|    Sep 26 Wed, 2018 7:56 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ജര്‍മന്‍ സന്ദര്‍ശനം: മന്ത്രി രാജുവിനെ വിമര്‍ശിച്ച് കാനം രാജേന്ദ്രന്‍

Published : 21st August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനം പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന സമയത്ത് വനം മന്ത്രി കെ രാജു വിദേശയാത്ര നടത്തിയത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മന്ത്രിക്കെതിരായി നടപടി സ്വീകരിക്കുന്ന കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കും. പാര്‍ട്ടി മന്ത്രിയോട് തിരികെ വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് മന്ത്രി തിങ്കളാഴ്ച നാട്ടിലെത്തുമെന്നും കാനം പറഞ്ഞു. നടപടി പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. അതു പുറത്തുപറയേണ്ട ആവശ്യമില്ല. വിദേശയാത്രാ വിഷയത്തില്‍ വിവാദത്തിന്റെ ആവശ്യമില്ലെന്നും കാനം പറഞ്ഞു. കോട്ടയം ജില്ലയുടെ പ്രളയക്കെടുതി നേരിടുന്നതിനുള്ള ചുമതല രാജുവിനായിരുന്നു.
സംസ്ഥാനം പ്രളയത്തില്‍ മുങ്ങിനില്‍ക്കുമ്പോള്‍ കഴിഞ്ഞ 16നാണ് രാജു ജര്‍മനിയിലേക്കു പോയത്. മലയാളി സമ്മേളനത്തിനായി മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായിരുന്നു രാജുവിന്റെ ജര്‍മന്‍ യാത്ര. പുനലൂരിലെ സ്വന്തം മണ്ഡലത്തില്‍ ചില ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ച മന്ത്രി കുറച്ചുദിവസം താന്‍ ഇവിടെയുണ്ടാവില്ലെന്ന് അവരെ അറിയിച്ചാണ് നാടുവിട്ടത്. അതേസമയം, മന്ത്രിയുടെ നടപടിയില്‍ സിപിഐ കേന്ദ്രനേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് ലഭിക്കുന്ന റിപോര്‍ട്ട്. നാട് മുഴുവന്‍ കെടുതിയിലും അതിന്റെ രക്ഷാപ്രവര്‍ത്തനത്തിലും മുഴുകുമ്പോള്‍ അതിനു നേതൃത്വം കൊടുക്കേണ്ട മന്ത്രി നാടുചുറ്റാന്‍ പോയത് ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത കാര്യമായാണ് പാര്‍ട്ടി കാണുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss