|    Apr 21 Sat, 2018 12:03 am
FLASH NEWS
Home   >  Fortnightly   >  

ജര്‍മ്മനിയില്‍ നിന്നും ഹൈദരാബാദിലേക്ക്

Published : 13th February 2016 | Posted By: swapna en

ഡോ. പികെ പോക്കര്‍

ചിന്തകനും സംഗീത വിമര്‍ശകനും സംസ്‌കാര വ്യവഹാര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവുമായ അഡോര്‍ണോവിന് ഹിറ്റ്‌ലറെയും അദ്ദേഹത്തിന്റെ ദേശീയ സോഷ്യലിസ്റ്റ് പാര്‍ട്ടിയേയും 1933 ല്‍ മനസ്സിലായിരുന്നില്ല. മുതലാളിത്തത്തിന്റെ തകര്‍ച്ച സൃഷ്ടിച്ച പ്രതിസന്ധിയും പ്രതിഭാസവുമായാണ് നാസിജര്‍മ്മനിയെ അദ്ദേഹം കണ്ടിരുന്നത്. മാത്രമല്ല സംഗീതത്തില്‍ വിശ്വാസമര്‍പ്പിച്ചും മാറിനിന്ന് രക്ഷപ്പെട്ടും കാര്യങ്ങള്‍ നീങ്ങുമെന്നും കരുതി. എന്നാല്‍ 1934 ല്‍ അദ്ദേഹം ബ്രിട്ടനിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും രക്ഷപ്രാപിച്ചു. പിന്നീടുള്ള കാലം ഫാഷിസത്തെ വിമര്‍ശിക്കുന്ന രചനകള്‍ നിര്‍വ്വഹിക്കാനും തുടങ്ങി. വലിയ പണ്ഡിതനായ അഡോര്‍ണോവിന് തിരിച്ചറിയാന്‍ കഴിയാതെ പോയ വംശീയ ഫാഷിസ്റ്റ് ഭീകരത നമ്മുടെ ബുദ്ധിജീവികള്‍ തിരിച്ചറിയാതെ പോകുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല.
ചരിത്രരചന തിയ്യതികള്‍ക്ക് മുഖം നല്‍കലാണെന്ന് വാള്‍ട്ടര്‍ ബെഞ്ചമിന്‍ പറയുന്നുണ്ട്. ഒരു സന്ദര്‍ഭത്തെ തിരിച്ചറിയും വിധം അടയാളപ്പെടുത്തലാണ് മുഖം നല്‍കുന്നതിലൂടെ സാധിക്കുന്നത്. ജര്‍മ്മനിയിലെ നാസിഭരണവും ഇറ്റലിയിലെ മുസോളിനി ഭരണവും വംശീയ സിദ്ധാന്തത്തിന്റെ ആവിഷ്‌ക്കാരമായിരുന്നു. ആര്യ വംശവിജയത്തിലും മുന്നേറ്റത്തിലും കേന്ദ്രീകരിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നു അവിടങ്ങളില്‍ ചെയ്തത്. കൃത്യവും വ്യക്തവുമായ സൈദ്ധാന്തിക അടിത്തറ ഹിറ്റ്‌ലറുടെ മെയിന്‍ കാംഫില്‍ അവതരിപ്പിക്കുന്നുണ്ട്. മറ്റ് ജനവിഭാഗങ്ങളെ അധമസ്ഥാനത്ത് നിര്‍ത്താന്‍ യാതൊരു മടിയും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ ഹിന്ദുത്വ ഫാഷിസത്തിന്റെ സൈദ്ധാന്തിക അടിത്തറ വിചാരധാരയിലാണ് കാണാനാവുന്നത്. സങ്കുചിതവും കപടവുമായ ദേശീയ വാദവും വംശശുദ്ധി വാദവും അവതരിപ്പിച്ചു കൊണ്ടാണ് ജനാധിപത്യ വിരുദ്ധവും മതേതര വിരുദ്ധവുമായ ആശയങ്ങളെ ഭരണകൂട ആശയങ്ങളാക്കി മാറ്റുന്നത്.
എല്ലാ പുരോഗമന മതേതര ആശയങ്ങളെയും വ്യക്തി സ്വാതന്ത്ര്യത്തെയും ഫാഷിസം എതിര്‍ക്കുന്നു. ഭൂരിപക്ഷ വംശീയതയുടെ സംശുദ്ധി നിലനിര്‍ത്തി ഇതര മനുഷ്യ വിഭാഗങ്ങളെ അടിമകളാക്കിയോ നശിപ്പിച്ചോ ദേശത്തെ വളര്‍ത്തുകയാണ് ഫാഷിസം ലക്ഷ്യമിടുന്നത്. ചിലരെല്ലാം എല്ലാവിധം അധികാര പ്രയോഗങ്ങള്‍ക്കും ഫാഷിസം എന്ന് നാമകരണം ചെയ്യാറുണ്ട്. എന്നാല്‍ രാഷ്ട്രമീമാംസയനുസരിച്ച് വംശീയ വാദമഹത്വവല്‍ക്കരണത്തിന്റെ അടിസ്ഥാനത്തില്‍ പരമാധികാരം സ്ഥാപിക്കുന്നതാണ് ഫാഷിസം. അവിടെ ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെയും മര്‍ദ്ദക ഉപകരണങ്ങളുടേയും മേളനം ഉണ്ടാവുന്നു. ഒരു വശത്ത് ആശയങ്ങള്‍ കൊണ്ടും മറുവശത്ത് ബലപ്രയോഗം കൊണ്ടും ആധിപത്യം ഉറപ്പിക്കുന്ന സര്‍വ്വാധികാര പ്രവണതയാണ് ഫാഷിസം.
1992 ഡിസംബര്‍ ആറിന് വാള്‍ടര്‍ ബഞ്ചമിന്‍ നിര്‍ദ്ദേശിച്ചതുപോലെ ‘മുഖം’ നല്‍കിയാല്‍ ഇന്ത്യയില്‍ ഫാഷിസത്തിന്റെ വളര്‍ച്ചയുടെ ഘട്ടം അടയാളപ്പെടുത്താന്‍ കഴിയും. ബാബരി മസ്ജിദ് തകര്‍ത്തതിലൂടെ അക്രമകരമായി ആള്‍ക്കൂട്ടത്തെ എങ്ങിനെ വിനിയോഗിക്കാമെന്ന പരീക്ഷണമാണ് ആദ്യമായി ഇന്ത്യയില്‍ നടന്നത്. കുടിവെള്ളം പോലും ആവശ്യത്തിന് ലഭിക്കാത്ത നിരക്ഷരരായ ഉത്തരേന്ത്യന്‍ ജനതയെ ഹാലിളക്കി ആയുധങ്ങളുമായി പകല്‍ വെളിച്ചത്തില്‍ ലോക ശ്രദ്ധപിടിച്ചുപറ്റിക്കൊണ്ട് ഒരു ചരിത്രസ്മാരകവും ഒരു വിശ്വാസവിഭാഗത്തിന്റെ ആരാധനാ സ്ഥലവും കയ്യേറുകയായിരുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ രാഷ്ട്രീയ ബന്ധം എന്താണെന്ന കാര്യം മാറ്റിവെയ്ക്കാം. ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യ സംവിധാനങ്ങള്‍ക്ക് പുല്ലുവിലയും ഇല്ലെന്ന ആദ്യത്തെ പ്രഖ്യാപനമായിരുന്നു 1992 ഡിസംബര്‍ 6 ന് അയോധ്യയില്‍ നടന്നത്.
1990 ആഗസ്ത് 7 നായിരുന്നു അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി വിപി സിങ് മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് മറ്റു പിന്നാക്ക സമുദായക്കാരുടെ സംവരണം പ്രഖ്യാപിച്ചത്. ഇതിനെ നേരിടുന്നതിന് വേണ്ടി ഇന്ത്യയിലെ സമ്പന്ന-സവര്‍ണ-ബ്രാഹ്മണ നേതൃത്വം ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ധ്രുവീകരണ തന്ത്രമായിരുന്നു 1992 ഡിസംബര്‍ 6 ന് ബാബരി മസ്ജിദ് ധ്വംസനത്തില്‍ കലാശിച്ചത്. ജാതിവ്യവസ്ഥയെ ശാശ്വതീകരിച്ചും ബ്രാഹ്മണ്യത്തെ പാവനപ്പെടുത്തിയും ഇന്ത്യയിലെ തൊഴിലെടുക്കുന്ന മഹാഭൂരിപക്ഷത്തെ നിരക്ഷതയിലും നിസ്സഹായതയിലും നിലനിര്‍ത്താനുള്ള രാഷ്ട്രീയ അജണ്ട കൂടിയായിരുന്നു അയോധ്യ കേന്ദ്രീകരിച്ചു നടന്ന പ്രവര്‍ത്തനങ്ങള്‍. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും പൂജ നടത്തിയ ശിലകള്‍ കൊണ്ടുപോകുന്നതിലൂടെ മതപരമായ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പിന്തുണ നേടിക്കൊണ്ട് ഒരു ജനകീയ പ്രശ്‌നമാക്കി അയോധ്യയെ മാറ്റുകയായിരുന്നു.
അധികാരത്തിന്റെയും അറിവിന്റെയും നേതൃസ്ഥാനം കയ്യടക്കി വെക്കാനുള്ള തന്ത്രമായാണ് ഇന്ത്യയില്‍ മതധ്രുവീകരണത്തിനുള്ള ശ്രമം സംഘപരിവാര്‍ നടത്തുന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യയിലെ സര്‍വ്വകലാശാലകളിലും ഇതര ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിലും ദളിതരും പിന്നാക്കക്കാരും എത്തിച്ചേരുന്നത് മിക്കവാറും സംവണത്തിലൂടെയാണ്. പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്ക് ബുദ്ധിശക്തി കുറഞ്ഞതുകൊണ്ടല്ല അവര്‍ എത്താതിരിക്കുന്നത്. മറിച്ച് നൂറ്റാണ്ടുകളായി പ്രാന്തങ്ങളില്‍ കഴിയുന്നവര്‍ക്ക് കയറിവരാന്‍ വ്യക്തമായ വഴിയില്ലാത്തതിനാലാണ്. ഇപ്പോള്‍ രാജ്യം ഒരു വഴിത്തിരിവിലാണ്. ഇരകളാക്കപ്പെടുന്ന മനുഷ്യര്‍ക്ക് തിരിച്ചറിവിനും പ്രതിരോധത്തിനും സാധ്യതകള്‍ വര്‍ദ്ധിച്ചിരിക്കുന്നു. അവര്‍ നട്ടെല്ലുയര്‍ത്തി സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു.
ഇന്ത്യാ രാജ്യത്ത് നിലനില്‍ക്കുന്ന അധികാര ഘടന ഏത് നിയമലംഘനത്തെയും ചെറുക്കാന്‍ പര്യാപ്തമാണ്. പട്ടാളവും പോലിസും കോടതിയും മറ്റ് മര്‍ദ്ദക ഉപകരണങ്ങളും നിയമ വ്യവസ്ഥയെ പരിരക്ഷിക്കുമെന്നാണ് വിശ്വാസം. എന്നാല്‍ അയോധ്യയില്‍ സംഘപരിവാര്‍ നിയമലംഘനം നടത്തി. ബാബരി മസ്ജിദ് തകര്‍ത്ത മണിക്കൂറുകളില്‍ എന്തുകൊണ്ട് അധികാര വ്യവസ്ഥ മൗനം പാലിച്ചു. ഹിന്ദുത്വ ദേശീയതയുടെ പ്രത്യയശാസ്ത്രപരവും മര്‍ദ്ദകപരവുമായ ഫാഷിസ്റ്റ് സ്വഭാവവും ഇന്ത്യന്‍ ഭരണകൂടത്തിന് ഫാഷിസ്റ്റ് പ്രത്യയശാസ്ത്രവുമായി നിലനില്‍ക്കുന്ന ചങ്ങാത്തവും ഇവിടെ പ്രകടമാണ്. എന്തുകൊണ്ടാണ് ഹിന്ദുത്വ ദേശീയതയെ ഫാഷിസമെന്ന് വിളിക്കേണ്ടിവരുന്നത്? വിചാരധാര മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍ മെയിന്‍ കാംഫിലെ ആശയങ്ങളോട് സാദൃശ്യം പുലര്‍ത്തുന്നുണ്ട്. മാത്രമല്ല. വീര്‍സവര്‍ക്കര്‍ ഹിറ്റ്‌ലറുടെയും മുസോളിനിയുടേയും മര്‍ദ്ദന മുറകളോടും അവര്‍ നടപ്പിലാക്കിയ ഹിംസാത്മക പരിപാടികളോടും ഐക്യപ്പെട്ടിരുന്നതിനും തെളിവുകളുണ്ട്.
ഇന്ത്യാ രാജ്യത്ത് അടിയന്തിരാവസ്ഥയുടെ(1975-77) കാലത്ത് മാത്രമാണ് രൂപപരമായ ജനാധിപത്യം ഭാഗികമായി റദ്ദ് ചെയ്തത്. അപ്പോള്‍ പോലും കേരളത്തിലുള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകള്‍ അധികാരത്തിലുണ്ടായിരുന്നു. കേരളത്തില്‍ സി അച്യുതമേനോന്‍ മുഖ്യമന്ത്രിയും കെ കരുണാകരന്‍ ആഭ്യന്തരമന്ത്രിയുമായി ഭരിക്കുമ്പോഴാണ് തീവ്രവിപ്ലവത്തിന്റെ പേരില്‍ രാജനെയും ക്രമസമാധാനത്തിന്റെ പേരില്‍ കക്കുഴിയില്‍ കണ്ണനെയും പോലിസുകാര്‍ നിയമ വിരുദ്ധമായി, നടപടി കൂടാതെ ഉന്മൂലനം ചെയ്തത്. മാത്രമല്ല നിരവധി  പേരെ നിയമവിരുദ്ധമായി തടിവിലാക്കുകയും ചെയ്തിരുന്നു. അടിയന്തരാവസ്ഥയിലൊഴികെ മറ്റെല്ലാ കാലത്തും രാജ്യത്ത് രൂപപരമായ ജനാധിപത്യം നിലവിലുണ്ട്.
ഭരണകൂടം അമിതാധികാര പ്രവണത കാണിക്കുന്നതിനെയല്ല ഫാഷിസം എന്ന് വിളിക്കേണ്ടത്. മറിച്ച് ഹിറ്റ്‌ലര്‍ മുസോളിനി ഭരണകൂടങ്ങള്‍ അവരുടെ അമിതാധികാരത്തിന് നല്‍കിയ  പ്രത്യയശാസ്ത്ര അടിത്തറയെയാണ് ഫാഷിസം എന്ന് വിളിക്കുന്നത്. ഒരു നേതാവിലും ദേശീയതയിലും കേന്ദ്രീകരിച്ചുകൊണ്ടുള്ള വലതുപക്ഷ ഭരണ സംവിധാനത്തിന്റെയും സാമൂഹ്യ ഘടനയുടെയും വ്യവസ്ഥ വിഭാവനം ചെയ്യുന്നതാണ് ഫാഷിസം. സംഘപരിവാറിന്റെ പ്രത്യയശാസ്ത്ര അടിത്തറ ഫാഷിസത്തിന്റെ വംശീയ വിദ്വേഷ കേന്ദ്രീകൃത സിദ്ധാന്തമാണ്. ജാതി മേധാവിത്വത്തിലും അന്യമതവിരോധത്തിലും കമ്യൂണിസ്റ്റ് വിരോധത്തിലും അധിഷ്ഠിതമാണ് ഇന്ത്യന്‍ ഫാഷിസമെന്ന് വിചാരധാര വ്യക്തമാക്കുന്നു.
കര്‍ണാടകയിലെ ചിന്തകനും മൂന്‍ വൈസ് ചാന്‍സലറുമായ കല്‍ബുര്‍ഗിയെ കൊല ചെയ്തതിലൂടെ സ്വതന്ത്ര ചിന്തയും വിമര്‍ശനവും തടയുവാനുള്ള സംഘപരിവാര്‍ ത്വരയാണ് പ്രകാശിപ്പിച്ചിട്ടുള്ളത്. നരേന്ദ്ര ധബോല്‍ക്കറെ 2013 ആഗസ്ത് 20 നും ഗോവിന്ദ്പന്‍സാരെയെ  2015 ഫെബ്രുവരി 16 നും ഇതേ രീതിയിലാണ് കൊലചെയ്തത്. ഈ മൂന്ന് കൊലകള്‍ക്കും സമാനതയുണ്ട്. മാത്രമല്ല, കല്‍ബുര്‍ഗിയുടെ കൊലയ്ക്ക് ശേഷം ബജ്‌രംഗ്ദള്‍ നേതാക്കള്‍ നടത്തിയ പ്രസ്താവന ശ്രദ്ധേയമാണ്. ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ് ഡോ. എം എം ബഷീറിന്റെ മാതൃഭൂമി ദിനപത്രത്തിലെ രാമായണത്തെ സംബന്ധിക്കുന്ന ലേഖനപരമ്പര തടഞ്ഞതും ഭീഷണികള്‍ക്ക് വിധേയമായതും. ഫാഷിസം അകലെയല്ല മുറ്റത്താണ്.
ഫാഷിസം അതിന്റെ പൂര്‍ണത കൈവരിക്കുന്നത് ജനകീയ പ്രതിരോധങ്ങളുടെ അഭാവത്തിലാണ്. ആന്റോണിയോ ഗ്രാംഷിയാണ് ലോകത്ത് ഏറ്റവും മൗലികമായ ഫാഷിസ്റ്റ് വിശകലനം മുന്നോട്ട് വെച്ചത്. എന്നാല്‍ ഗ്രാംഷിയെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നതിന് മുമ്പ് ഫാഷിസത്തെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ആപല്‍ക്കരമാണ് സാഹചര്യമെന്ന് പലരും നിര്‍ദ്ദേശിച്ചപ്പോള്‍ ഒരു താല്‍ക്കാലിക മുതലാളിത്ത പ്രതിസന്ധിയായി കാണുകയും ഒളിവില്‍ പോകാന്‍ വിസമ്മതിക്കുകയും ചെയ്തതിനാലാണ് ജയിലിലടച്ച് പീഢിപ്പിച്ച് കൊല ചെയ്യാന്‍ ഹിറ്റ്‌ലര്‍ക്ക് അവസരം ലഭിച്ചത്. ഗ്രാംഷിയുടെ ജീവിതം അവസാനിപ്പിച്ചതിലൂടെ ലോകവ്യാപകമായി ഉയര്‍ന്നുവരേണ്ട മൗലിക ചിന്തയുടെ അടിത്തറയമാണ് ഫാഷിസം തകര്‍ത്തത്.
ഇന്ത്യയില്‍ ഇന്ന് യുക്തിവാദികളേയും സ്വതന്ത്ര ചിന്തകരെയും അവര്‍ ലക്ഷ്യമിടുന്നു. യു ആര്‍ അനന്തമൂര്‍ത്തിയെ പോലെ ലോക പ്രസിദ്ധ എഴുത്തുകാരന് പാകിസ്താനിലേക്ക് ടിക്കറ്റ് നല്‍കുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ ആഘോഷം സംഘടിപ്പിച്ച് ലഡു വിതരണം നടത്തുന്നു.
എം എഫ് ഹുസൈനെ തിരിച്ചു കൊണ്ടുവരാന്‍ പറ്റാത്തതാണ് മതേതര ജനാധിപത്യ വാദികള്‍ക്ക് പറ്റിയ തെറ്റ്. അദ്ദേഹം വരച്ചത് പോലുള്ള ചിത്രങ്ങള്‍ നമ്മുടെ രാജ്യത്ത് ക്ഷേത്രചുമരുകളില്‍ പോലും കാണാമെന്നിരിക്കെ എന്തിനാണ് എം എഫ് ഹുസൈന് രാജ്യം വിട്ട് പോകേണ്ടിവന്നത്. ജനാധിപത്യ വാദികളും മതേതര വാദികളും മൗനം പാലിക്കുമ്പോള്‍ ഫാഷിസം അതിന്റെ പാരമ്യാവസ്ഥ കൈവരിക്കുന്നു. തിരിച്ചറിവിന്റെ  സമയം ഇനിയും വൈകിയാല്‍ രാജ്യത്തെ പൂര്‍ണമായി ഭിന്നിപ്പിക്കുകയും തകര്‍ക്കുകയും ചെയ്യുമെന്നു കരുതാം.
ദളിത് ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമൂലയുടെ ആത്മഹത്യയിലെത്തി നില്‍ക്കുന്ന വാര്‍ത്തമാന സാഹചര്യം ഫാഷിസത്തിന്റെ പ്രത്യയശാസ്ത്രപരമായ അധീശത്വത്തെ ചെറുക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. രോഹിത് എഴുതിയ ആത്മഹത്യ കുറിപ്പില്‍ നിന്നും ഒരു ജനതയുടെ രോദനമാണ് നാം കേള്‍ക്കുന്നത്. എഴുതപ്പെട്ട തത്വ ചിന്തകളെയും കവിതകളെയും പുറംതള്ളുന്ന ഒരു സൗന്ദര്യാത്മക ആവിഷ്‌ക്കാരമാണ് രോഹിതിന്റെ അവസാനത്തെ കുറിപ്പ്. ഇന്ത്യയിലുടനീളം അക്കാദമിക കേന്ദ്രങ്ങളില്‍ ജാതിവ്യവസ്ഥയുടെ ഇരകളായി ദലിതരും പിന്നാക്ക സമുദായക്കാരും ജീവിക്കുന്നത് രോഹിതില്‍ തുടങ്ങുന്നതോ അവസാനിക്കുന്നതോ അല്ല.
രോഹിതിന്റെ ആത്മഹത്യ സവര്‍ണ പ്രത്യയശാസ്ത്രം കൊണ്ടു മാത്രം സംഭവിച്ചതല്ല. മറിച്ച് ഇന്ത്യന്‍ ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടല്‍ കാരണമാണ് ധിഷണാശാലിയായ  ഒരു ഗവേഷകന്‍ മരിക്കേണ്ടിവരുന്നത്. മിക്കപ്പോഴും ആത്മഹത്യകള്‍ കൊലയാണെന്ന് പറയേണ്ടിവരുന്നത് ഒരാളെ നിസ്സഹായനാക്കി മരണത്തിലേക്ക് തള്ളിവിടുന്ന  ബാഹ്യശക്തികള്‍ ഉണ്ടാവുന്നതിനാലാണ്. രോഹിതിന്റെ കാര്യത്തില്‍ സര്‍വ്വകലാശാലയില്‍ നിലനില്‍ക്കുന്ന ‘ജാതിമേല്‍ക്കോയ്മയ്ക്ക് പുറമെ ഇപ്പോള്‍ ഇന്ത്യഭരിക്കുന്ന ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടലുകളും പുറത്ത് വന്നിരിക്കുകയാണ്. രോഹിതിന്റെ മരണത്തിന് നഷ്ടപരിഹാരമായി പ്രഖ്യാപിച്ച എട്ടുലക്ഷം രൂപ നിഷേധിച്ചു കൊണ്ട് അദ്ദേഹത്തിന്റെ അമ്മ നടത്തിയ പ്രഖ്യാപനമാണ് വരും കാല ഫാഷിസ്റ്റ് പ്രത്യയശാസ്ത്രത്തെ പ്രതിരോധിക്കാന്‍ അനിവാര്യമായിട്ടുള്ളത്. ഞങ്ങള്‍ക്ക് പണമല്ല നീതിയാണ് വേണ്ടത്!.                          ി

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss