|    Sep 26 Wed, 2018 4:52 am
FLASH NEWS

ജലനിരപ്പ് കുറഞ്ഞു തുടങ്ങി; രക്ഷാ പ്രവര്‍ത്തനം ഉര്‍ജിതമായി തുടരുന്നു

Published : 19th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച ജില്ലയില്‍ പലയിടങ്ങളിലും ജലനിരപ്പ് കുറഞ്ഞതോടെ ആശ്വാസമായി.
ഊര്‍ജിത രക്ഷാപ്രവര്‍ത്തനത്തിലൂടെ 54,800 ലധികം പേര്‍ സുരക്ഷിത സ്ഥാനങ്ങളിലെത്തിയതായി ഇന്നലെ വൈകീട്ട് വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. പെരിയാര്‍ കര കവിഞ്ഞൊഴുകുന്നുണ്ടെങ്കിലും ആലുവ മേഖലയില്‍ ഇന്നലെ വൈകുന്നേരത്തോടെ ഒരടിയോളം വെള്ളം താഴ്്ന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
ഹെലികോപ്ടറുകള്‍, ബോട്ടുകള്‍, ചെറുവഞ്ചികള്‍, ബാര്‍ജ്, റോ റോ എന്നിവയിലൂടെ രക്ഷാപ്രവര്‍ത്തനം മുന്നേറി. ഹെലികോപ്ടര്‍ വഴി ആകെ 252 പേരെയാണ് രക്ഷപ്പെടുത്തിയത്. 15 പേരെ വ്യോമസേനയും 237 പേരെ നാവിക സേനയും ഹെലികോപ്ടറിലെത്തി രക്ഷപ്പെടുത്തി. ബോട്ട് മാര്‍ഗം 17,347 പേരെയും രക്ഷപ്പെടുത്തി.
ഇതിലേറെയും മല്‍സ്യത്തൊളിലാളി ബോട്ടുകള്‍ രക്ഷപെടുത്തിയവരാണ്. 215 മല്‍സ്യത്തൊഴിലാളി ബോട്ടുകളാണ് ദുരിതക്കയത്തിലകപ്പെട്ട ജനങ്ങളെ സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തുന്നത്. നാവിക സേനയുടെ 20 ബോട്ടുകളും കോസ്റ്റ് ഗാര്‍ഡിന്റെ 11 ബോട്ടുകളും രംഗത്തുണ്ട്. റോഡ് മാര്‍ഗം 27,400 പേരെയും രക്ഷപ്പെടുത്തി.
ഇന്നലെ ഉച്ചയ്ക്ക് ശേഷം വെള്ളമിറങ്ങിയതോടെ നിരവധി പേര്‍ കുടുങ്ങിക്കിടന്ന വീടുകളില്‍ നിന്ന് പുറത്തെത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച് ട്രൂപ്പുകള്‍, കോസ്റ്റ് ഗാര്‍ഡിന്റെ രണ്ടു ഗ്രൂപ്പുകള്‍, നേവിയുടെ 17 ട്രൂപ്പുകള്‍, കരസേനയുടെ മൂന്ന് ട്രൂപ്പുകള്‍ എന്നീ സേനാ വിഭാഗങ്ങളെ ദുരിത മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
ഭക്ഷണവും മരുന്നും വസ്ത്രങ്ങളും മറ്റ് അവശ്യ വസ്തുക്കളും ക്യാംപുകളിലും ജനങ്ങള്‍ കുടുങ്ങിക്കിടക്കുന്ന വീടുകളിലും എത്തിക്കുന്നു. 91,340 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ഭക്ഷണ വിതരണത്തിനായി നേവിയുടെ രണ്ട് ഹെലികോപ്ടറുകള്‍ രംഗത്തുണ്ട്.
ആലുവ യുസി കോളജിലെ ക്യാംപിലെയും പരിസര പ്രദേശങ്ങളിലെയും ദുരിതബാധിതര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിനായി കുസാറ്റില്‍ നാവിക സേനയുടെ കിച്ചന്‍ ആരംഭിച്ചു.
7500 പേര്‍ക്കുള്ള ഭക്ഷണം ഇവിടെ തയാറാക്കും. ടോറസുകളിലും ട്രക്കുകളിലുമാണ് ദുരിത ബാധിത മേഖലകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്നത്. ഇതര ജില്ലകളില്‍ നിന്നടക്കം ഡ്രൈവര്‍മാര്‍ ലോറികളുമായി എത്തിയിട്ടുണ്ട്. ഭക്ഷണ, അവശ്യ സാധന വിതരണം, രക്ഷാപ്രവര്‍ത്തനം, വൈദ്യസഹായം എന്നീ പ്രവൃത്തികള്‍ സമഗ്രമായി ഏകോപിപ്പിക്കുന്നു.
300 ഡോക്ടര്‍മാരുടെ ശൃംലയില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ നമ്പറും പ്രവര്‍ത്തനമാരംഭിച്ചു. വെള്ളമിറങ്ങിതുടങ്ങിയെങ്കിലും പറവൂര്‍, ആലുവ എന്നിവിടങ്ങളില്‍ ആയിരക്കണക്കിനാളുകളാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. ഇവര്‍ക്കുള്ള വെള്ളമോ ഭക്ഷണമോ മരുന്നോ എത്തിക്കാന്‍ കഴിയുന്നില്ല.
അതേസമയം എറണാകുളം, തൃപ്പൂണിത്തുറ, തുടങ്ങിയ നഗരപ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ മാത്രമാണ് ആവശ്യത്തിന് ഭക്ഷണവും കുടിവെള്ളവും വസ്ത്രവും എത്തിക്കാന്‍ ആകുന്നുള്ളൂ. വെള്ളപൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ച പറവൂര്‍, ആലുവ, കാലടി എന്നിവിടങ്ങളിലെ ക്യാംപുകള്‍ ഇപ്പോഴും ഒറ്റപ്പെട്ടു കിടക്കുകയാണ്.
സന്നദ്ധപ്രവര്‍ത്തകര്‍ക്ക്് കടന്നുചെല്ലാന്‍ കഴിയാത്ത വിധം ഇവിടെ വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ്. നേവിയുടെ സഹായത്തോടെയാണ് ഇവിടെ ഭക്ഷണം എത്തിക്കുന്നത്.
പല ക്യാംപുകളിലും വെള്ളം കയറിയ സ്ഥിതിയിലാണ്. ഇതിനെ തുടര്‍ന്ന് വെള്ളപൊക്കമില്ലാത്ത കാക്കനാട്, എറണാകുളം നഗരം, തൃപ്പൂണിത്തുറ, അമ്പലമേട്, പുത്തന്‍കുരിശ്, പള്ളിക്കര എന്നിവിടങ്ങളില്‍ കൂടുതല്‍ ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയില്‍ ആകെ 597 ക്യാംപുകളില്‍ 47,138 കുടുംബങ്ങളില്‍ നിന്നായി 1,81,607 പേരാണുള്ളത്.
ആലുവയില്‍ 128 ക്യാംപുകളിലായി 8,000 കുടുംബങ്ങളില്‍ നിന്നായി 32,000 പേരും കണയന്നൂരില്‍ 65 ക്യാംപുകളിലായി 4335 കുടുംബങ്ങളില്‍ നിന്നായി 15223 പേരും മൂവാറ്റുപുഴയിലെ 88 ക്യാംപുകളിലായി 4676 കുടംബങ്ങളില്‍ നിന്നായി 18,712 പേരും ക്യാംപുകളില്‍ ഉണ്ട്.
കൊച്ചിയില്‍ 36 ക്യാംപുകളിലായി 7560 കുടുംബങ്ങളില്‍ നിന്നും 30,000 പേരും കുന്നത്ത് നാടില്‍ 72 ക്യാംപുകളില്‍ 6367 കുടുംബങ്ങളില്‍ നിന്നും 28,630 പേരും കോതമംഗലത്ത് 37 ക്യാംപുകളിലായി 1600 കുടുംബങ്ങളില്‍ നിന്നും 5892 പേരും ഉണ്ട്. പറവൂരില്‍ 171 ക്യാംപുകളില്‍ 14,600 കുടുംബങ്ങളില്‍ നിന്നായി 51150 പേരും ഉണ്ട്.
അവസാന വ്യക്തിയെയും സുരക്ഷിത സ്ഥാനത്തെത്തിക്കുന്നതു വരെ രക്ഷാപ്രവര്‍ത്തനം ഇതേ രീതിയില്‍ തുടരുമെന്നും ഭക്ഷണ വിതരണം ഊര്‍ജിതമായി നടപ്പാക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു. മന്ത്രി പ്രഫ. രവീന്ദ്രനാഥ് കണ്‍ട്രോള്‍ റൂമിലെത്തി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss