|    Aug 20 Sun, 2017 8:52 pm
FLASH NEWS

ജലക്ഷാമം പരിഹരിക്കാന്‍ ജനകീയ കൂട്ടായ്മ വേണം: മന്ത്രി കെ ടി ജലീല്‍

Published : 26th November 2016 | Posted By: SMR

എടപ്പാള്‍: സംസ്ഥാനത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പരിശ്രമം വേണമെന്ന്് തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീല്‍ പ്രസ്താവിച്ചു. എടപ്പാളില്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുന്ന സമ്പൂര്‍ണ കിണര്‍ റീചാര്‍ജ് പദ്ധതി (ജലസുഭിക്ഷ)യുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ 412 കോടി രൂപ ചെലവഴിച്ച് തിരഞ്ഞെടുക്കപ്പെട്ട 141 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പാക്കും. പുരയിടത്തിലെ സമ്പൂര്‍ണ മഴവെള്ളം കിണറുകളിലേയ്ക്ക് റീചാര്‍ജ് ചെയ്ത് കുടിവെള്ളമാക്കി മാറ്റുന്ന പദ്ധതിയാണിത്. ഭൂമിയുടെ ഉപരിതലത്തില്‍ കിട്ടുന്ന മഴവെള്ളം പാഴാക്കാതെ കിണറുകളിലേയ്ക്ക് ശുദ്ധീകരിച്ച് ഒഴുക്കിവിടുന്നതിനുള്ള ശ്രമങ്ങള്‍ നാമോരോരുത്തരും നടത്തണമെന്ന് മന്ത്രി പറഞ്ഞു. നോട്ട് അസാധുവാക്കല്‍ നടപടികളിലൂടെ നമ്മുടെ കൈവശമുള്ള നോട്ടുകളുടെ വില ഇല്ലാതായപ്പോള്‍ മാത്രമാണ് നാം നോട്ടിന്റെ യഥാര്‍ഥ വിലയറിഞ്ഞത്. ഇത്തരമൊരു അവസ്ഥ കുടിവെള്ളത്തിന്റെ കാര്യത്തിലുണ്ടാവുന്ന സ്ഥിതിയാണ് സംസ്ഥാനത്തിന് നിലനില്‍ക്കുന്നതെന്നും ഇതു മൂന്‍കൂട്ടികണ്ട് കുടിവെള്ള സംരക്ഷണത്തിനായി ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണിക്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വി കെ ബേബി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍ പി റഹ്്മത്ത് സൗദ, കെ കെ ഹാജറ മജീദ്, ശ്രീജ പാറക്കല്‍, കെ പി കവിത, പി കുമാരന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ ദേവിക്കുട്ടി, എം പി ഫൈസല്‍, എ പി സജിത, ഗ്രാമപ്പഞ്ചായത്തംഗം പി വി രാധിക, പ്രോഗ്രാം കോ-ഓഡിനേറ്റര്‍ പി സി ബാലഗോപാല്‍, എം എസ് അബ്ദുല്‍കലാം ആസാദ്, പി പി ബിജോയ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക