|    Feb 26 Sun, 2017 11:13 pm
FLASH NEWS

ജലനിധി പദ്ധതിയില്‍ നിന്ന് കോടികള്‍തട്ടിയെടുത്ത പ്രതി അറസ്റ്റില്‍

Published : 22nd November 2016 | Posted By: SMR

നീലേശ്വരം: സംസ്ഥാന സര്‍ക്കാറിന്റെ ജലനിധി പദ്ധതിയില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. കേസില്‍ ഒന്നാം പ്രതി നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ കൃഷ്ണപുരം വീട്ടില്‍ പ്രവീണ്‍ കുമാറിനെ (44)യാണ് അന്വേഷണ ഉദ്യോഗസ്ഥനായ  മലപ്പുറം സിഐ പ്രേംജിത്ത് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസ്സില്‍ നീലേശ്വരം റെയില്‍വെ സ്‌റ്റേഷനില്‍ വന്നിറങ്ങിയപ്പോഴാണ് അറസ്റ്റ്.  ജലനിധി മലപ്പുറം മേഖലാ ഓഫിസിലെ അക്കൗണ്ടായ പ്രവീണിണ്‍ ഭാര്യ ദീപയുടെ മലപ്പുറം അങ്ങാടിപുറത്തുള്ള വസ്ത്രാലയത്തിന്റെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് ആറരകോടി രൂപ വകമാറ്റിയെടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസിലെ രണ്ടാം പ്രതിയും പ്രവീണിന്റെ ഭാര്യയുമായ ദീപ ഒരാഴ്ച മുമ്പ് അറസ്റ്റിലായിരുന്നു. പ്രവീണിനെയും ഭാര്യ ദീപയെയും ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന്റെ പേരില്‍ പ്രവീണിന്റെ സഹോദരി പുത്രന്‍ മിഥുനിനെയും മലപ്പുറം പോലിസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്റില്‍ കഴിയുന്ന ദീപയെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തതിന് പിന്നാലെയാണ് മുഖ്യപ്രതി കൂടി പോലിസ് പിടിയിലായത്. പ്രവീണ്‍ തട്ടിയെടുത്ത പണമുപയോഗിച്ച് ഭാര്യ ദീപയുടെ പേരില്‍ മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ കോടിക്കണക്കിന് രൂപയുടെ ഭൂമിയും വീടുകളും ആഡംബര വാഹനങ്ങളും വാങ്ങിക്കൂട്ടിയതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി മലപ്പുറത്ത് സ്ഥിരതാമസമാക്കിയ പ്രവീണ്‍ നീലേശ്വരത്തെ കുടുംബ വീടുമായി അടുത്ത ബന്ധം പുലര്‍ത്തി വന്നിരുന്നില്ല. നീലേശ്വരത്ത് സുഹൃത് ബന്ധവും കുറവാണ്. മുഖ്യപ്രതികളായ ഭാര്യയും ഭര്‍ത്താവും പിടിയിലായതോടെ തട്ടിയെടുത്ത പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. അറസ്റ്റിലായ പ്രവീണിനെ ഇന്ന് രാവിലെ  മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിനും ചോദ്യം ചെയ്യലിനുമായി പ്രവീണിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ ഹരജി നല്‍കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day