|    Oct 24 Wed, 2018 4:50 am
FLASH NEWS

ജലവൈദ്യുത പദ്ധതിയുമായി കോര്‍പറേഷന്‍; ഇന്ന് കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച

Published : 16th September 2017 | Posted By: fsq

 

തൃശൂര്‍: തൃശൂര്‍ കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം ജലവൈദ്യുതി ഉല്‍പാദനരംഗത്തിറങ്ങുന്നു. ഇന്ന് ഉച്ചയ്ക്ക് 2 ന് ചേരുന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച് നടക്കുന്ന ചര്‍ച്ചയില്‍ കൗണ്‍സിലര്‍മാരും വിദഗ്ദരും പങ്കെടുക്കും. മൊത്തം 20 മെഗാ വാട്ടിന്റെ നാല് ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ ഏറ്റെടുക്കാനാണ് പരിപാടി. 180 കോടി രൂപയാണ് ചിലവ്. പദ്ധതി തയ്യാറാക്കിയതല്ലാതെ അതിന്റെ ആവശ്യകതയും സാമ്പത്തിക ബാധ്യതകളും സംബന്ധിച്ചും ബദല്‍ സാദ്ധ്യതകളെ വേണ്ടത്ര പഠനം നടത്താതെയാണ് ചര്‍ച്ച. ഇത്രയും ഭീമമായ ചിലവ് വരുന്ന പദ്ധതി ഏറ്റെടുക്കുന്നതിന് കൗണ്‍സിലര്‍മാരെ ബോധ്യപ്പെടുത്താനാണ് ചര്‍ച്ചയെന്ന യോഗം സംബന്ധിച്ച് അറിയിപ്പില്‍ പറയുന്നു. വൈദ്യുതി വിതരണം നടത്തുന്ന ലൈസന്‍സികള്‍ അവരുടെ ആവശ്യത്തിന്റെ 4.5 ശതമാനം വൈദ്യുതി പാരമ്പര്യേതര സംവിധാനങ്ങളില്‍ ഉല്‍പാദിപ്പിക്കണമെന്ന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവനുസരിച്ചാണ് ജലവൈദ്യുതി പദ്ധതികള്‍ ഏറ്റെടുക്കുന്നത്. കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗം സമര്‍പ്പിച്ച നാല് പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. ഔദ്യോഗികാനുമതിക്കായി ഒരു മെഗാ വാട്ടിന് 15 ലക്ഷം രൂപവെച്ച് 3.75 കോടി രൂപ അടിയന്തിരമായി കോര്‍പ്പറേഷന്‍ സര്‍ക്കാരില്‍ കെട്ടിവെക്കേണ്ടതുണ്ട്. അതിന് പുറമെയാണ് പദ്ധതി നടപ്പാക്കാനുള്ള ചിലവ്. ഇലക്ട്രിസിറ്റി ബോര്‍ഡിന് പോലും ജല വൈദ്യുതി പദ്ധതികള്‍ ഏറ്റെടുക്കാനാകാത്ത വിധം പ്രാദേശിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ നഗരത്തിന് പുറത്ത് പദ്ധതികള്‍ ഏറ്റെടുക്കുന്നതിനെ തിരായുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ കോര്‍പ്പറേഷന്‍ കണക്കിലെടുത്തിട്ടില്ല. 180 കോടിയുടെ പദ്ധതി ചിലവിന് പുറമെ നടത്തിപ്പിന് വന്‍സാമ്പത്തിക ബാധ്യതയാണ് കോര്‍പ്പറേഷനുണ്ടാക്കുക. നാലു പദ്ധതി പ്രദേശത്തും കോര്‍പ്പറേഷന്‍ പദ്ധതിക്കാവശ്യമായ സ്ഥലം അക്വയര്‍ ചെയ്തടുക്കണം. അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണം. ഒരു അസി.എഞ്ചിനീയറുടെ നേതൃത്വത്തില്‍ പരിപാലന ഉദ്യോഗസ്ഥ സംവിധാനങ്ങളും അവര്‍ക്കെല്ലാം താമസസൗകര്യങ്ങളും ഒരുക്കണം. പീച്ചിയില്‍ പോലെ ബോര്‍ഡ് നടപ്പാക്കിയ ചെറുകിട പദ്ധതികള്‍ പ്രതീക്ഷിച്ചപോലെ ഉല്‍പാദനം നടക്കാതെ നഷ്ടത്തില്‍ കൂപ്പുകുത്തുമ്പോള്‍ കോര്‍പ്പറേഷന്‍ വന്‍ ബാധ്യതയായിരിക്കും ഏറ്റെടുക്കുന്നത്.കോര്‍പ്പറേഷന്റെ നിലവിലെ ആവശ്യം 36 മെഗാവാട്ട് മാത്രമായിരിക്കേ 20 മേഗാവാട്ടിന്റെ പദ്ധതി ഏറ്റെടുക്കുന്നത് തന്നെ അനാവശ്യമാണ്. റഗുലേറ്ററി കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് 1.8 മെഗാവാട്ട് മാത്രം കോര്‍പ്പറേഷന്‍ ഉല്‍പ്പാദിപ്പിച്ചാല്‍ മതിയാകും. അതു ജലവൈദ്യുതി പദ്ധതി തന്നെ വേണമെന്നില്ല. സോളാര്‍, കാറ്റ്, തിരമാല തുടങ്ങി വിവിധ മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്താം. ഏറ്റവുംകുറഞ്ഞ മുതല്‍മുടക്കില്‍ പരിപാലന ചിലവില്ലാത്ത മാര്‍ഗ്ഗം സോളാര്‍ ആണ്. കോര്‍പ്പറേഷന്‍ ജയ്ഹിന്ദ്  മാര്‍ക്കറ്റിനു മുകളില്‍ ഇയ്യിടെ സ്ഥാപിച്ച 20 കെ.വി.സോളാര്‍ പ്ലാന്റിന്റെ ചിലവ് 2 കോടി മാത്രമാണ്. ബാക്കി 1.6 മെഗാവാട്ട് ഉല്‍പാദിപ്പിക്കണമെങ്കില്‍ 16 കോടി രൂപ മാത്രം ചിലവാക്കിയാല്‍ മതിയാകും. 25 വര്‍ഷത്തേക്ക് പരിപാലനചിലവുമില്ല. ഒരു ജീവനക്കാരനേയും നിയമിക്കേണ്ടതുമില്ല. ഇലക്ട്രിസിറ്റി ബോര്‍ഡ് പോലും ജലവൈദ്യുതി പദ്ധതി വിട്ട് സോളാര്‍ മാര്‍ഗ്ഗത്തിലാണിപ്പോള്‍. സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം ഉല്‍പാദിപ്പിക്കുന്ന സോളാര്‍ പദ്ധതികള്‍ വൈദ്യുതി ബോര്‍ഡിന്റെ പദ്ധതിയിലാക്കി കണക്കാക്കിയാണിപ്പോള്‍ റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പാലിക്കുന്നത്. ആ മാര്‍ഗ്ഗം കോര്‍പ്പറേഷനും സ്വീകരിക്കാം. കോര്‍പ്പറേഷന്‍ ജനകീയാസൂത്രണപദ്ധതിയില്‍പെടുത്തി 10-15 ശതമാനം അധിക  സബ്‌സിഡി പദ്ധതികൂടി നടപ്പാക്കിയാല്‍ കോര്‍പ്പറേഷനാവശ്യമായ 4.5 ശതമാനം അധിക ബാധ്യതയുടെ പല മടങ്ങ് വൈദ്യുതി ഒരണ ചിലവാക്കാതെ ഏതാനും മാസംകൊണ്ട് സാധ്യമാക്കാനുകും. എന്നാല്‍ ജയ്ഹിന്ദ് മാര്‍ക്കറ്റ് കെട്ടിടത്തിന് മുകളില്‍ യു.ഡി.എഫ് ഭരണകാലത്ത് ഏറ്റെടുത്ത ഒരു പദ്ധതി നടപ്പാക്കിയതല്ലാതെ പുതുയൊരു പദ്ധതിയോ ഗുണഭോക്താക്കളുടെ പങ്കാളിത്തത്തോടെയുള്ള ബദല്‍ മാര്‍ഗ്ഗങ്ങളോ ഏറ്റെടുക്കാന്‍ കോര്‍പ്പറേഷന്‍ തയ്യാറായിട്ടില്ല. വന്‍ മുതല്‍മുടക്കും സാമ്പത്തിക ബാധ്യതകളും വരുത്തിവെക്കുന്നതും ജീവനക്കാര്‍ക്ക് മാത്രം ഗുണകരമായതുമായ പദ്ധതികള്‍ക്ക് പിന്നാലെയാണ് കോര്‍പ്പറേഷന്‍ നേതൃത്വം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss