|    Dec 13 Thu, 2018 11:19 pm
FLASH NEWS
Home   >  Sports  >  Football  >  

ജര്‍മനിയുടെ വിജയ നിയമങ്ങള്‍

Published : 30th May 2018 | Posted By: vishnu vis

വിഷ്ണു സലി

ലോക ഫുട്‌ബോളില്‍  വ്യത്യസ്തമായ കളി നിയമങ്ങള്‍ കൊണ്ട് പരിശീലകസ്ഥാനത്ത് തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ വ്യക്തിയാണ് ജോച്ചിം ലോ. 2014ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ ജര്‍മനിയെ രാജാക്കന്‍മാരാക്കിയതും ലോയുടെ ഇത്തരം തന്ത്രങ്ങള്‍ തന്നെയായിരുന്നു. ബ്രസീലില്‍ വിശ്വവിജയികളായി റഷ്യയില്‍ വീണ്ടും ചരിത്രം ആവര്‍ത്തിക്കാന്‍ ജര്‍മനി ഇറങ്ങുമ്പോള്‍ എതിരാളികള്‍ കരുതിത്തന്നെയിരിക്കണം. കാരണം ബ്രസീല്‍ ലോകകപ്പിലെ ടീമിനേക്കാള്‍ ശൗര്യമേറിയ താരങ്ങളുമായാണ് ലോ റഷ്യയില്‍ പന്ത് തട്ടാനെത്തുന്നത്.
റഷ്യന്‍ ലോകകപ്പിലേക്കുള്ള ജര്‍മനിയുടെ യോഗ്യതാ നേട്ടം തന്നെ രാജകീയമായിരുന്നു. കളിച്ച 10 മല്‍സരങ്ങളും ജയിച്ചു കയറിയ ജര്‍മനി എതിര്‍ ഗോള്‍വലയിലേക്ക് അടിച്ചുകയറ്റിയ 43 ഗോളുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട് ടീമിന്റെ കരുത്ത്. അഞ്ചാം വട്ടം ലോകകപ്പില്‍ മുത്തമിട്ട് ഏറ്റവും കൂടുതല്‍ കിരീടമുയര്‍ത്തിയവരുടെ പട്ടികയില്‍ ബ്രസീലിനൊപ്പമെത്താനുള്ള തയ്യാറെടുപ്പിലാണ് ജര്‍മനിയുള്ളത്. സീനിയര്‍ പരിഗണന മാത്രം നല്‍കാതെ നിലവിലെ ഫോമും പ്രകടനവും വിലയിരുത്തി മികച്ച ടീമിനെത്തന്നെ ലോ ജര്‍മന്‍ നിരയിലേക്കെത്തിച്ചപ്പോള്‍ ബ്രസീല്‍ ലോകകപ്പിലെ ഹീറോ മരിയോ ഗോഡ്‌സെയ്ക്ക് പോലും ടീമില്‍ നിന്ന് പുറത്തുപോവേണ്ടി വന്നു. 25 വയസില്‍ താഴെയുള്ള 10 താരങ്ങളെയാണ് ലോയുടെ ജര്‍മന്‍ നിരയില്‍ ഇത്തവണ സ്ഥാനം പിടിച്ചത്.  മാരിയോ ഗോമസും സമി ഖദീരയുമാണ് വല്ല്യേട്ടന്‍മാര്‍. ടിമോ വെര്‍ണര്‍, നിക്‌ലാസ് സുലെ, ലിറോയ് സാനെ, ജൊനാതന്‍ ഥാ, ജൂലിയന്‍ ബ്രന്‍ഡ് എന്നിവരാണ് ടീമിലെ പ്രായം കുറഞ്ഞ താരങ്ങള്‍.
മികച്ച താരങ്ങളുണ്ടായതുകൊണ്ടു മാത്രം കാല്‍പന്തില്‍ കാര്യമില്ല. കുമ്മായവരക്കുള്ളില്‍ കളമറിഞ്ഞ് തന്ത്രം പയറ്റാനുള്ള ശേഷികൂടി വേണം. ജോച്ചിം ലോയുടെ ആ ശേഷി തന്നെയാണ് ജര്‍മനിയുടെ കരുത്ത്. കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ അനുഭസമ്പന്നനായ ക്ലോസെയെ തിരിച്ചുവിളിച്ച് പകരം ഗോഡ്‌സയെ ഇറക്കി വിജയം പിടിച്ചെടുത്ത ലോയുടെ ചങ്കൂറ്റമാണ് ജര്‍മനിയെ ലോക കിരീടത്തിലേക്കെത്തിച്ചത്. 4-2-3-1 എന്ന ശൈലിയെ സ്‌നേഹിക്കുന്ന ലോ അവസരത്തിനൊത്ത് ശൈലിയില്‍ മാറ്റം വരുത്തുന്നു. ഗോള്‍ പോസ്റ്റിന് കീഴില്‍ ബയേണ്‍ താരം മാനുവല്‍ ന്യൂയറിനാവും ലോ ആദ്യ പരിഗണന കൊടുക്കുക. എന്നാല്‍ പരിക്കിന്റെ പിടിയിലുള്ള ന്യൂയര്‍ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ലെങ്കില്‍ ബാഴ്‌സലോണയുടെ ഗോള്‍ കീപ്പര്‍ മാര്‍ക് ആന്ദ്രേ ടെര്‍ സ്‌റ്റെഗന്‍ തന്നെയായിരിക്കും ഗോള്‍ വല കാക്കുക. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സെന്റര്‍ ബാക് ജോഡികളായ ജെറോം ബോട്ടെങ്ങും മാറ്റ്‌സ് ഹമ്മല്‍സും ബയേണിനെ കാത്തതുപോലെ തന്നെ ജര്‍മനിക്കും തുണയാകും. ഇടത്തും വലത്തുമായി ജോനാസ് ഹെക്ടറും ഫിലിപ് ലാമിന്റെ പകരക്കാരന്‍ ജോഷ്വാ കിമ്മിച്ചുമാകും ആദ്യ ഇലവനില്‍ പ്രതിരോധം തീര്‍ക്കുക.
പന്തടക്കത്തില്‍ മാത്രം മികവ് പുലര്‍ത്താതെ അതിവേഗ പാസുകളുമായി എതിരാളികളെ വിറപ്പിക്കുക എന്നതാണ് ലോയുടെ തന്ത്രം. ഇതിനായി മധ്യനിരയില്‍ ടോണി ക്രൂസിനും മസൂദ് ഓസിലിനും തന്നെയാവും ലോ അവസരം നല്‍കുക. സിറ്റി താരം ഇല്‍കായ് ഗുണ്ടോകനും ആദ്യനിരയിലുണ്ടാകും. സൂപ്പര്‍ സബ്ബുകളായി ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍, ലിയോണ്‍ ഗോറെറ്റ്‌സ്‌ക, സമി ഖെദീര എന്നിവര്‍ ബെഞ്ചിലുണ്ടാവും. പെപ് ഗാര്‍ഡിയോളയുടെ പ്രിയ ശിഷ്യന്‍ ലിറോയ് സാനെ ഇടതുവിങിലും ബയേണ്‍ താരം തോമസ് മുള്ളര്‍ വലത്തും ഇറങ്ങും. മുന്നേറ്റത്തില്‍ ചടുല നീക്കങ്ങളുമായി ടിമോ വെര്‍ണര്‍ കൂടിയെത്തുമ്പോള്‍ ജര്‍മന്‍ ടീം സുശക്തമാവും.  കഴിഞ്ഞ ബുണ്ടസ്‌ലിഗാ സീസണില്‍ ആര്‍ബി ലൈപ്‌സിഷ് ക്ലബിനായി 11 ഗോളുകളാണ് ടിമോ നേടിയത്. 12 രാജ്യാന്തര മല്‍സരങ്ങളില്‍നിന്ന് ഈ മികച്ച ഫിനിഷര്‍ ജര്‍മനിക്കു സമ്മാനിച്ചത് ഏഴ് ഗോളുകളാണ്.എന്നാല്‍ സൗഹൃദ മല്‍സരത്തില്‍ ബ്രസീലിനോടേറ്റ തോല്‍വിയും (1-0), സ്‌പെയിനിനോടുള്ള സമനിലക്കുരുക്കും (1-1) ആത്മവിശ്വാസം അമിതമാകരുതെന്ന മുന്നറിയിപ്പ് ചാംപ്യന്‍മാര്‍ക്കു നല്‍കുന്നു.
അവസാന ലോകകപ്പില്‍ ബ്രസീലിനെ 7-1ന് തകര്‍ത്ത ജര്‍മനി ഒരു പിടി റെക്കോഡുകളാണ് സ്വന്തം പേരിലെഴുതിയത്. ബ്രസീലിന്റെ ലോക കപ്പിലെ ഏറ്റവും വലിയ തോല്‍വി , സ്വന്തം മണ്ണില്‍ ബ്രസീലിന്റെ ഏറ്റവും വലിയ തോല്‍വി , ബ്രസീലിന്റെ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി,ലോക കപ്പില്‍ ആതിഥേയ രാഷ്ട്രത്തിന്റെ ഏറ്റവും വലിയ തോല്‍വി , ലോക കപ്പ് സെമി ഫൈനലിലെ ഏറ്റവും വലിയ തോല്‍വി എന്നിങ്ങനെ നാണക്കേടിന്റെ റെക്കോഡിലേക്കാണ് ബ്രസീലിനെ കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനി തള്ളിവിട്ടത്. കൂടാതെ ലോകകപ്പിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും വേഗത്തില്‍ അഞ്ച് ഗോളുകള്‍ നേടുന്ന ടീമെന്ന ബഹുമതിയും ജര്‍മനി ആദ്യ 29 മിനിറ്റില്‍ (5:0), സ്വന്തമാക്കിയിരുന്നു. ആറ് മിനിറ്റിനിടെ നാല് ഗോളുകളാണ് ജര്‍മനി നേടിയത്.  വീണതും വീഴ്ത്തിയതും കാല്‍പന്തില്‍ പുത്തന്‍ സംഭവമല്ല. തോല്‍വികള്‍ക്ക് കളത്തില്‍ തന്നെ മറുപടികൊടുക്കുന്ന കാല്‍പന്ത് പാരമ്പര്യം റഷ്യയിലും ആവര്‍ത്തിക്കപ്പെട്ടാല്‍ ആരാധകര്‍ക്ക് അവിസ്മരണീയമായ മറ്റൊരു ലോകകപ്പ് കൂടി ലഭിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss