|    Dec 15 Sat, 2018 9:43 am
FLASH NEWS
Home   >  Sports  >  Football  >  

ജര്‍മനിയുടെ കാവല്‍ ഭടന്‍

Published : 2nd June 2018 | Posted By: vishnu vis

റഷ്യയില്‍ ജര്‍മന്‍ പട ലോകകപ്പില്‍ പന്ത് തട്ടുമ്പോള്‍ അതിന്റെ അമരത്ത് പരിചയസമ്പന്നനായ ഗോള്‍പോസ്റ്റിലെ കാവല്‍ക്കാരന്‍ മാനുവല്‍ ന്യൂയര്‍ ഉണ്ടാവണമേ എന്ന പ്രാര്‍ഥനയായിരുന്നു ജര്‍മന്‍ ആരാധകരുടെ മനസ്സില്‍.  എട്ട് മാസത്തെ ദീര്‍ഘ വിശ്രമത്തിന് ശേഷം ഓസ്ട്രിയക്കെതിരേ നടക്കുന്ന അന്താരാഷ്ട്ര സന്നാഹ മല്‍സരത്തില്‍ താരം കളിക്കുമെന്നാണ് അധികൃത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതോടെ ഏറെ നാളത്തെ പ്രാര്‍ഥനകള്‍ക്കൊടുവില്‍ ആശ്വാസത്തിന്റെ വെട്ടത്തിന് തിരിതെളിച്ചതു പോലെയാണ്  ജര്‍മന്‍ ആരാധകരുള്ളത്. നേരത്തേ ന്യൂയര്‍ ജര്‍മനിയുടെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായിരിക്കുമെന്ന് കോച്ച് ജോച്ചിം ലോ വ്യക്തമാക്കിയിരുന്നു. കോച്ച് ലോ റഷ്യന്‍ ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള ന്യൂയറിനെയും ഉള്‍പ്പെടുത്തിയാണ് പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചത്.  താരത്തിന്റെ പരിക്ക് ഉടനെ ഭേദമാകുമെന്ന സൂചനയായിരുന്നു ഇതു വഴി ജോച്ചിം ലോ കാല്‍പന്ത് പ്രേമികളോട് വിളിച്ചോതിയത്. ഒരിക്കല്‍ കൂടി ന്യൂയല്‍ ജര്‍മന്‍ വല കാക്കാനായി റഷ്യയില്‍ ഇറങ്ങിയാല്‍ 2014ലെ ലോകകപ്പില്‍ ലഭിച്ച ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം ഇരട്ടിയാക്കാനുള്ള അവസരം കൂടിയാവും അത്.
സൗഹൃദ മല്‍സരത്തിന് മുന്നോടിയായുള്ള പരിശീലനത്തില്‍ താരം കളത്തിലിറങ്ങിയാണ് ലോക ആരാധകര്‍ക്കുള്ള അഭ്യുഹങ്ങള്‍ക്ക് അറുതി വരുത്തിയത്. കൂടാതെ  ജര്‍മനിയുടെ സീനിയര്‍ ടീമും അണ്ടര്‍ 20 ടീമും തമ്മിലുള്ള പരിശീലന മല്‍സരത്തില്‍ വലയം കാക്കുകയും ചെയ്തു. പരിക്കില്‍ നിന്ന് മോചിതനായെത്തിയ ശേഷം അവിശ്വസനീയ പ്രകടനമാണ് ന്യൂയര്‍ കാഴ്ച വെക്കുന്നതെന്നും, ഏറെക്കാലം കളത്തിന് പുറത്തിരുന്ന ഒരു ഗോള്‍കീപ്പറായി അദ്ദേഹത്തിന്റെ പ്രകടനം കാണുമ്പോള്‍ തോന്നുന്നില്ലെന്നും പറഞ്ഞ സൂള്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ‘ ഒത്തിരി നാള്‍ പുറത്തിരുന്നതിന് ശേഷം പരിശീലനം തുടങ്ങിയ ന്യൂയറിന്റെ പ്രകടനം കണ്ട് ആദ്യം തനിക്ക് വിശ്വസിക്കാനായില്ല, പരിശീലനത്തിനിടെ ഓരോ പന്തുകളും അദ്ദേഹം തടുത്തിടുന്നത് തന്നെ ഞെട്ടിച്ചു എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ശരീരഭാഷ തന്നെ ശരിക്കും അദ്ഭുതപ്പെടുത്തുന്നു. ന്യൂയര്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍’ സൂള്‍ പറഞ്ഞു. 2009 മുതല്‍ ജര്‍മനിയെ തന്റെ കൈകളില്‍ ഭദ്രമാക്കികളിക്കുന്ന ന്യൂയര്‍ ടീമിന് വേണ്ടി 74 മല്‍സരങ്ങളിലാണ് വല കാത്തത്. 2013 മുതല്‍ 2016 വരെ ലോകത്തെ മികച്ച ഗോള്‍ കീപ്പറിനുള്ള പുരസ്‌കാരം ന്യൂയര്‍ സ്വന്തമാക്കിയിരുന്നു. നിലവില്‍ ജര്‍മന്‍ ടീമിന്റ നായകന്‍ കൂടിയാണ് ഈ 32കാരന്‍. ജര്‍മന്‍ ടീമിന്റെ നായകന്‍ ബാസ്റ്റീന്‍ ഷ്വെയ്ന്‍സ്റ്റീഗര്‍ വിരമിച്ചതിന് പിന്നാലെ 2016 സെപ്റ്റംബറിലാണ് ന്യൂയര്‍ ജര്‍മനിയുടെ നായകസ്ഥാനമേറ്റെടുക്കുന്നത്.  2014ലെ ബാലണ്‍ ദി യോര്‍ പുരസ്‌കാരത്തില്‍ റൊണാള്‍ഡോയ്ക്കും മെസ്സിക്കും പിന്നിലായി മൂന്നാമതായാണ് താരം നാമനിര്‍ദേശം ചെയ്യപ്പെട്ടത്. എതിരാളികളുടെ മുന്നേറ്റങ്ങള്‍ മുന്‍കൂട്ടിക്കണ്ട് കയറിക്കളിക്കുന്ന ന്യൂയര്‍ കഴിഞ്ഞ ലോകകപ്പില്‍ സ്വീപ്പര്‍കീപ്പര്‍ ശൈലിക്കു പ്രചാരം നല്‍കി. റഷ്യയുടെ ഇതിഹാസ ഗോള്‍ കീപ്പര്‍ ലെവ് യാഷിനു സമാനമായും ന്യൂയറിനെ വിലയിരുത്താറുണ്ട്. ന്യൂയറിന്റെ മികവ് ക്ലബ് ഫുട്‌ബോളിലും ഗോള്‍ കീപ്പറുടെ റോളിനു പുത്തന്‍ ഭാഷ്യമെഴുതി.
പന്ത് അലക്ഷ്യമായി ക്ലിയര്‍ ചെയ്യാതെ കൂട്ടുകാര്‍ക്ക് എത്തിച്ചുകൊടുക്കുന്നതിലെ മിടുക്കും ന്യൂയറിനെ ലോകത്തിലെ ഒന്നാം നമ്പര്‍ ഗോളി എന്ന രീതിയില്‍ വളര്‍ത്തി. കളിയെഴുത്തുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ ആധുനിക ഗോള്‍ കീപ്പര്‍ കളംനിറയുന്ന 11ാമനാണ്. ഇതു കൊണ്ടു തന്നെയാണ്  ജോ ഹാര്‍ട്ടിനെപ്പോലുള്ള മികച്ച ഗോള്‍ കീപ്പര്‍മാര്‍മാരെ ജര്‍മനി കൂടുതല്‍ വാഴിക്കാത്തത്. പരിചയ സമ്പന്നനാണെങ്കിലും ജര്‍മനി ജോ ഹാര്‍ട്ടില്‍ താല്‍പര്യം കാണിച്ചില്ല. താരത്തെ ടീമില്‍ നിന്ന് മാറ്റി നിലര്‍ത്തുകയും ചെയ്തു. ഇങ്ങനെയൊക്കെയാണെങ്കിലും ലോക ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന ന്യൂയറിന്റെ പരിക്ക് ഫുട്‌ബോള്‍ മാമാങ്കത്തിന് വിള്ളല്‍ വീഴ്ത്തുമോ, കൂടാതെ ജര്‍മന്‍ ടീമിന്റെ പടയോട്ടത്തിന് താരത്തിന്റെ അസാന്നിധ്യം ചുവപ്പുകൊടിയില്‍ കലാശിക്കുമോ എന്നൊക്കെയുള്ള ചോദ്യത്തിന് ഇന്നത്തെ ജര്‍മനി – ഓസ്ട്രിയ മല്‍സരം മറുപടി നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss