|    Mar 17 Sat, 2018 6:24 pm
FLASH NEWS

ജലം വറ്റിക്കുന്നതിനെതിരേ പ്രതിഷേധം; പോളച്ചിറ ഏലായില്‍ നെല്‍കൃഷി മുടങ്ങിയിട്ട് മൂന്നുവര്‍ഷം

Published : 30th January 2016 | Posted By: SMR

കൊല്ലം: രാസവളങ്ങളോ, ജൈവവളങ്ങളോ ഉപയോഗിക്കാതെ പ്രതിവര്‍ഷം 3000 ടണ്ണിലധികം നെല്ല് ഉള്‍പ്പാദിപ്പിച്ചിരുന്ന പോളച്ചിറ ഏലായില്‍ കൃഷി നിലച്ചിട്ട് മൂന്നുവര്‍ഷം. കൃഷിക്കായി ചിറയിലെ വെള്ളം വറ്റിക്കുന്നതിനെതിരേ ക്രഷര്‍-ഭൂമാഫിയകളുടെ പിന്‍ബലത്തോടെ നടക്കുന്ന പ്രതിഷേധമാണ് നെല്‍കൃഷി മുടങ്ങാന്‍ കാരണമെന്ന് പോളച്ചിറ ഏലാ കര്‍ഷക സമിതി ചൂണ്ടിക്കാട്ടുന്നു.
വെള്ളം വറ്റിച്ചാല്‍ പരിസരത്തെ കിണറുകള്‍ വറ്റുമെന്നാണ് പ്രതിഷേധക്കാരുടെ വാദം. എന്നാല്‍ കേന്ദ്ര പരിസ്ഥിതി വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് പാടശേഖരത്തില്‍ വെള്ളം വറ്റുമ്പോള്‍ ഏഴര കിലോമീറ്റര്‍ ചുറ്റളവിലുള്ള കനാലിലും നടത്തോടിലും 4 മീറ്ററിലധികമുള്ള ജലം ഭൂഗര്‍ഭജലത്തില്‍ ഒരു കുറവുമുണ്ടാകില്ലെന്നും കര്‍ഷക സമിതി അംഗം കെ രാജു പറഞ്ഞു.
ചിറക്കര ഗ്രാമപഞ്ചായത്തില്‍ ആയിരം ഏക്കറില്‍ അധികം സ്ഥലത്ത് ഏഴുനൂറിലധികം കര്‍ഷകര്‍ വര്‍ഷത്തിലൊരിക്കല്‍ വെള്ളം വറ്റിച്ച് നടത്തിവരുന്ന കൃഷിയാണ് മൂന്നുവര്‍ഷമായി മുടങ്ങിക്കിടക്കുന്നത്. 1997-98ല്‍ കര്‍ഷകരുടെ മേല്‍നോട്ടത്തില്‍ സമഗ്രവികസന പദ്ധതി തയ്യാറാക്കി, കൃഷി, പരിസ്ഥിതി, മല്‍സ്യം, പൊതുമരാമത്ത്, ജലസേചന വകുപ്പുകളുടെ അംഗീകാരത്തോടെയാണ് കൃഷി നടത്തിവരുന്നത്.
2001ല്‍ നബാര്‍ഡിന്റെ സഹായത്തോടെ 2.14 കോടി രൂപയുടെ ആദ്യഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. മൂന്നുവര്‍ഷം മുമ്പ് നബാര്‍ഡിന്റെ ആനുമതി ലഭിച്ച് 3.2 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പ്രാദേശികമായി ഉയര്‍ന്നുവന്നിട്ടുള്ള എതിര്‍പ്പിന് പിന്നില്‍ സങ്കുചിത താല്‍്പ്പര്യമുള്ളവരാണെന്ന് കര്‍ഷക സമിതി ചൂണ്ടിക്കാട്ടുന്നു. കൃഷിയില്ലാതാകുന്നതോടെ ചിറ മണ്ണിട്ട് നികത്തി മാറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള താല്‍പ്പര്യമാണ് ഇതിനു പിന്നില്‍. ഇതിന്റെ ഭാഗമായി സാമൂഹിക വിരുദ്ധരുടെ സഹായത്തോടെ വെള്ളം വറ്റിക്കുന്നത് തടസ്സപ്പെടുത്തുകയും പമ്പ്ഹൗസ് ഉള്‍പ്പടെ തകര്‍ക്കുകയും ചെയ്തതായി സമിതി അംഗങ്ങള്‍ പറഞ്ഞു. തുടക്കത്തില്‍ സിപിഐ, സിപിഎം പ്രവര്‍ത്തകരായിരുന്നു പ്രക്ഷോഭരംഗത്ത്.
പാര്‍ട്ടി നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്ന് ഇവര്‍ പിന്മാറിയപ്പോള്‍, ബിജെപി സമരം ഏറ്റെടുത്തിരിക്കുകയാണ്. സ്ഥലം എംഎല്‍എ അടക്കമുള്ള ജനപ്രതിനിധികള്‍ പ്രശ്‌നത്തില്‍ നിഷേധാത്മക സമീപനമാണ് തുടരുന്നതെന്നും കര്‍ഷക സമിതി കുറ്റപ്പെടുത്തുന്നു. സര്‍ക്കാര്‍ പുറമ്പോക്കില്ലാതെ, 700 ഓളം കര്‍ഷകര്‍ കരമൊടുക്കുന്ന ഭൂമിയിലാണ് കൃഷി നടക്കുന്നത്. പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പാറപോലുമില്ലാത്ത പാടത്ത് അഞ്ച് ക്രഷര്‍ യൂനിറ്റുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനുപുറമേ മറ്റുചില സ്ഥാപനങ്ങളും ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. എന്നാല്‍ കര്‍ഷകരുടെയും നാട്ടുകാരുടെയും എതിര്‍പ്പുമൂലം നിലംനികത്താന്‍ കഴിയുന്നില്ല. കൃഷിമുടക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്നില്‍ ഇതാവാം കാരണമെന്ന് കര്‍ഷക സമിതി ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ ഏറ്റവും വലിയ ക്ഷീരവികസന സംഘമായ മീനാട് അടക്കം അഞ്ച് ക്ഷീരസംഘങ്ങള്‍ പോളച്ചിറ ഏലായ്ക്ക് ചുറ്റുമായി പ്രവര്‍ത്തിക്കുന്നുണ്ട്. കന്നുകാലികള്‍ക്ക് ആവശ്യമായ പുല്ലും വൈക്കോലും പോളച്ചിറ കൃഷിയെ ആശ്രയിച്ചാണ് ലഭ്യമാകുന്നത്. ഇതിനു പുറമേ, മല്‍സ്യകൃഷിക്കും വിനോദസഞ്ചാരത്തിനുമായി പദ്ധതികള്‍ സമര്‍പ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കൃഷി മുടങ്ങിക്കിടക്കുന്നതെന്ന് കര്‍ഷക സമിതി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമിതി ചെയര്‍മാന്‍ വി ശശീധരന്‍പിള്ള, കണ്‍വീനര്‍ എ പി രവീന്ദ്രന്‍, അംഗം കെ രാജു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss