|    Aug 21 Tue, 2018 9:40 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജലന്ധര്‍ പീഡനം: തെളിവെടുപ്പിനായി അന്വേഷണസംഘം ഡല്‍ഹിയില്‍; കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഡിവൈഎസ്പി

Published : 4th August 2018 | Posted By: kasim kzm

കോട്ടയം: കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യുന്നതിനും മറ്റ് തെളിവെടുപ്പുകള്‍ക്കുമായി അന്വേഷണസംഘം ഡല്‍ഹിയിലെത്തി. ഇന്നലെ രാവിലെ കേസിന്റെ അന്വേഷണച്ചുമതലയുള്ള വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ടത്.
സുഭാഷിനെ കൂടാതെ രണ്ട് എസ്‌ഐ, ഒരു വനിതയടക്കം രണ്ട് സിവില്‍ പോലിസ് ഓഫിസര്‍മാര്‍, ഒരു സൈബര്‍ വിദഗ്ധന്‍ എന്നിവരടങ്ങുന്ന ആറംഗസംഘമാണ് ഡല്‍ഹിയിലെത്തിയത്. പീഡനത്തിനിരയായ കന്യാസ്ത്രീ—ക്കെതിരേ പരാതി നല്‍കിയ ബന്ധുവായ സ്ത്രീയുടെയും ഭര്‍ത്താവിന്റെയും മൊഴിയാണ് ആദ്യം രേഖപ്പെടുത്തുക. വത്തിക്കാന്‍ സ്ഥാനപതി, ഉജ്ജയിനിലെ ബിഷപ്പുമാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവരില്‍നിന്നും സംഘം മൊഴിയെടുക്കും. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ സമ്മര്‍ദംമൂലം സന്യാസജീവിതം ഉപേക്ഷിച്ചെന്ന് കന്യാസ്ത്രീയുടെ മൊഴിയില്‍ പറയുന്നവരെ നേരില്‍ കാണുന്നതിനും അന്വേഷണസംഘം ശ്രമിക്കുന്നുണ്ട്.
18 ഓളം പേര്‍ ഇത്തരത്തില്‍ മഠം ഉപേക്ഷിച്ചെന്നായിരുന്നു കന്യാസ്ത്രീ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതില്‍ ചിലരെ അന്വേഷണസംഘം കണ്ടിരുന്നുവെങ്കിലും ബിഷപ്പിനെതിരേ മൊഴിനല്‍കാന്‍ ഇവരാരും തയ്യാറായിരുന്നില്ല. രണ്ടുദിവസത്തിനകം ജലന്ധറിലെത്തി ആരോപണവിധേയനായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യാനാണ് നീക്കം. കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ജലന്ധറിലെ പിആര്‍ഒ ഫാ. പീറ്റര്‍ കാവുംഭാഗത്തിന്റെ മൊഴിയും രേഖപ്പെടുത്തിയ ശേഷമാവും സംഘം ബിഷപ്പിനെ കാണുക. ഇതിന് ശേഷം കേസിന്റെ മുഴുവന്‍ വിവരങ്ങളും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ധരിപ്പിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
ജലന്ധര്‍ ബിഷപ്പിനെ അവസാനം ചോദ്യംചെയ്യണമെന്നും ധൃതിപിടിച്ച് അറസ്റ്റ് നടപടികള്‍ പാടില്ലെന്നും അവലോകനയോഗത്തില്‍ ഡിജിപി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് വൈക്കം ഡിവൈഎസ്പി കെ സുഭാഷ് ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എല്ലാ വശങ്ങളും അന്വേഷിക്കും. അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss