|    Dec 15 Fri, 2017 12:28 am
FLASH NEWS

ജലശുദ്ധീകരണശാലയില്‍ ക്ലോറിന്‍ ചോര്‍ന്നു

Published : 24th November 2016 | Posted By: SMR

മഞ്ചേരി: ജല അതോറിറ്റിയുടെ ആനക്കയം ജലശുദ്ധീകരണ പ്ലാന്റില്‍ ക്ലോറിന്‍ വാതകം ചോര്‍ന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയാണു നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ വാതക ചോര്‍ച്ചയുണ്ടായത്. ജല ശുദ്ധീകരിക്കാനുപയോഗിക്കുന്ന ക്ലോറിന്‍ ടാങ്കിന്റെ പ്രധാന പൈപ്പിലാണു ചോര്‍ച്ചയുണ്ടായത്. ഉടനെ പ്ലാന്റിലെ ജീവനക്കാര്‍ പുറത്തേക്ക് ഓടുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാരും വിവരമറിയുന്നത്. ഇതോടെ സമീപത്തെ താമസക്കാര്‍ പരിഭ്രാന്തരായി. പലര്‍ക്കും നേരിയ ശ്വാസതടസ്സം അനുഭവപ്പെട്ടു. പ്രായമുള്ളവരെ ഉടന്‍ സ്ഥലത്ത് നിന്നു മാറ്റി. പത്തോളം കുടുംബങ്ങളാണ് ഈ ഭാഗത്ത് താമസിക്കുന്നത്. പ്ലാന്റിലെ ജീവനക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ മഞ്ചേരി അഗ്നിശമന ജീവനക്കാര്‍ അരമണിക്കൂര്‍ നേരത്തെ പ്രയത്‌നത്തിനു ശേഷമാണ് അപകടാവസ്ഥ ഒഴിവാക്കിയത്. ശക്തമായ ചോര്‍ച്ച കാരണം അഗ്നി ശമന ജീവനക്കാര്‍ക്ക് അടുക്കാനായില്ല. തുടര്‍ന്ന് ഓക്‌സിജന്‍ സിലിണ്ടര്‍ ഘടിപ്പിച്ച  മാസ്‌ക്ക് ഉപയോഗിച്ച് വാല്‍വ് അടച്ചതോടെയാണ് നാട്ടുകാര്‍ക്ക് ആശ്വാസമായത്. അപ്പോഴേക്കും വാതകം പരിസരത്ത് വ്യാപിച്ചിരുന്നുവെങ്കിലും അപകടാവസ്ഥ മാറിയിരുന്നു. പൈപ്പിലെ ശക്തമായ പ്രഷറിനെ തുടര്‍ന്ന് ക്ലോറിന്‍ സിലിണ്ടര്‍ ടെസ്റ്റിങ് ട്യൂബ് പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ഇതിനിടെ രക്ഷാ പ്രവര്‍ത്തനത്തിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട ഫയര്‍മാന്‍മാരായ കെ മുഹമ്മദ് കുട്ടി, സി നിവീന്‍ എന്നിവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പകല്‍സമയമായതും ഫയര്‍ഫോഴ്‌സിന്റെ പെട്ടെന്നുള്ള ഇടപെടലുമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. മലപ്പുറം പ്ലാന്റിലും സമാന രീതിയില്‍ ക്ലോറിന്‍ ചോര്‍ച്ചയുണ്ടായിരുന്നു. ടിസിസി(ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ്) ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ പിടി ഉമ്മറിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ ഇ എം അബ്ദുറഫീഖ്, സനീഷ് പി ചെറിയാന്‍ എന്നിവരും രക്ഷാ പ്രവര്‍ത്തം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക