|    Dec 17 Sun, 2017 1:47 pm
FLASH NEWS

ജലനിധി ക്രമക്കേട്; മൂന്നാം പ്രതി അറസ്റ്റില്‍

Published : 19th November 2016 | Posted By: SMR

മലപ്പുറം: ജലനിധി ഓഫിസില്‍ കരാര്‍ ജീവനക്കാരന്‍ ആറു കോടി രൂപ ക്രമക്കേട് നടത്തിയ കേസില്‍ മൂന്നാം പ്രതി അറസ്റ്റില്‍.ഒന്നാം പ്രതി പ്രവീണ്‍കുമാറിന്റെ സഹോദരിയുടെ മകന്‍ കാസര്‍കോട് നീലേശ്വരം സ്വദേശി മിഥുന്‍ കൃഷ്ണ(25)യെയാണ് മലപ്പുറം സിഐ പ്രേംജിത്ത് കാസര്‍കോട് അറസ്റ്റ് ചെയ്തത്.ഒന്നാം പ്രതിയും സഹോദരനുമായ പ്രവീണ്‍കുമാറിനെ രക്ഷപ്പെടാന്‍ സഹായിച്ചു എന്ന കുറ്റത്തിനാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്.ജലനിധി മലപ്പുറം റീജ്യനല്‍ പ്രോജക്ട് ഡയറക്ടര്‍ കഴിഞ്ഞ മൂന്നിന് നല്‍കിയ പരാതിയിലാണ് മലപ്പുറം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.ഇതോടെ ഓളിവില്‍ പോയ ഒന്നാം പ്രതിയെ പിടികൂടാനായിട്ടില്ല.സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 10ന് പ്രവീണ്‍ കുമാറിന്റെ ഭാര്യ ദീപയെ അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിനായി രണ്ട് ദി വസം പോലിസ് കസ്റ്റഡിയില്‍ വാങ്ങിയ ദീപയെ ഇന്നലെ വീണ്ടും കോടതിയില്‍ ഹാജരാക്കി.മലപ്പുറം,കോഴിക്കോട്,പാലക്കാട്,തൃശൂര്‍ ജില്ലകളിലെ 41 പഞ്ചായത്തുകളിലെ 500 ഓളം പദ്ധതികള്‍ക്കുള്ള ജലനിധി സഹായം, പഞ്ചായത്തുകള്‍ക്കുള്ള അക്കൗണ്ടിലേക്ക് കൈമാറുന്നതിനിടെ കൃത്രിമരേഖയുണ്ടാക്കി ഒന്നാം പ്രതി പ്രവീണ്‍കുമാര്‍ സ്വകാര്യ അക്കൗണ്ടിലേക്ക് വകമാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്.2012 മുതല്‍ 25 ഓളം തവണകളായി 6.13 കോടി രൂപയാണ് ഒന്നാം പ്രതി തട്ടിയത്. ഈ തുക ഉപയോഗിച്ച് ആഢംബര വാഹനങ്ങള്‍ വാങ്ങുകയും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുകയും ചെയ്തു. ഇതിന് കൂട്ടുനിന്ന കുറ്റത്തിനാണ് ഭാര്യ ദീപയെ അറസ്റ്റ് ചെയ്തത്.പോലിസ് അന്വേഷണം ആരംഭിച്ചതോടെ ഒന്നാം പ്രതിയെ വീട്ടില്‍ നിന്നും മംഗലാപുരത്തേക്ക് കൊണ്ടുപോവുകയും കര്‍ണാടകയിലെ കുടകില്‍ മട്കരിയിലെ ലോഡ്ജില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തിയെന്ന കുറ്റത്തിനാണ് മൂന്നാം പ്രതി മിഥുന്‍ കൃഷ്ണനെ അറസ്റ്റ് ചെയ്തത്. കോടതില്‍ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് സബ്ജയിലേക്ക് റിമാന്റ് ചെയ്തു. എഎസ് ഐ അബ്ദുല്‍ അസീസ്,സീനിയര്‍ സിവില്‍ പോലിസ് ഓഫി സര്‍മാരായ സാബുലാല്‍,ശശി കുണ്ടറക്കാടന്‍,സിപിഒ അബ്ദുല്‍ കരിം എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss