|    Oct 20 Sat, 2018 5:38 am
FLASH NEWS

ജലജന്യ രോഗങ്ങള്‍ക്കെതിരേ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

Published : 25th March 2018 | Posted By: kasim kzm

കല്‍പ്പറ്റ: ചൂട് കനത്തതോടെ ജില്ലയില്‍ കുടിവെള്ള ലഭ്യത കുറഞ്ഞുവരുന്നതിനോടൊപ്പം ജലജന്യരോഗങ്ങള്‍ കൂടാനുള്ള സാധ്യതകളും ഏറിവരികയാണെന്നും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ മുന്നറിയിപ്പ് നല്‍കി. വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവയും ഭക്ഷ്യ വിഷബാധയുമാണ് ഇക്കാലത്ത് പ്രധാനമായി കണ്ടുവരുന്നത്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ 4,168 പേര്‍ക്ക് വയറിളക്കവും ഒരാള്‍ക്ക് കോളറയും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 40 പേര്‍ക്ക് ടൈഫോയ്ഡും 69 പേര്‍ക്ക് മഞ്ഞപ്പിത്തവും ബാധിച്ചു.
സാധാരണയിലും അയഞ്ഞ് ദ്രാവകരൂപത്തില്‍ മലം പോവുന്ന അവസ്ഥയാണ് വയറിളക്കം. ബാക്ടീരിയ, വൈറസ്, പരാദങ്ങള്‍ എന്നിവ മൂലമാണ് ഇതുണ്ടാവുന്നത്. അശുദ്ധമായ ആഹാരപദാര്‍ഥങ്ങളിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തിലെത്തുന്നത്. വയറിളക്കം മൂലം നിര്‍ജലീകരണം തുടരുകയാണെങ്കില്‍ അതു മരണത്തിന് കാരണമാവുന്നു. മലം അയഞ്ഞുപോവുന്നതോടൊപ്പം രക്തവും കഫവും കലര്‍ന്നതാണ് വയറുകടി. കഞ്ഞിവെള്ളത്തിന്റെ രൂപത്തില്‍ മലം പോവുന്നതു കോളറയുടെ ലക്ഷണമാവാം.  നിര്‍ജലീകരണം സംഭവിക്കുന്നതു മൂലം കോളറ പെട്ടെന്നു മരണത്തിലേക്ക് നയിക്കുന്നു. വയറിളക്കത്തിന്റെ തുടക്കത്തില്‍ തന്നെ പാനീയ ചികില്‍സ തുടങ്ങണം. വയറുകടി, കോളറ എന്നിവയ്ക്ക് ആന്റിബയോട്ടിക്കുകള്‍ ആവശ്യമാണ്. പാനീയ ചികില്‍സയ്ക്ക് ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, ഉപ്പിട്ട മോര് എന്നിവയോ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമായ ഒആര്‍എസ് മിശ്രിതമോ ഉപയോഗിക്കാം. അമിതമായ വയറിളക്കം, അമിതദാഹം, നീര്‍ജലീകരണ ലക്ഷണങ്ങള്‍ മയക്കം, പനി, മലത്തില്‍ രക്തം, കഞ്ഞിവെള്ളത്തിന്റെ രൂപത്തില്‍ മലം പോവുക എന്നീ ലക്ഷണങ്ങളിലേതെങ്കിലും കാണുകയാണെങ്കില്‍ വൈദ്യസഹായം തേടണമെന്നും ഡിഎംഒ അറിയിച്ചു. സാല്‍മൊണെല്ലാ ടൈഫി പരത്തുന്ന രോഗമാണ് ടൈഫോയിഡ്. ശുദ്ധമല്ലാത്ത കുടിവെളളത്തിലുടെയോ ഭക്ഷണത്തിലൂടെയോ ആണ് രോഗം പകരുന്നത്. കൂടിവരുന്ന പനി, ശരീരവേദന, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം അല്ലെങ്കില്‍ മലബന്ധം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രക്തപരിശോധനയിലൂടെ മാത്രമേ രോഗനിര്‍ണയം സാധ്യമാവൂ.
കരളിനെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. മഞ്ഞപ്പിത്തം എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. രോഗാണുക്കള്‍ ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് കൂടുതല്‍ ദിവസങ്ങളെടുക്കും. ശരീരവേദനയോടുകൂടിയ പനി, തലവേദന, ക്ഷീണം ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണം. പിന്നീട് മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നു. മദ്യപാനികളിലും കരള്‍രോഗികളിലും രോഗം ഗുരുതരാവസ്ഥയിലെത്താറുണ്ട്. ആഹാരസാധനങ്ങള്‍ എപ്പോഴും അടച്ചു സൂക്ഷിക്കുക, പഴകിയതും മലിനവുമായ ആഹാരം കഴിക്കാതിരിക്കുക, പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക, കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്ര കാലം നല്‍കുക, കുപ്പിപ്പാല്‍ ഒഴിവാക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, വെള്ളം എപ്പോഴും മൂടിവയ്ക്കുക, ക്ലോറിന്‍ ടാബ്‌ലെറ്റ് ഉപയോഗിക്കുക, കിണറിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുക, ക്ലോറിനേറ്റ് ചെയ്യുക, കിണറിന് ചുറ്റുമതില്‍ കെട്ടുക, ചെറുതും വലുതുമായ കുടിവെള്ള പമ്പിങ് സ്‌റ്റേഷനുകളില്‍ ക്ലോറിനേഷനും ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും ഉറപ്പുവരുത്തുക, ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിനുശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, കുഞ്ഞുങ്ങളുടെ കൈയിലെ നഖം വെട്ടി സൂക്ഷിക്കുക, മലവിസര്‍ജനത്തിന് ശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴുകുക, തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക, കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുക, വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ സൂക്ഷിക്കുക, ഈച്ചശല്യം ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും ഡിഎംഒ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss