|    Aug 19 Sat, 2017 3:19 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ജലലഭ്യതയില്‍ വിവേചനം നേരിട്ട് ഫലസ്തീനികള്‍

Published : 12th August 2017 | Posted By: fsq

 

ജറുസലേം: വെസ്റ്റ്ബാങ്ക് മേഖലയില്‍ വേനല്‍ക്കാലം കടുക്കുന്നതിനിടെ ഫലസ്തീന്‍ കുടുംബങ്ങള്‍ ജലക്ഷാമം നേരിടുന്നു. എന്നാല്‍ തൊട്ടടുത്തുള്ള ജൂത കുടിയേറ്റ കേന്ദ്രങ്ങളില്‍ കഴിയുന്നവര്‍ക്ക് വെള്ളം സുലഭമായി ലഭിക്കുകയും ചെയ്യുന്നു. വെസ്റ്റ്ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാര്‍ക്ക് ഫലസ്തീന്‍കാരെക്കാള്‍ 10 മടങ്ങ് വെള്ളം ശരാശരി ലഭിക്കുന്നതായി ഫലസ്തീന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.നിലവില്‍ വെസ്റ്റ്ബാങ്കിലെ ഫലസ്തീനികള്‍ക്ക് ഒരാള്‍ക്ക് 70 ലിറ്റര്‍ എന്ന നിലയിലാണ് പ്രതിദിന ജലലഭ്യതയെന്ന് ഫലസ്തീന്‍ ഹൈഡ്രോളജി ഗ്രൂപ്പ് ഉദ്യോഗസ്ഥന്‍ അബ്ദുല്‍ റഹ്മാന്‍ താമിനി അറിയിച്ചു. ഇസ്രായേലില്‍ ഇത് 300 ലിറ്ററാണ്. അതേസമയം വെസ്റ്റ്ബാങ്കിലെ ഇസ്രായേല്‍ കുടിയേറ്റക്കാര്‍ക്കിടയില്‍ ഒരാളുടെ പ്രതിദിന ജല ഉപഭോഗം 800 ലിറ്ററാണെന്നും താമിനി അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ പ്രകാരം ചുരുങ്ങിയത് 100 മുതല്‍ 120വരെ ലിറ്റര്‍ ജലമാണ് ഒരാള്‍ക്കു പ്രതിദിനം ലഭ്യമാവേണ്ടത്. 1993ലെ ഓസ്‌ലോ കരാറില്‍ വെസ്റ്റ് ബാങ്കില്‍ 11 കോടി ക്യൂബിക് മീറ്ററോളം ജലം പ്രതിവര്‍ഷം ലഭ്യമാവേണ്ടതെന്ന്് വ്യവസ്ഥചെയ്യുന്നു. എന്നാല്‍ ജനസംഖ്യയിലുള്ള വര്‍ധനവിനനുസരിച്ച് 2000ത്തില്‍ ഇത് 20 കോടി ക്യൂബിക് മീറ്ററായി പുതുക്കി നിശ്ചയിച്ചു. എന്നാല്‍ ഇത് പ്രകാരം ജലലഭ്യത ഉറപ്പാക്കുന്നതിന് ഇസ്രായേലിന്റെ നിയന്ത്രണങ്ങള്‍ തടസ്സമായി. ജലം കൊണ്ടുപോവുന്ന ട്രക്കുകള്‍ക്ക് ക്യൂബിക് മീറ്ററിന് 0.25 ഡോളര്‍ എന്ന നിരക്കില്‍ ഫലസ്തീന്‍ ജല അതോറിറ്റിയില്‍ നിന്ന് ഇസ്രായേല്‍ പണം ഈടാക്കുന്നതായി സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.  വെസ്റ്റ്ബാങ്ക് പ്രദേശങ്ങളിലെ ഇസ്രായേല്‍ അധിനിവേശം കാരണം ഫലസ്തീന്‍ സര്‍ക്കാരിന്റെ ജലസ്രോതസ്സുകള്‍ ഉപയോഗിക്കാന്‍ പറ്റാത്തതു പ്രതിസന്ധിക്കു കാരണമാവുന്നു. വെള്ളം ലഭിക്കുന്നതിനായി കൂടുതല്‍ പണം ചെലവാക്കേണ്ട അവസ്ഥയ്ക്ക് ഇസ്രായേല്‍ അധിനിവേശം കാരണമായതായി ഹെബ്രോണിനു സമീപമുള്ള അറബ് അല്‍ റംദിന്‍ പ്രാദേശിക ഭരണസമിതി അംഗം അഹ്മദ് സഗാര്‍നെഹ് പറഞ്ഞു. ഹെബ്രോണടക്കമുള്ള പ്രദേശങ്ങളില്‍ ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ ആശ്രയിക്കുന്നതിന് ഫലസ്തീന്‍കാര്‍ക്ക് ഇസ്രായേല്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക