|    Aug 21 Tue, 2018 11:11 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് സാമ്പത്തിക സ്വാധീനം മൂലം

Published : 6th August 2018 | Posted By: kasim kzm

കൊടുങ്ങല്ലൂര്‍/കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് സഭയുടെ സാമ്പത്തിക സ്വാധീനം മൂലമെന്നു മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ ആരോപിച്ചു. എറിയാട് സഹകരണ ബാങ്കിന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യാനെത്തിയ ജസ്റ്റിസ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. ഇത് വോട്ടുബാങ്ക് നോക്കിയല്ലെന്നാണ് മനസ്സിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
വോട്ട്ബാങ്ക് സഭയ്ക്ക് മാത്രമല്ല, ഇരയായ കന്യാസ്ത്രീയുടെ ചുറ്റിലുള്ളവരും ഈ വാര്‍ത്തകള്‍ വീക്ഷിക്കുന്ന സാധാരണക്കാരും വോട്ടുബാങ്കുകളാണെന്നിരിക്കെ കേസില്‍ സാമ്പത്തിക സ്വാധീനം നിഷേധിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരോപണം ഉന്നയിക്കപ്പെട്ടയാള്‍ സാധാരണക്കാരനായിരുന്നെങ്കില്‍ ഇപ്പോള്‍ അഴിക്കുള്ളിലായിരുന്നേനെ. പണത്തിനു മുകളില്‍ പരുന്തും പറക്കില്ല എന്നതാണ് അവസ്ഥ. അറസ്റ്റ് വൈകുംതോറും കോടതിയിലെത്തുമ്പോള്‍ കേസിന്റെ സ്വീകാര്യത കുറയുമെന്നും പ്രതികളെ സഹായിക്കുന്നതിനായി പോലിസ് മനപ്പൂര്‍വം അറസ്റ്റ് വൈകിപ്പിക്കുകയാണെന്നും അദ്ദേഹം ആക്ഷേപമുന്നയിച്ചു. പീഡിതയായ കന്യാസ്ത്രീ ഇപ്പോഴും പീഡിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീക്ക് പോലിസ് നീതി നിഷേധിച്ചെന്ന് അദ്ദേഹം പറ ഞ്ഞു. കന്യാസ്ത്രീയുടെ മൊഴിയില്‍ നിന്നു ബിഷപ് പീഡിപ്പിച്ചെന്ന വിവരം വ്യക്തമാണ്. ഇത്രയും തെളിവുകള്‍ ലഭിച്ചിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരാണ് നിലപാട് വ്യക്തമാക്കേണ്ടത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ അയാളുടെ സൗകര്യം നോക്കിയിരിക്കുകയാണ് അന്വേഷണ സംഘം. കേരളത്തിലെത്തി ബിഷപ് തന്നെ അറസ്റ്റ് ചെയ്യൂവെന്ന് പറയുമെന്നു കരുതിയാണോ പോലിസ് കാത്തുനില്‍ക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. ഇത്തരം കേസുകളില്‍ അറസ്റ്റ് ഇത്രയും വൈകിയ സാഹചര്യം മുമ്പുണ്ടായിട്ടില്ല. പ്രതി ഇന്ത്യയില്‍ തന്നെ ഉണ്ടായിട്ടും അറസ്റ്റ് വൈകിയത് നീതിനിഷേധമാണെന്നു ജസ്റ്റിസ് കെമാല്‍ പാഷ വിമര്‍ശിച്ചു.
ക്രിമിനല്‍ കുറ്റം ആരോപിക്കപ്പെട്ടയാള്‍ ആരാണെന്നത് പോലിസിന് വിഷയമാവരുത്. പൂജാരിയും മുസ്‌ല്യാരും ബിഷപ്പും വികാരിയും എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരാവണം. സാമൂഹിക നീതി ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം പോലിസ് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss