|    Jun 18 Mon, 2018 3:47 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ജലവിതരണത്തിന് കടുത്ത നിയന്ത്രണങ്ങള്‍; മഹാരാഷ്ട്രയില്‍ ജലം വില്ലനും നായകനുമാവുന്നു

Published : 26th April 2016 | Posted By: SMR

മുഹമ്മദ് പടന്ന

മുംബൈ: മഹാരാഷ്ട്രയില്‍ ഇപ്പോള്‍ കുടിവെള്ളമാണ് താരം. മുന്‍ വര്‍ഷങ്ങളിലെല്ലാം ഇവിടെ വരള്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും ഈ വേനലില്‍ ജലക്ഷാമം വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന തരത്തിലേക്കാണ് എത്തിയിട്ടുള്ളത്. രാജ്യത്തെ കൃഷിഭൂമിയില്‍ നല്ലൊരു പങ്ക് മഹാരാഷ്ട്രയിലാണ് എന്നത് ഇവിടുത്തെ വരള്‍ച്ച രാജ്യത്തെ ധാന്യശേഖരത്തെ ബാധിക്കുന്നതിനു കാരണമാവും.
കര്‍ഷക ആത്മഹത്യക്കു കുപ്രസിദ്ധിയാര്‍ജിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇത്തവണയുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും അവയൊന്നും വിജയിക്കാത്ത അവസ്ഥയാണ്. ജനിച്ചുവളര്‍ന്ന വീടും ഏക്കര്‍കണക്കിനു ഭൂമിയുമെല്ലാം ഉപേക്ഷിച്ച് ആയിരക്കണക്കിനു മനുഷ്യരാണ് സംസ്ഥാനത്തെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നു പലായനം ചെയ്യുന്നത്. ഏറെ ഭൂമിയുള്ള പലരും മുംബൈ തെരുവോരത്ത് മരച്ചുവടുകളില്‍ താമസിക്കുന്നു.
വെള്ളവുമായി സര്‍ക്കാരുകള്‍ തീവണ്ടികള്‍ അയച്ചെങ്കിലും അതൊന്നും പരിഹാരമാവുകയില്ലെന്ന് ലാത്തൂര്‍, ബീഡ്, മറാത്ത് വാഡ തുടങ്ങിയ ഇടങ്ങളിലെ അവസ്ഥ സൂചിപ്പിക്കുന്നു. മേഖലയിലുള്ള ജലസംഭരണികളില്‍ തുള്ളി പോലും വെള്ളമില്ല. ലാത്തൂര്‍ മേഖലയില്‍ വെള്ളവുമായി ബന്ധപ്പെട്ട് നിരവധി അക്രമങ്ങള്‍ നടന്നു. ചിലയിടത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തേണ്ടിവന്നു.
വളര്‍ത്തുമൃഗങ്ങളടക്കം നിരവധി കുന്നുകാലികള്‍ ദിവസവും ചത്തൊടുങ്ങുകയാണ്. നിരവധി മനുഷ്യരും മരണപ്പെട്ടു. ജലത്തിന്റെ വിലയെന്തെന്ന് മുംബൈ അടക്കമുള്ള നഗരങ്ങള്‍ അറിഞ്ഞുതുടങ്ങി. ഭക്ഷണത്തിനു മുമ്പ് ഹോട്ടലുകളില്‍ ഏവര്‍ക്കും നല്‍കിയിരുന്ന കുടിവെള്ളം ഇപ്പോള്‍ ആവശ്യക്കാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തി.
ജലക്ഷാമം മൂലം അടുത്തവര്‍ഷം മുതല്‍ ഐപിഎല്‍ വിദേശത്തേക്കു മാറ്റുമെന്നാണു സൂചന. ജലവുമായി ബന്ധപ്പെട്ട വന്‍ അഴിമതിക്കഥകളും ഈ കാലയളവില്‍ പുറത്തുവന്നു. ടാങ്കര്‍ മാഫിയകളും സര്‍ക്കാരുദ്യോഗസ്ഥരും ചേര്‍ന്ന് കോടികളുടെ വെട്ടിപ്പാണു നടത്തുന്നത്. നഗരത്തില്‍ മാത്രം ജലവിതരണത്തിന് ഏര്‍പ്പെടുത്തിയത് കടുത്ത നിയന്ത്രണങ്ങളാണ്. വ്യവസായശാലകള്‍ക്ക് ഇനി മലിനജലം ശുദ്ധീകരിച്ചുകൊടുത്താല്‍ മതിയെന്നാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഏറ്റവും പുതിയ നിര്‍ദേശം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss