|    Jan 16 Mon, 2017 8:33 pm
FLASH NEWS

ജലനിധി പദ്ധതി മാളയില്‍ വൈകും; ജലവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി ജനപ്രതിനിധികള്‍

Published : 17th October 2016 | Posted By: Abbasali tf

മാള: കടുത്ത വേനല്‍ മുന്നില്‍ കണ്ട് സ്വീകരിക്കേണ്ട നടപടികള്‍ ആസൂത്രണം ചെയ്യാന്‍ മാളയില്‍ ചേര്‍ന്ന ജലസേചന വകുപ്പ്, ജല അതോറിറ്റി അധികൃതരുടെ യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ജനപ്രതിനിധികളുടെ രൂക്ഷ വിമര്‍ശനം. ജലനിധി പദ്ധതി മാളയില്‍ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച് കുടിവെള്ളം വിതരണം ചെയ്യുമെന്ന് ഉറപ്പില്‍നിന്നും ജല അതോറിറ്റി മലക്കം മറിഞ്ഞതോടെയാണ് ജനപ്രതിനിധികള്‍ ഒന്നടങ്കം ഉദ്യോഗാര്‍ക്കെതിരേ തിരിഞ്ഞത്. മോട്ടോര്‍ വാങ്ങാന്‍ കരാര്‍ ക്ഷണിക്കാനുള്ള പ്രാഥമിക നടപടികള്‍ പോലും അധികൃതകര്‍ സ്വീകരിക്കാത്തത് ജനപ്രതിനിധികളെ ചൊടിപ്പിച്ചു. ഉദ്യോഗസ്ഥര്‍ അലംഭാവം തുടര്‍ന്നാല്‍ ശക്തമായ നടപടി നേരിടേണ്ടിവരുമെന്ന് അഡ്വ.വി ആര്‍ സുനില്‍കുമാര്‍ താക്കീത് നല്‍കിയതോടെ ഡിസംബറില്‍തന്നെ വെള്ളം നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കി  ഒന്നര കോടി രൂപയോളം വേണ്ടി വരുന്ന മോട്ടോര്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത് നിര്‍മിച്ചെടുക്കണമെന്നും അതിനായി കരാര്‍ വിളിക്കാനും സ്ഥാപിക്കാനും മാസങ്ങള്‍ വേണ്ടിവരുമെന്നാണ് ജല അതോറിറ്റി അധികൃതരുടെ ന്യായീകരണം. മോട്ടോര്‍ സ്ഥാപിക്കാനുള്ള നടപടിക്രമങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കാതെ അവസാന ഘട്ടത്തില്‍ തടസവാദം ഉന്നയിക്കുന്നത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മോട്ടോര്‍ വേണമെന്നത് അറിയാമായിരുന്നിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷമായി നടപടികള്‍ പൂര്‍ത്തീകരിക്കാതിരുന്നതാണ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ്. ഗുണഭോക്താക്കളായ ജനങ്ങളില്‍ നിന്ന് പണം പിരിച്ചത് കൂടാതെ പഞ്ചായത്ത് ഫണ്ടും കൂടി ചെലവഴിച്ചുകഴിഞ്ഞു. ഇപ്പോള്‍ ജല അതോറിറ്റി രണ്ട് ആഴ്ച കൂടുമ്പോഴാണ് പല മേഖലയിലും വെള്ളം നല്‍കുന്നതെന്നും വിമര്‍ശനമുണ്ടായി. വര്‍ഷക്കാലത്ത് പൂര്‍ത്തീകരിക്കേണ്ട ജോലികള്‍ താമസിപ്പിച്ച് വേനല്‍ വരെ എത്തിക്കുന്ന നടപടികള്‍ക്കെതിരേ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വിമര്‍ശനമുന്നയിച്ചു. കനാല്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ മാത്രം വെള്ളം കിട്ടാത്തതും യോഗത്തില്‍ ഉന്നയിച്ചു. എല്ലാ പണികളും പൂര്‍ത്തിയാക്കി പദ്ധതിക്ക് അനുവദിച്ച മുഴുവന്‍ ഫണ്ടും ചെലവഴിച്ചിട്ടും ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്ത പൊയ്യ പഞ്ചായത്തിലെ പൂപ്പത്തി മംഗലംകുളം ജലസേചന പദ്ധതിയുടെ അവസ്ഥയും ജലസേചന വകുപ്പിനെതിരേയുള്ള ആരോപണങ്ങള്‍ക്ക് വഴിയൊരുക്കി.1997 ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതി പണം മുഴുവന്‍ ചെലവഴിച്ച ശേഷം ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. പദ്ധതി ഉപേക്ഷിച്ചുവെന്നും അന്നത്തെ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്നും യോഗത്തില്‍ പങ്കെടുത്ത ജലസേചന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. മാള പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. വിവിധ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍  തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക