|    Nov 19 Mon, 2018 10:22 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജര്‍മനിയിലേക്ക് പോവാന്‍ അനുമതി തേടി ദിലീപ് കോടതിയില്‍

Published : 7th November 2018 | Posted By: kasim kzm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് വിദേശയാത്രാ അനുമതി തേടി വീണ്ടും കോടതിയില്‍. സിനിമാ ചിത്രീകരണത്തിനായി ഒന്നരമാസം ജര്‍മനിയില്‍ പോവാന്‍ അനുവദിക്കണമെന്നാണ് പുതിയ ആവശ്യം. എന്നാല്‍, വിചാരണ വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് പ്രതിയുടേതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെ ജര്‍മനിയിലെ ഫ്രങ്ക്ഫര്‍ട്ടിലേക്ക് പോവുന്നതിനായി പാസ്‌പോര്‍ട്ട് വിട്ടുകിട്ടുന്നതിനാണ് ദിലീപ് കോടതിയെ സമീപിച്ചത്. കേരളത്തിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയുടെ ആവശ്യാര്‍ഥമാണ് യാത്രയെന്നും ഹരജിയില്‍ ദിലീപ് വ്യക്തമാക്കി.
എന്നാല്‍, കുറ്റപത്രം സമര്‍പ്പിച്ച് വിചാരണയിലേക്കു കടക്കുന്ന കേസില്‍ പ്രതി ദീര്‍ഘകാലം വിദേശത്ത് പോയാല്‍ വിചാരണ നീണ്ടുപോവുമെന്നാണ് പ്രോസിക്യൂന്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം കഴിഞ്ഞ വര്‍ഷം നവംബറില്‍ കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും ഇതുവരെ വിചാരണ തുടങ്ങാനായിട്ടില്ല. ദിലീപ് അടക്കമുള്ള പ്രതികള്‍ വിവിധ ആവശ്യങ്ങളുമായി കോടതിയില്‍ നല്‍കുന്ന നിരന്തര ഹരജികളാണ് ഇതിനു തടസ്സമാവുന്നത്. ഇത് ആസൂത്രിതമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ദിലീപിന്റെ യാത്രയില്‍ ആരൊക്കെയുണ്ട്, താമസം എവിടെ എന്നതെല്ലാം മറച്ചുവയ്ക്കുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികള്‍ പലരും സിനിമാ മേഖലയിലുള്ളവരാണ്. സിനിമാ ചിത്രീകരണത്തിനെന്ന പേരിലുള്ള യാത്ര സാക്ഷികളെ സ്വാധീനിക്കാനാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
എന്നാല്‍, വിസ സ്റ്റാമ്പ് ചെയ്യാന്‍ അനുവദിക്കണമെന്നും കോടതി നിര്‍ദേശിക്കുന്ന ഏതു നിബന്ധനയും അംഗീകരിക്കാമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് ഈ മാസം 9ന് വീണ്ടും പരിഗണിക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss