|    Jan 20 Fri, 2017 3:22 pm
FLASH NEWS

ജലവിതരണ പൈപ്പ് വീണ്ടും പൊട്ടി; കുടിവെള്ളം മുടങ്ങി

Published : 28th July 2016 | Posted By: SMR

ചാലക്കുടി: വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് വീണ്ടും പൊട്ടി കുടിവെള്ളം മുടങ്ങി. ഇതോടെ പ്രദേശത്ത് കുടിവെള്ളം നിലക്കുന്നത് തുടര്‍ക്കഥയാവുകയാണ്.  കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപം പൊട്ടിയ പൈപ്പിന്റെ കേടുപാടുകള്‍ തീര്‍ക്കുന്ന പ്രവര്‍ത്തികള്‍ ഇപ്പോഴും തുടരുകയാണ്. മഴവെള്ളം കെട്ടികിടക്കുന്നതിനാല്‍ പൊട്ടിയ പൈപ്പിന്റെ കേടുപാടുകള്‍ നേരയാക്കുന്ന പ്രവര്‍ത്തികള്‍ക്ക് തടസ്സമാവുകയാണ്.
കഴിഞ്ഞാഴ്ച വിവിധ സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ആറ് ദിവസം കുടിവെള്ള വിതരണം നിലച്ചിരുന്നു. ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ചാണ് പ്രദേശവാസികള്‍ക്ക് കുടിവെള്ളമെത്തിച്ചിരുന്നത്. ഈ പൈപ്പ് തന്നെയാണ് ഇപ്പോഴും തകരാറിലായിരിക്കുന്നത്.  ജലവിതരണം മുടങ്ങിയതോടെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്ന നൂറു കണക്കിന് വീട്ടുകാരാണ് ദുരിതത്തിലായിരിക്കുന്നത്.
കെ കെ റോഡില്‍ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പ് ജലവിതരണം നിലച്ചു. തുടര്‍ന്ന് രാത്രിയോടെ കേടുപാടികള്‍ തീര്‍ത്തെങ്കിലും പിറ്റേന്ന് അതോറിറ്റിയുടെ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോര്‍ കത്തിയതിനെ തുടര്‍ന്ന് വീണ്ടും കുടിവെള്ള വിതരണം നിര്‍ത്തി വച്ചു. അടുത്ത ദിവസം പുതിയൊരു മോട്ടോര്‍ വച്ച് ജലവിതരണ പുനസ്ഥാപിച്ചെങ്കിലും കെഎസ്ആര്‍ടിസി കനാല്‍ റോഡിന് സമീപം വീണ്ടും പൈപ്പ് പൊട്ടിയതോടെ ജലവിതരണം വീണ്ടും അവതാളത്തിലായി.
അടുത്ത ദിവസം തന്നെ ഇതിന്റെ തകരാര്‍ തീര്‍ത്തു. എന്നാല്‍ പ്രധാന പൈപ്പിലെവിടേയോ ബ്ലോക്ക് രൂപപ്പെട്ടതിനാല്‍ പിറ്റേന്നും കുടിവെള്ളം വിതരണം ഉണ്ടായില്ല. തുടര്‍ന്ന് പ്രശ്‌നം പരിഹരിക്കപ്പെട്ടെങ്കിലും കെഎസ്ആര്‍ടിസി റോഡിലെ പ്രധാന പൈപ്പ് വീണ്ടും പൊട്ടി. ഇതിന്റെ കേടുപാടുകള്‍ പരിഹരിച്ച് ഒരാഴ്ച പിന്നിടും മുമ്പേ ഇപ്പോള്‍ വീണ്ടും പൈപ്പ് പൊട്ടിയിരിക്കുകയാണ്. കാലപഴക്കത്തെ തുടര്‍ന്ന് ജലവിതരണ പൈപ്പുകള്‍ ജീര്‍ണിച്ചതാണ് പൈപ്പുകള്‍ തുടര്‍ച്ചയായി തകരാറിലാകാന്‍ കാരണമാകുന്നതെന്നാണ് അതോറിറ്റി അധികൃതരുടെ വിശദീകരണം.
പൈപ്പുകള്‍ മാറ്റുകയല്ലാതെ ഇതിനൊരു പരിഹാരമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പൈപ്പുകള്‍ മാറ്റണമെന്ന് പറയുന്നതല്ലാതെ മാറ്റി സ്ഥാപിക്കാന്‍ വേണ്ട നടപടികളൊന്നും എടുക്കുന്നുമില്ല. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഈ പ്രദേശങ്ങളില്‍ കുടിവെള്ള വിതരണ നിലക്കുന്ന പതിവുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തത് നൂറ് കണക്കിന് കുടുംബങ്ങളെയാണ് ദുരിതത്തിലാക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക