|    Sep 19 Wed, 2018 4:33 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജലനിരപ്പ് താഴ്ത്തണം

Published : 25th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ നിന്നു രണ്ടോ മൂന്നോ അടി താഴ്ത്തി നിലനിര്‍ത്തണമെന്ന് സുപ്രിംകോടതി. അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിച്ച ചീഫ്ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി കേരളവും തമിഴ്‌നാടും സഹകരിച്ചു മുന്നോട്ടുപോകണമെന്നും കോടതി നിര്‍ദേശം നല്‍കി.
ഈ മാസം 31 വരെ ജലനിരപ്പ് 139 അടിയാക്കി നിര്‍ത്തണമെന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംയുക്ത മേല്‍നോട്ട സമിതിയുടെ തീരുമാനം ഇരുസംസ്ഥാനങ്ങളും നടപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. സപ്തംബര്‍ 6നു കേസ് വീണ്ടും പരിഗണിക്കും. ജലനിരപ്പ് താഴ്ത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉപസമിതി യോഗം തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി എസ് നരസിംഹ സുപ്രിംകോടതിയെ അറിയിച്ചു.
സുപ്രിംകോടതി കഴിഞ്ഞ 17നു നല്‍കിയ നിര്‍ദേശം അനുസരിച്ചാണ് ദുരന്തനിവാരണ നിയമപ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിനായി രൂപീകരിച്ച ഉപസമിതി യോഗം ചേര്‍ന്നത്. ഇപ്പോഴത്തെ മഴ സീസണ്‍ തീരുന്ന അടുത്ത മാസം 15 വരെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139-140 അടിയായി നിലനിര്‍ത്താന്‍ കേന്ദ്ര ജലവിഭവ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരുന്നു. ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്ന കേരളത്തിന്റെ നിലപാടിനെ കേന്ദ്ര സര്‍ക്കാരും പിന്തുണച്ചു.
അതേസമയം, പ്രളയകാരണം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 13 ഷട്ടറുകളും ഒരുമിച്ചു തുറന്നുവിട്ടതാണെന്ന കേരളത്തിന്റെ വാദം തമിഴ്‌നാട് സര്‍ക്കാര്‍ തള്ളി. കേരളം നല്‍കിയ സത്യവാങ്മൂലം ജനങ്ങളെ പരസ്പരം ഭിന്നിപ്പിക്കുന്നതാണെന്നും കേരളം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമാണ് തമിഴ്‌നാടിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നഫാഡെ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയത്. മുല്ലപ്പെരിയാര്‍ സുരക്ഷിതമാണ്. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം തുറന്നുവിട്ടതാണ് പ്രളയകാരണം. മുല്ലപ്പെരിയാറില്‍ നിന്ന് അധികജലം തുറന്നുവിടുന്നതിന് ആഴ്ചകള്‍ക്കു മുമ്പുതന്നെ കേരളത്തില്‍ പ്രളയം ആരംഭിച്ചിരുന്നുവെന്നും തമിഴ്‌നാട് കോടതിയെ അറിയിച്ചു.
അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് കേരളത്തിലെ 80 ജലസംഭരണികളിലേക്ക് അമിതമായെത്തിയ വെള്ളമാണ് പ്രളയകാരണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി കെ പളനിസ്വാമി പറഞ്ഞു. ജലനിരപ്പ് 142 അടിയായി നിലനിര്‍ത്താതിരിക്കാന്‍ ബോധപൂര്‍വം കേരളം തെറ്റായ വിവരങ്ങള്‍ നല്‍കുകയാണെന്നും പളനിസ്വാമി കുറ്റപ്പെടുത്തി.
പെട്ടെന്ന് അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും തുറന്നുവിട്ടത് പ്രളയത്തിനിടയാക്കിയെന്നു കേരളം വ്യാഴാഴ്ച സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ജലനിരപ്പ് 136 അടിയായപ്പോള്‍ തന്നെ കുറേശ്ശെയായി വെള്ളം തുറന്നുവിട്ടിരുന്നെങ്കില്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ 24 മണിക്കൂര്‍ കൂടി അധികമായി ലഭിക്കുമായിരുന്നുവെന്നും സത്യവാങ്മൂലത്തിലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss