|    Nov 25 Sat, 2017 1:16 pm
FLASH NEWS
Home   >  Sports  >  Football  >  

ജര്‍മന്‍ സൂപ്പര്‍ കപ്പ് ബയേണ്‍ മ്യൂണികിന്

Published : 6th August 2017 | Posted By: ev sports

– ഡോര്‍ട്മുണ്ട് 6- ബയേണ്‍ മ്യൂണിക് 7
– ജയം പെനല്‍റ്റി ഷൂട്ടൗട്ടില്‍

ഡോര്‍ട്മുണ്ട്: ജര്‍മന്‍ സൂപ്പര്‍ കപ്പിലും ബയേണ്‍ മ്യൂണിക് തന്നെ ചാംപ്യന്മാര്‍. ഏറെ നാടകീയതയ്‌ക്കൊടുവില്‍ നാട്ടുവൈരികളായ ഡോര്‍ട്മുണ്ടിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് ബുണ്ടസ്‌ലീഗ ചാംപ്യന്മാര്‍ കിരീടമുയര്‍ത്തിയത്. മല്‍സരം 2-2ന് പിരിഞ്ഞെങ്കിലും ഷൂട്ടൗട്ടില്‍ മാര്‍ക് ബത്ര പെനല്‍റ്റി നഷ്ടമാക്കിയത് ഡോര്‍ട്മുണ്ടിന് തിരിച്ചടിയാവുകയായിരുന്നു.
പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ അത്യധികം വാശിയേറിയ ഫൈനലാണ് ഡോര്‍ട്മുണ്ടിലെ സിഗ്നല്‍ ഇദുന പാര്‍കില്‍ നടന്നത്. 4-3-2-1 ശൈലിയില്‍ ആഞ്ചലോട്ടി ബയേണിനെ അണിനിരത്തിയപ്പോള്‍ 4-3-3 ശൈലിയില്‍ തന്നെയാണ് ഡോര്‍ട്മുണ്ട് പട ഇറങ്ങിയത്. ആദ്യ 12ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ പുലിസികിലൂടെ ഡോര്‍ട്മുണ്ട് ആധിപത്യം നേടിയെങ്കിലും 18ാം മിനിറ്റില്‍ ബയേണ്‍ സമനില കണ്ടെത്തി. കിമ്മിച്ചിന്റെ അസിസ്റ്റില്‍ ലെവന്‍ഡോവ്‌സ്‌കിയുടെ കണ്ടെത്തലായിരുന്നു ഗോള്‍. ആദ്യപകുതിയില്‍ പന്തടക്കത്തിലും ഗോള്‍ശ്രമങ്ങളിലും മുന്നില്‍ നിന്ന ബയേണിനെ ഇടംവലം വരിഞ്ഞുമുറുക്കി, രണ്ടാംപകുതിയില്‍ തിരിച്ചുവന്ന ഡോര്‍ട്മുണ്ട് തന്നെ വീണ്ടും ആധിപത്യം നേടി. 71ാം മിനിറ്റില്‍ ഡെംപിളിന്റെ ഷോട്ടിലൂടെ ഒബെമെയങായിരുന്നു വല കുലുക്കിയത്. മല്‍സരത്തില്‍ ജയം നേടാമായിരുന്നിട്ടും ഡോര്‍ട്മുണ്ടിന്റെ ഗോള്‍കീപ്പര്‍ റോമന്‍ ബുര്‍കിയുടെ അശ്രദ്ധ ബയേണിന് ഗോള്‍ സമ്മാനിച്ചു. 88ാം മിനിറ്റില്‍ ബുര്‍കിയുടെ സെല്‍ഫ് ഗോളിലൂടെ ബയേണ്‍ സമനില നേടിയപ്പോള്‍ മല്‍സരം ഷൂട്ടൗട്ടിലേക്ക് വഴിമാറി.
ബയേണിന് വേണ്ടി ലെവന്‍ഡോവ്‌സ്‌കിയും റിബെറിയും ആദ്യ രണ്ട് അവസരങ്ങള്‍ കൃത്യമായി ഗോളാക്കി മാറ്റിയപ്പോള്‍ കിമ്മിച്ചിന്റെ ശ്രമം പരാജയപ്പെട്ടു. അപ്പുറത്ത് ഡെംപിളും ഫിലിപ്പും ഒബെമെയാങും ലക്ഷ്യം കണ്ടതോടെ 3-2ന് ഡോര്‍ട്മുണ്ട് മുന്നില്‍. എന്നാല്‍, വീണ്ടും ഭാഗ്യം ബയേണിനെ തുണച്ചു. അടുത്ത രണ്ട് അവസരങ്ങളിലായി റൂഡിയും വിദാലും ഗോള്‍ കണ്ടെത്തിയപ്പോള്‍ ഡോര്‍ട്മുണ്ടിന്റെ സെബാസ്റ്റിയന്‍ റോഡിന് ഗോളാക്കാനായില്ല. അഞ്ചാം അവസരം കാസ്‌ട്രോ വലയിലെത്തിച്ചതോടെ ഗോള്‍ നില 4-4. നിര്‍ണായകമായ ആറാം ചാന്‍സില്‍ ബയേണ്‍ മ്യൂണികിന് വേണ്ടി നിക്ലസ് സൂള്‍ ലക്ഷ്യം കണ്ടെത്തിയപ്പോള്‍ ഡോര്‍ട്മുണ്ടിന്റെ മാര്‍ക് ബത്രയ്ക്ക് പിഴച്ചു. അങ്ങനെ ഒറ്റഗോള്‍ ആധിപത്യത്തില്‍ കിരീടം ജര്‍മന്‍ ചാംപ്യന്മാര്‍ സ്വന്തമാക്കി.
അതേസമയം, ജര്‍മനിയിലെ ആദ്യ വീഡിയോ റഫറിയിങ് സംവിധാനം ആദ്യമായി പരീക്ഷിച്ച മല്‍സരത്തില്‍ ഗോള്‍ അനുവദിച്ചതില്‍ പാകപ്പിഴ സംഭവിച്ചെന്ന് വിവാദമുയര്‍ന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക