|    Jul 16 Mon, 2018 10:13 am

ജലനിധി പദ്ധതി ജനങ്ങളെ ചൂഷണം ചെയ്യുന്നതായി ആക്ഷേപം

Published : 29th September 2017 | Posted By: fsq

 

മാള: ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കി ആരംഭിച്ച സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയായ ജലനിധി പദ്ധതി ജനങ്ങളെ ചൂഷണം ചെയ്യുന്നതായി ആക്ഷേപം. പദ്ധതിയുടെ ഉദ്ധേശ ലക്ഷ്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നതായാണ് വ്യാപകമായി ഉയരുന്ന ആക്ഷേപം. കേരള വാട്ടര്‍ അതോറിറ്റി ജനങ്ങളിലേക്ക് നേരിട്ടെത്തിച്ചിരുന്ന കുടിവെള്ളം ഇടനിലക്കാരനായി നിന്ന് ജനങ്ങളെ ഊറ്റുന്ന ഏജന്‍സിയായി മാറിയിരിക്കയാണ് ജലനിധി. വാട്ടര്‍ അതോറിറ്റി ആയിരം ലിറ്ററിന് ആറ് രൂപ പ്രകാരം ജലനിധിക്ക് നല്‍കുന്ന വെള്ളം 10 രൂപക്കാണ് ഉപഭോക്താവിന് നല്‍കുന്നത്. കേരള വാട്ടര്‍ അതോറിറ്റി പതിനായിരം ലിറ്റര്‍ ജലത്തിന് ഉപഭോക്താവില്‍ നിന്നും 42 രൂപയാണ് ഈടാക്കിയിരുന്നതെങ്കില്‍ ജലനിധി ഈടാക്കുന്നത് 100 രൂപയാണ്. വാട്ടര്‍ അതോറിറ്റി മിനിമം ചാര്‍ജ്ജായി 22 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് നൂറ് രൂപയാണ് ജലനിധി പദ്ധതി പ്രകാരം ഈടാക്കുന്നത്. 5000 ലിറ്റര്‍ വരെയുള്ള ജലത്തിനാണ് ജല അതോറിറ്റി 22 രൂപ ഈടാക്കിയിരുന്നത്. ജല അതോറിറ്റിയേക്കാള്‍ 58 മുതല്‍ 78 രൂപ വരെയാണ് ജലനിധി ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നത്. ആദ്യഘട്ടത്തില്‍ തന്നെ ഇത്രയും കൊള്ള നടത്തുന്ന ജലനിധി വരുംകാലങ്ങളില്‍ ഉപഭോക്താക്കളുടെ കഴുത്തറക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. വാട്ടര്‍ അതോറിറ്റിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ കുടിവെള്ളം നല്‍കാമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കി മൂന്ന് വര്‍ഷം മുന്‍പാണ് മാള മള്‍ട്ടി ജി പി എന്ന നാമധേയത്തില്‍ ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. 51.02 കോടി രൂപയായിരുന്നു പദ്ധതിയുടെ തുടക്കം കുറിച്ച 2013 ലെ എസ്റ്റിമേറ്റ് തുക. ജലനിധി പദ്ധതി മുഖേന സംസ്ഥാന സര്‍ക്കാര്‍ 41.8 കോടിയും ഗ്രാമപഞ്ചായത്തുകളുടെ വിഹിതമായി 5.53 കോടിയും ഗുണഭോക്താക്കളുടെ വിഹിതമായി 3.69 കോടി രൂപയുമായിരുന്നു വിനിയോഗിക്കാനുദ്ധേശിച്ചിരുന്നത്. ഇത് പിന്നീട് 85 കോടി രൂപയായി വര്‍ദ്ധിച്ചിരുന്നു. മാള, പൊയ്യ, കുഴൂര്‍, അന്നമനട, പുത്തന്‍ചിറ, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് തന്നെ ഇത്രയും ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നുള്ള പദ്ധതി ആദ്യത്തേതാണെന്നാണ് തുടക്കത്തില്‍ തന്നെ ജനങ്ങളോട് പറഞ്ഞിരുന്നത്. ജലനിധി പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കളില്‍ നിന്നും പിരിക്കേണ്ട വെള്ളക്കരത്തിന്റെ നിരക്ക് ഔദ്യോഗികമായി നിശ്ചയിക്കാന്‍ പോലും ഇതുവരെയായിട്ടില്ല. പഞ്ചായത്തുകളുമായി ഇക്കാര്യത്തില്‍ ജലനിധി ഒപ്പുവെച്ചിട്ട് പോലുമില്ല. 365 ദിവസവും 24 മണിക്കൂറും ഉപഭോക്താക്കളിലേക്ക് ജലമെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടിപ്പോള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് നാമമാത്രമായി ജലമെത്തുന്നത്. ജലമെത്തുന്ന ദിവസങ്ങളില്‍ റോഡുകളിലൂടെയും മറ്റുമുള്ള ജലമൊഴുക്ക് പതിവാണ്. ഉപയോഗശൂന്യമായി പോകുന്ന ജലത്തിന്റെ പണമടക്കം ജനങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണെന്നാണ് വ്യാപകമായ ആക്ഷേപം. പഞ്ചായത്ത് പ്രസിഡന്റുമാരെയും ഗ്രാമപഞ്ചായത്തംഗങ്ങളേയും മറ്റും ഉള്‍പ്പെടുത്തി നടത്തേണ്ട അവലോകന യോഗങ്ങള്‍ പോലും കാര്യക്ഷമമായി നടക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ജലനിധി പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മാള ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ യു ഡി എഫിലെ മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും നിലവിലെ അംഗങ്ങളും ധര്‍ണ്ണ നടത്തി. ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഇന്ദിര ശിവരാമന്‍ ഉദ്ഘാടനം ചെയ്തു. ടി കെ ജിനേഷ് അദ്ധ്യക്ഷത വഹിച്ചു. ജി കിഷോര്‍കുമാര്‍, ജോഷി കാഞ്ഞൂത്തറ, ജൂലി ബെന്നി, അമ്പിളി സജീവ്, ഷേര്‍ളി ജോയ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss