|    Nov 21 Wed, 2018 6:15 pm
FLASH NEWS
Home   >  Kerala   >  

ചോദ്യം ചെയ്യല്‍ പ്രഹസനം, ബിഷപ്പ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെ നേരെ കയ്യേറ്റം

Published : 13th August 2018 | Posted By: afsal ph

ജലന്ധര്‍: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുകയാണെന്ന കേരള പൊലിസിന്റെ വാദം പൊളിഞ്ഞു. ചോദ്യം ചെയ്യാന്‍ മുന്‍കൂട്ടി അനുമതി തേടിയെത്തിയിട്ടും ബിഷപ്പ് ഇത്രയും നേരം ബിഷപ്പ് ഹൗസില്‍ ഇല്ലായിരുന്നു. വൈകുന്നേരം ബിഷപ്പ് ഹൗസിലെത്തിയ സംഘം ഏറെ നേരം ബിഷപ്പിനെ കാത്തിരിക്കേണ്ടി വന്നു. അല്‍പം മുന്‍പാണ് ഫ്രാങ്കോ മുളയ്ക്കല്‍ ഇവിടേക്കെത്തിയത്. ബിഷപ്പ് വരുന്നതിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേ ആക്രമണമുണ്ടായി. മലയാളി മാധ്യമ പ്രവര്‍ത്തകരെയടക്കം മര്‍ദിക്കുകയും കാമറയ്ക്കു കേടു വരുത്തുകയും ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ ബിഷപ്പ് ഹൗസിനു മുന്നില്‍ പ്രതിഷേധിച്ചു. ബിഷപ്പ് ഹൗസിലെ അച്ചന്‍മാരും വിശ്വാസികളുമടങ്ങിയ സംഘമാണ് മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്. ബിഷപ്പ് എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടേയാണ് ആക്രമണം.
നേരത്തെ വത്തിക്കാന്‍ എംബസിയുടെ മുന്‍കൂര്‍ അനുവാദം വാങ്ങാതെ ഓട്ടോറിക്ഷയില്‍ പോയി കേരള പോലിസ് വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത നാണക്കേട് അന്വേഷണ സംഘത്തിന് ഉണ്ടായിരിക്കുന്നത്. വിഷയത്തില്‍ പഞ്ചാബ്, കേരള പോലിസ് ഏകോപനമില്ലാത്തതും പ്രശ്‌നമാകുന്നുണ്ട്.

ഇതിനിടെ, ബിഷപ്പിന്റെ സഹായികളായ രണ്ടു വൈദികരുടെ മൊഴിയും രേഖപ്പെടുത്തി. വൈദികരായ ആന്റണി മാടശേരി, പീറ്റര്‍ കാവുംപുറം എന്നിവരുടെ മൊഴികളാണ് പൊലീസ് രേഖപ്പെടുത്തിയത്. പഞ്ചാബ് പൊലീസ് ബിഷപ്പ് ഹൗസിനു ചുറ്റും സായുധസേനയെ വിന്യസിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കില്ലെന്ന് അഭിഭാഷകന്‍ മന്‍ജിത് സിങ് സച്ച്‌ദേവ വ്യക്തമാക്കിയിരുന്നു. കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. കേരള കാത്തലിക് റിഫോംസ് മൂവ്‌മെന്റ് സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. അന്വേഷണം ശരിയായ ദിശയിലാണെന്ന പൊലീസ് വാദം കോടതി അംഗീകരിക്കുകയായിരുന്നു.

അതേസമയം കേസിലെ 90% തെളിവെടുപ്പും പൂര്‍ത്തിയായതായാണു വിവരം. ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ചോദ്യം ചെയ്ത ശേഷമേ അറസ്റ്റില്‍ തീരുമാനമെടുക്കൂ. 2014ലെ കേസായതിനാലാണ് അന്വേഷണം വൈകുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേസിലെ മൊഴിയെടുപ്പും തെളിവെടുപ്പും അവസാന ഘട്ടത്തിലാണ്. ബിഷപ്പിനെ ചോദ്യം ചെയ്യുന്ന സാഹചര്യം നിലനില്‍ക്കെ കഴിഞ്ഞദിവസം വിശ്വാസികള്‍ ബിഷപ്പ് ഹൗസിലേക്കു കൂട്ടത്തോടെ എത്തിയിരുന്നു. പാസ്റ്ററല്‍ സെന്ററില്‍നിന്നു മൊഴിയുംതെളിവും ശേഖരിച്ച അന്വേഷണ സംഘം കന്യാസ്ത്രീയുടെ ബന്ധുവായ വൈദികനില്‍നിന്നു മൊഴിയെടുത്തു. വൈദികനും നിലവിലെ മദര്‍ ജനറല്‍ അടക്കമുള്ള കന്യാസ്ത്രീകളും വിഷയത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നോ എന്നതില്‍ വ്യക്തത തേടിയാണു പൊലീസ് അമൃത്!സറില്‍ എത്തിയതെന്നാണു സൂചന. കന്യാസ്ത്രീകളുമായി ഈ പരാതിയിന്‍മേല്‍ കൂടിക്കാഴ്ച നടത്തിയതായി വൈദികന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം മദര്‍ ജനറല്‍ അടക്കമുള്ള കന്യാസ്ത്രീകള്‍ നിഷേധിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss