|    Sep 21 Fri, 2018 7:24 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജലന്ധര്‍ ബിഷപ്പിന് എതിരായ പരാതി അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി

Published : 14th August 2018 | Posted By: kasim kzm

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിന് എതിരേ നടക്കുന്ന അന്വേഷണം ശരിയായ ദിശയിലാണെന്നു ഹൈക്കോടതി. ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നും കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നും സാക്ഷികള്‍ക്കു സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ടു കേരള കാത്തലിക് ചര്‍ച്ച് റിഫോര്‍മേഷന്‍ മൂവ്‌മെന്റ് നല്‍കിയ ഹരജി തള്ളിയാണു കോടതി നിരീക്ഷണം.
ഒരു കേസിലെ പ്രതിയെ എപ്പോള്‍ അറസ്റ്റ് ചെയ്യണമെന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അധികാരമാണെന്നും മേലുദ്യോഗസ്ഥരുടെ അനുമതി ഇതിന് തേടേണ്ടതില്ലെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കേസ് അന്വേഷണം നല്ല രീതിയിലാണു നടക്കുന്നതെന്നാണു വ്യക്തമാവുന്നത്. ഈ കേസിലെ അന്വേഷണത്തില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല. ഈ കോടതിക്കു ഒരാളെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കാനാവില്ല. പഞ്ചാബ് പോലിസിന്റെ സഹായത്തോടെ പ്രതിയെ ചോദ്യംചെയ്യാന്‍ പോവുകയാണെന്നാണു പ്രോസിക്യൂഷന്‍ പറയുന്നത്. ചോദ്യംചെയ്യലിനു ശേഷം മാത്രമേ പ്രതിയെ അറസ്റ്റ് ചെയ്യണമോ എന്ന കാര്യം തീരുമാനിക്കാനാവൂ.
പരാതിയില്‍ എന്തു നടപടിയെടുത്തുവെന്നു പൊതുജനങ്ങള്‍ക്ക് അറിയില്ലെന്നാണു ഹരജിക്കാര്‍ പറയുന്നത്. അന്വേഷണത്തില്‍ രഹസ്യസ്വഭാവം സൂക്ഷിക്കുന്നത് നല്ലതാണെന്നാണു കോടതിയുടെ നിലപാട്. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് അന്വേഷണത്തെ കുറ്റം പറയാനാവില്ല. ചോദ്യംചെയ്തതിനു ശേഷം മാത്രമേ അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ. പോലിസിന്റെ ഭാഗത്ത് ഇക്കാര്യത്തില്‍ അലംഭാവമില്ല. കേസിലെ ഒരു സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനു പോലിസ് കേസെടുത്തിട്ടുണ്ട്. മറ്റു സാക്ഷികളൊന്നും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതി നല്‍കിയിട്ടില്ല.
പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരേ അപവാദം പ്രചരിപ്പിക്കുന്നുവെന്നു ഹരജിക്കാര്‍ പറയുന്നു. അതിനാല്‍ കര്‍ദിനല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോ, അദ്ദേഹത്തിന് കീഴിലുള്ള മറ്റേതെങ്കിലും പള്ളിയോ പരാതിക്കാരിയെ സമ്മര്‍ദ്ദപ്പെടുത്തുന്നതോ മുറിവേ ല്‍പ്പിക്കുന്നതോ ആയ ഒന്നും പ്രചരിപ്പിക്കരുത്. അങ്ങനെയുണ്ടായാ ല്‍ പോലിസ് അടിയന്തര നടപടി സ്വീകരിക്കണം. പോലിസ് അന്വേഷണം തൃപ്തികരമല്ലെന്നു തോന്നുകയാണെങ്കില്‍ ഹരജിക്കാര്‍ക്കു വീണ്ടും സമീപിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss