|    Nov 21 Wed, 2018 5:18 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ജലന്ധര്‍ ബിഷപ് ഹൗസിന് മുന്നില്‍ നാടകീയ രംഗങ്ങള്‍

Published : 14th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യുന്നതുമായി ബന്ധപ്പെട്ട് ജലന്ധര്‍ ബിഷപ് ഹൗസിനു മുന്നില്‍ നാടകീയ രംഗങ്ങള്‍. ഇന്നലെ വൈകീട്ട് 3.15നാണ് വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗസംഘം ജലന്ധറിലെ ബിഷപ് ഹൗസിലെത്തിയത്.
ബിഷപ്പിനെ ചോദ്യംചെയ്തുവരുകയാണെന്നായിരുന്നു ഉന്നത പോലിസ് വൃത്തങ്ങള്‍ അറിയിച്ചത്. എന്നാല്‍, മണിക്കൂറുകള്‍ക്കു ശേഷമാണ് ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ബിഷപ് ഹൗസിലില്ലെന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഫ്രാങ്കോ മുളയ്ക്കല്‍ ചണ്ഡീഗഡിലേക്ക് മുങ്ങിയെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, മൂന്നു മണിക്കൂറിനു ശേഷം ആരോപണവിധേയനായ ബിഷപ് കാറില്‍ സ്ഥലത്തെത്തി. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ബിഷപ് ഹൗസിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈയേറ്റം നടത്തിയത്. കാമറാമാന്‍മാരെ ഗേറ്റിനുള്ളില്‍ പൂട്ടിയിടുകയും ചെയ്തു. അതിനിടെ, ഏഷ്യാനെറ്റ് ന്യൂസിന്റെ കാമറ തകര്‍ത്തതായും പരാതിയുണ്ട്.
ബിഷപ്പിനെതിരേ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് ചോദ്യംചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ അന്വേഷണസംഘത്തിന് തീരുമാനമെടുക്കാമെന്നു കേരള ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. ബിഷപ്പിന്റെ സഹായികളായ രണ്ടു വൈദികരുടെ മൊഴി പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, ബിഷപ്പിനെ ചോദ്യംചെയ്യുന്നതില്‍ അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചകളുണ്ടായിട്ടുണ്ടെന്ന ആക്ഷേപം ശക്തമാണ്. അന്വേഷണസംഘം രണ്ടാഴ്ച മുമ്പ് ഡല്‍ഹിക്ക് തിരിച്ചിട്ടും ചോദ്യംചെയ്യല്‍ നീട്ടിവയ്ക്കുകയായിരുന്നു. ജലന്ധര്‍ ബിഷപ് ഹൗസിലെത്തിയിട്ടും ബിഷപ് വരുന്നതുവരെ സംഘത്തിന് മൂന്നര മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നു. ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട് ബിഷപ് ഹൗസിനു മുന്നില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss