ദിവസം മുതല്‍ കുടിവെള്ളമെത്തിക്കാന്‍ നടപടിയെടുക്കാമെന്നും എന്നാല്‍ കമ്പനി അടച്ച് പൂട്ടാന്‍ നിയമപരമായി നഗരസഭക്ക് ആകില്ലെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. എന്നാല്‍ കമ്പനി അടച്ച് പൂട്ടണമെന്ന ആവശ്യത്തില്‍ സമരക്കാര്‍ ഉറച്ച് നിന്നു. ചെയര്‍പേഴ്‌സന്റെ ചേമ്പറിന് മുന്നിലെ സമരം അവസാനിപ്പിക്കണമെന്ന ചയര്‍പേഴ്‌സന്റെ ആവശ്യവും സമരക്കാര്‍ നിരാകരിച്ചു. ചെയര്‍പേഴ്‌സണ്‍ അറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടി എസ്‌ഐ ജയേഷ് ബാലന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി സമരക്കാരെ പരിച്ച് വിട്ടതോടെയാണ് പ്രശ്‌നത്തിന് അയവ് വന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക