|    Aug 16 Wed, 2017 10:59 pm
FLASH NEWS

ജലനിധി പദ്ധതിയില്‍ വെട്ടിപ്പ്; ജീവനക്കാരന്റെ ഭാര്യ അറസ്റ്റില്‍

Published : 12th November 2016 | Posted By: SMR

നീലേശ്വരം: ജലനിധി പദ്ധതിയില്‍ കോടികള്‍ വെട്ടിച്ച നീലേശ്വരം സ്വദേശിയായ ജീവനക്കാരന്റെ ഭാര്യയെ മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ യുവാവ് പിടിയില്‍. ജലനിധി മേഖലാ ഓഫിസിന്റെ അക്കൗണ്ടന്റ് നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ കൃഷ്‌ണേന്ദുവില്‍ പ്രവീണ്‍കുമാറിന്റെ ഭാര്യ കരിവെള്ളൂര്‍ സ്വദേശിനി ദീപ(35)യെയാണ് മഞ്ചേരി സിഐയും സംഘവും നീലേശ്വരത്ത് അറസ്റ്റ് ചെയ്തത്. പ്രവീണ്‍ പിടിയിലായതായി സൂചനയുണ്ട്. പ്രവീണും ദീപയും പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്താണ് താമസം. അറസ്റ്റുണ്ടാവുമെന്നറിഞ്ഞ് ഇവര്‍ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ദീപയുടെ വിലകൂടിയ കാറും പിടികൂടിയിട്ടുണ്ട്. അഞ്ചരകോടിയുടെ വെട്ടിപ്പാണ് കണ്ടെത്തിയത്. ബാങ്ക് ഇടപാടുകള്‍ സ്തംഭനാവസ്ഥയിലായതിനാല്‍ പൂര്‍ണമായ കണക്ക് കണ്ടെത്താനായിട്ടില്ല. എതാണ്ട് 10 കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയതായാണ് പ്രാഥമിക വിവരം. മൂന്നുവര്‍ഷത്തിലധികമായി നടന്നുവരുന്ന തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടെന്നാണ് സൂചന. ഇതേക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് സിഐ പറഞ്ഞു. റീജ്യനല്‍ പ്രൊജക്റ്റ് ഡയറക്ടര്‍ ഒപ്പിട്ട ഫയലില്‍ പ്രധാനപേജില്‍ അക്കൗണ്ട് നമ്പര്‍ ചേര്‍ത്ത് തുക മാറ്റി എഴുതിയായിരുന്നു വെട്ടിപ്പ്. ദീപയ്ക്ക് അങ്ങാടിപ്പുറത്തുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പേരില്‍ മറ്റൊരു ശാഖയുമുണ്ടെന്ന് കാണിച്ച് ഉണ്ടാക്കിയ അക്കൗണ്ടിലായിരുന്നു പണം മാറ്റിയിരുന്നത്. പഞ്ചായത്തുകളുടെ അക്കൗണ്ട് നമ്പറുകള്‍ക്കൊപ്പം വസ്ത്രാലയത്തിന്റെ അക്കൗണ്ട് നമ്പര്‍ ചേര്‍ത്തെഴുതുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക