|    Sep 25 Tue, 2018 6:33 pm
FLASH NEWS

ജലം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചെക്‌പോസ്റ്റുകളില്‍ ചരക്കുലോറി തടഞ്ഞു

Published : 28th January 2017 | Posted By: fsq

 

പാലക്കാട്:  പറമ്പിക്കുളം-ആളിയാര്‍ പ്രകാരം കേരളത്തിലേക്ക് അര്‍ഹതപ്പെട്ട ജലം നല്‍കാത്ത തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് മീനാക്ഷിപുരം വിവിധ പാടശേഖര സമിതികളുടെ ആഭിമുഖ്യത്തി ല്‍  തമിഴ്‌നാട്ടില്‍നിന്നും അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ വഴി എത്തുന്ന ചരക്കുലോറികള്‍ കര്‍ഷകസംഘടനകളും നാട്ടുകാരും തടഞ്ഞു. ഇന്നലെ രാവിലെ ഏഴുമുതല്‍ വേലന്താവളം, ഗോപാലപുരം, നടുപ്പുണി, മീനാക്ഷിപുരം ചെക്‌പോസ്റ്റുകളിലാണ് ചരക്കുലോറികള്‍ തടഞ്ഞത്. ആളിയാറില്‍നിന്നും എത്രയുംവേഗം കുടിവെള്ള ആവശ്യത്തിനായി ചിറ്റൂര്‍ പുഴയിലേക്ക് വെള്ളംവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ സൂചനാസമരം നടത്തിയത്.ചെക്‌പോസ്റ്റുകളില്‍ വിവിധ ഭാഗങ്ങളിലായി 120ല്‍പരം വാഹനങ്ങളാണ് തടഞ്ഞിട്ടത്. അടിയന്തരമായി ആളിയാര്‍ വെള്ളം ഇറക്കണമെന്നാവശ്യപ്പെട്ട് നൂറിലധികം വീട്ടമ്മമാര്‍ കാലിക്കുടങ്ങളുമായി സമരമുഖത്ത് അണിനിരന്നിരുന്നു. പട്ടഞ്ചേരി-പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളില്‍നിന്ന് നൂറുക്കണക്കിന് ആളുകളും സമരത്തിനെത്തി.കൂടാതെ മീനാക്ഷിപുരത്തുനിന്നും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധിപേര്‍ എത്തി. ആളിയാറില്‍നിന്നും വെള്ളം ഇറക്കാതെ സമരം നിത്തില്ലെന്ന് പ്രഖ്യാപിച്ചതോടെ ജില്ലാ ഭരണാധികാരികള്‍ സ്ഥലത്തെത്തിയത്.കഴിഞ്ഞ ഇരുപത്തിയഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ചിറ്റൂര്‍ താലൂക്കില്‍ കൊടുംവരള്‍ച്ചയും കുടിവെള്ളക്ഷമാവും നേരിടുന്നത്. ഇതിനെ അതിജീവിക്കാന്‍ പ്രദേശത്തെ കുളങ്ങള്‍, കൊക്കര്‍ണികള്‍, മറ്റു ജലസംഭരണികള്‍ എന്നിവ നിറയാന്‍ ആളിയാര്‍ വെള്ളം വിട്ടുനല്‍കണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. ജില്ലാ ഭരണാധികാരികള്‍ എത്തിയതോടെ കര്‍ഷക പ്രതിനിധികളും ചര്‍ച്ചയ്‌ക്കെത്തി. പാലക്കാട് സബ് കലക്ടര്‍ അശ്‌വിന്‍ പര്‍വീണ്‍, എഎസ്പി പൂങ്കുഴലി എന്നിവര്‍ അരമണിക്കൂറോളം ചര്‍ച്ച നടത്തി. കുടിവെള്ളക്ഷാമത്തിന്റെ ദുരിതവും ആഴവും മേലധികാരികളെ അറിയിപ്പിച്ചതായി ജില്ലാ ഭരണാധികാരികള്‍ വിശദീകരിച്ചു. ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ  സംസ്ഥാന അണ്ടര്‍ സെക്രട്ടറി  തമിഴ്‌നാട് ജലസേചനവകുപ്പുമന്ത്രിയും മറ്റു എന്‍ജിനീയര്‍മാരുമായും ചര്‍ച്ച നടത്തും. ചിറ്റൂര്‍ പുഴയില്‍ ജലം നിറയ്ക്കാന്‍ അഭ്യര്‍ഥിക്കുമെന്നും അതുവരെ 24 മണിക്കൂര്‍ നേരത്തേക്ക് സമരം ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് സമരക്കാര്‍ നിരാകരിച്ചു. പിന്നീട് സമരസമിതി ഭാരവാഹികള്‍ ഇടപെട്ട് ഒരു ദിവസത്തേക്ക് സമരം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് ഉച്ചയോടെ ജനം പിരിഞ്ഞത്. അതേസമയം ഇന്നലെ നടന്ന ചര്‍ച്ചയില്‍ ആളിയാര്‍ജലം അനുവദിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പൂര്‍ണതോതില്‍ വഴിതടയല്‍ ഉള്‍പ്പടെ ശക്തമായ സമരങ്ങള്‍ക്ക് രൂപം നല്‍കുമെന്നും സമരക്കാര്‍ മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാട് നല്‍കുന്നജലം വാങ്ങിക്കുന്നതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായും സമരക്കാര്‍ സബ് കലക്ടര്‍ക്ക് മുമ്പാകെ ബോധിപ്പിച്ചു. ആളിയാറില്‍ നിന്ന് അമ്പ്രാംപാളയംവഴി മണക്കടവ് വിയര്‍വരെയുള്ള 35 കിലോമീറ്റര്‍ ദൂരത്തില്‍ തമിഴ്‌നാട്ടിലുള്ള  കര്‍ഷകര്‍ ഇരുനൂറോളം പമ്പുസെറ്റുകള്‍വച്ച് തെങ്ങിന്‍തോപ്പുകളിലേക്ക് ജലം മോഷ്ടിക്കുന്നതായും ആരോപിച്ചു. സമരക്കാരുടെ പരാതികളെല്ലാം തമിഴ്‌നാട് ജലസേചനവകുപ്പ് മന്ത്രിയെ അണ്ടര്‍ സെക്രട്ടറി വഴി ബോധ്യപ്പെടുത്തുമെന്നും എഎസ്പി പൂങ്കുഴലി അറിയിച്ചു. ഇതോടെയാണ് ജനം പിരിഞ്ഞത്. ചരക്കുലോറികള്‍ തടഞ്ഞതോടെ തമിഴ്‌നാട്ടിലെ ലോറിയുടമകള്‍ ഇന്നലെ രാവിലെ യോഗം ചേര്‍ന്നതായും സൂചനയുണ്ട്. അതിര്‍ത്തിയില്‍ നടക്കുന്ന സമരം കോയമ്പത്തൂരിലും സമീപ നഗരങ്ങളിലും താമസിക്കുന്ന മലയാളി കുടുംബങ്ങള്‍ക്കു ഭീഷണിയാകുമെന്നും ഭീതിയും നിലനില്‍ക്കുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss