|    Jan 19 Thu, 2017 5:45 am
FLASH NEWS

ജരാനരകള്‍ ബാധിച്ച രാഷ്ട്രീയം

Published : 23rd September 2016 | Posted By: SMR

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെയും ഡല്‍ഹി സര്‍വകലാശാലയിലെയും വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പുവിധി പുറത്തുവന്നത് കഴിഞ്ഞയാഴ്ചയാണ്. അരുണാചല്‍പ്രദേശില്‍ മുഖ്യമന്ത്രിയടക്കം പ്രതിപക്ഷ പാര്‍ട്ടിയില്‍ ലയിച്ചിരിക്കുന്നു. മാറുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശാസൂചികളാണീ രണ്ടു സംഭവങ്ങളും.
ജെഎന്‍യു എസ്‌യു തിരഞ്ഞെടുപ്പ് ദേശീയതയുടെ അര്‍ഥങ്ങള്‍ തേടിയ വലിയ ജനാധിപത്യ പോരാട്ടമായിരുന്നു. നെഹ്‌റുവിയന്‍ നയങ്ങളെ പ്രതീകവല്‍ക്കരിക്കുന്ന ‘ജെഎന്‍യു അടച്ചുപൂട്ടുക’ എന്ന ബിജെപി-ആര്‍എസ്എസ് രാഷ്ട്രീയം പരാജയപ്പെടുകയും ‘ജെഎന്‍യുവിനൊപ്പ’മെന്ന ഇടതുപക്ഷ പാര്‍ട്ടികള്‍ ഏകോപിപ്പിച്ച മുദ്രാവാക്യം വിജയിക്കുകയും ചെയ്തു. എന്തെല്ലാം പരിമിതികളും പോരായ്മകളും ഉണ്ടെങ്കിലും ഐസയും എസ്എഫ്‌ഐയും യോജിച്ചു മത്സരിച്ച് എബിവിപിക്ക് കനത്ത തോല്‍വി ഏല്‍പിച്ച ഈ തിരഞ്ഞെടുപ്പിനു വലിയ ദേശീയപ്രാധാന്യമുണ്ട്. ഇടതുപക്ഷത്തിന്റെ യോജിപ്പും ഏകോപനവും കൂടിയല്ലാതെ ആര്‍എസ്എസ് നയിക്കുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തെ പരാജയപ്പെടുത്താനാവില്ല എന്ന തിരിച്ചറിവാണത്.
ഈ സര്‍വകലാശാലാ തിരഞ്ഞെടുപ്പ് രാജ്യത്തെ രാഷ്ട്രീയ ചലനങ്ങളുടെ ദിശയാണ് സൂചിപ്പിക്കുന്നത്. ആര്‍എസ്എസ് ദേശീയ രാഷ്ട്രീയമണ്ഡലത്തില്‍ അഴിച്ചുവിട്ടിരിക്കുന്ന ബിജെപിയെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസ്-ഐക്ക് കരുത്തില്ല. ഇടതുപക്ഷ രാഷ്ട്രീയത്തിനും അത് ഏകോപിപ്പിക്കുന്ന ബദല്‍ മതനിരപേക്ഷ രാഷ്ട്രീയത്തിനും മാത്രമേ അതിനാകൂ. എന്നാല്‍, ഡല്‍ഹിയില്‍ നിന്നു ചുറ്റും നോക്കുമ്പോള്‍ ഇടതുപക്ഷമാകെ മഹാശൂന്യതയിലെ കൊച്ചുതുരുത്തുകള്‍ മാത്രം. ഉള്ളിടത്ത് ഏകോപനത്തിന്റെയോ ഐക്യത്തിന്റെയോ അടിസ്ഥാനത്തിലുള്ള ജനമുന്നേറ്റനീക്കങ്ങളും സാധ്യതകളും വിരളവും. ഫലത്തില്‍ ബിജെപിയുടെ കുടിലതന്ത്രങ്ങള്‍ക്ക് രാജ്യം തുറന്ന മൈതാനം പോലെ കിടക്കുന്നു.
ജെഎന്‍യുവിലെ കാര്യം തന്നെയെടുത്താല്‍ അതു വ്യക്തമാണ്. തിരഞ്ഞെടുപ്പിനു വേണ്ടി മാത്രമുള്ള, വോട്ടുരാഷ്ട്രീയത്തില്‍ ഊന്നിയുള്ള ഒരു യോജിപ്പു മാത്രമാണ് അവിടെ ഐസയും എസ്എഫ്‌ഐയും തമ്മിലുണ്ടായത്. രോഹിത് വെമുലയുടെ ആത്മഹത്യയെത്തുടര്‍ന്ന് രാജ്യമൊട്ടുക്കും ആളിക്കത്തിയ ദലിത് രാഷ്ട്രീയത്തിന്റെയോ കനയ്യയുടെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ ഗതിവിഗതികളുടെയോ ആശയങ്ങള്‍ ഉള്‍ക്കൊണ്ട ആശയപരമായ അടിത്തറയില്‍ രൂപപ്പെട്ട ഐക്യം രൂപപ്പെടുകയുണ്ടായില്ല. ജെഎന്‍യുവിലെ സമരജ്വാല ദേശീയതലത്തില്‍ ആളിപ്പടരുന്ന അവസ്ഥ നിലനിര്‍ത്താനുള്ള ഭൗതിക സാഹചര്യങ്ങളും നിലവിലില്ല.
ദേശീയപ്രസ്ഥാനത്തിന്റെ പാരമ്പര്യവും അടിവേരുകളുമുള്ള കോണ്‍ഗ്രസ്-ഐ രാജ്യമാകെ സാന്നിധ്യവും സ്വാധീനവുമുള്ള പാര്‍ട്ടിയാണ് ഇപ്പോഴും. അതിന്റെ ഏകപക്ഷീയ മേധാവിത്വം പോയിരിക്കുന്നു. ഒരു തിരിച്ചുവരവിനോ ആര്‍എസ്എസ്-ബിജെപി വെല്ലുവിളിയെ നേരിടാനോ ഉള്ള കരുത്തില്ലാത്ത അവസ്ഥയിലാണ് അവര്‍. ഇതിന്റെ തെളിവാണ് അരുണാചലിലെ സംഭവവികാസങ്ങള്‍. ഗവര്‍ണറെ ആയുധമാക്കിയും രാഷ്ട്രീയ കുതിരക്കച്ചവടം നടത്തിയും ജനവിധി അട്ടിമറിക്കുകയെന്ന ബിജെപിയുടെ കാര്യപരിപാടി അരുണാചലില്‍ മുമ്പ് പരാജയപ്പെടുത്തിയത് സുപ്രിംകോടതിയായിരുന്നു.
കഴിഞ്ഞ ജൂലൈ 13ന് അട്ടിമറിക്കപ്പെട്ട കോണ്‍ഗ്രസ് സര്‍ക്കാരിനെ ഉത്തരവിലൂടെ ഭരണത്തില്‍ തിരികെ കൊണ്ടുവന്ന് പുതിയ മുഖ്യമന്ത്രി അധികാരമേറ്റ അരുണാചലിലെ 44 അംഗങ്ങളുള്ള കോണ്‍ഗ്രസ്-ഐ പാര്‍ട്ടിയാണ് പ്രതിപക്ഷ പാര്‍ട്ടിയില്‍ ഇപ്പോള്‍ ലയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം ഭരണകക്ഷി എംഎല്‍എമാര്‍ പ്രതിപക്ഷത്തു ലയിച്ച് ഭരണകക്ഷിയായി മാറുന്ന അസാധാരണ പ്രതിഭാസമാണ് നമ്മള്‍ അവിടെ കണ്ടത്. കൂറുമാറ്റ രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ മുഖം. ബിജെപിക്ക് വേരോട്ടവും സ്വാധീനവുമില്ലാത്ത ഉത്തരപൂര്‍വ സംസ്ഥാനങ്ങളില്‍ ഭരണം കൈയാളാന്‍ നടത്തിയ പരീക്ഷണമാണ് രാജ്യം വീക്ഷിക്കുന്നത്.
കേരളത്തിലേക്കു പോലും സംക്രമിക്കാവുന്നതാണീ രാഷ്ട്രീയ വൈറസ് എന്നു തിരിച്ചറിയേണ്ടതുണ്ട്. അരുണാചലില്‍ എന്‍ഡിഎ ന്യൂക്ലിയസ് രൂപപ്പെടുത്തിയാണ് ഈ രാഷ്ട്രീയാഭ്യാസം ബിജെപി വിജയത്തിലെത്തിച്ചത്. ഭരണ-പ്രതിപക്ഷനിരകളില്‍ എണ്ണത്തില്‍ എംഎല്‍എമാര്‍ നിറഞ്ഞിരിപ്പുണ്ടെങ്കിലും ബിജെപിക്കും ഇപ്പോള്‍ കേരളത്തില്‍ അക്കൗണ്ടുണ്ട്.
അരുണാചല്‍ മോഡലില്‍ ഒരു എന്‍ഡിഎ ന്യൂക്ലിയസ് ബിഡിജെഎസിനെയും മറ്റും ഉള്‍പ്പെടുത്തി കെണിയായി ബിജെപി ഒരുക്കിയിട്ടുണ്ട്. ദേശീയ നേതൃത്വം ദുര്‍ബലമാവുകയും ഗ്രൂപ്പുതര്‍ക്കങ്ങള്‍ രൂക്ഷമാവുകയും ചെയ്യുന്ന അവസ്ഥയില്‍ യുഡിഎഫിനെ പിളര്‍ത്തി അരുണാചല്‍ മാതൃക കേരളത്തില്‍ പ്രാവര്‍ത്തികമാക്കാനും ബിജെപി നേരത്തെത്തന്നെ കരുക്കള്‍ നീക്കിയിട്ടുണ്ട്. യുഡിഎഫില്‍ നിന്നു മാണിയുടെ പാര്‍ട്ടിയെ അടര്‍ത്തിയെടുക്കുക അവരുടെ ലക്ഷ്യമാണ്.
രാഷ്ട്രീയത്തിലെ കുടുംബാധിപത്യമാണ് കോണ്‍ഗ്രസ്-ഐയെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. സമാജ്‌വാദി പാര്‍ട്ടിയുടെയോ ലാലുപ്രസാദിന്റെ രാഷ്ട്രീയ ജനതാദളിന്റെയോ തമിഴ്‌നാട്ടിലെ ഡിഎംകെയുടെയോ രാഷ്ട്രീയവും അതേ വഴിയിലാണ്. കുടുംബാധിപത്യ രാഷ്ട്രീയത്തിന്റെ മറ്റൊരു രൂപമാണ് വ്യക്തികേന്ദ്രീകൃത രാഷ്ട്രീയം. ഇന്ത്യന്‍ ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്ക് അന്യമായിരുന്നു ഇതെങ്കിലും ബംഗാളിലെ 34 വര്‍ഷത്തെ ഭരണം സിപിഎം നഷ്ടപ്പെടുത്തിയതില്‍ വ്യക്ത്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ പങ്ക് വലുതാണ്.
കേരളത്തില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ഇടതുപക്ഷം വ്യക്തികേന്ദ്രീകൃതമായി നീങ്ങുന്നതിനെപ്പറ്റി രണ്ടു തരം പ്രതികരണങ്ങള്‍ ഡല്‍ഹിയിലുണ്ട്. മോദി മാതൃക സിപിഎം പോലും സ്വീകരിക്കുന്നുവെന്ന് ബിജെപി നേതാക്കള്‍ സ്വകാര്യമായി അഭിനന്ദിക്കുന്നു. വര്‍ഗരാഷ്ട്രീയം കൈമോശം വരുന്നുവെന്ന് ഇടതു നേതാക്കള്‍ സ്വകാര്യമായി ആശങ്കപ്പെടുന്നു.
സാമ്പ്രദായിക ദേശീയ പാര്‍ട്ടികളെ ഞെട്ടിച്ചും ജനങ്ങളെ ആവേശം കൊള്ളിച്ചും അധികാരത്തില്‍ വന്നതായിരുന്നു ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി. ഇവിടെ ഇപ്പോള്‍ ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയുമെല്ലാമാണ് ഭരിക്കുന്നത്. മാലിന്യ-ആരോഗ്യപ്രശ്‌നങ്ങള്‍ തലസ്ഥാനത്തെ വലിയ രാഷ്ട്രീയവിവാദങ്ങളായിരിക്കുന്നു. അപ്പോഴും മുഖ്യമന്ത്രി പഞ്ചാബില്‍ തിരഞ്ഞെടുപ്പു പ്രചാരണരംഗത്തു തിരക്കിലാണെന്ന് പ്രതിപക്ഷം. ഡല്‍ഹിയുടെ ഭരണത്തലവന്‍ ലഫ്. ഗവര്‍ണറാണെന്ന ഹൈക്കോടതിവിധിയോടെ കേന്ദ്ര-സംസ്ഥാനബന്ധങ്ങള്‍ വലിയ തകര്‍ച്ചയിലാണ്.
ആം ആദ്മി പാര്‍ട്ടി സ്ഥാപകരായ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണുമാണ് കോണ്‍ഗ്രസ്-ബിജെപി നേതാക്കളേക്കാള്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്നത്. സംസ്ഥാനങ്ങള്‍ പോലെ സ്വയംഭരണമില്ലാത്ത ഡല്‍ഹിയുടെ അവസ്ഥയാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്നത്. ഇതില്‍ നിന്നു വ്യത്യസ്തമായി സംസ്ഥാന സര്‍ക്കാരിനു സ്വന്തമായി അധികാരങ്ങളുള്ള പഞ്ചാബിലെ തിരഞ്ഞെടുപ്പില്‍ കെജ്‌രിവാള്‍ ശ്രദ്ധിക്കുന്നത് മാതൃക സൃഷ്ടിക്കാനുള്ള അവസരത്തിനായാണെന്ന് പാര്‍ട്ടി വക്താക്കളെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തത് ദ ഹിന്ദു പത്രമാണ്.
സഫ്ദര്‍ ഹാശ്മിയുടെ രക്തസാക്ഷിത്വത്തിന്റെ ലക്ഷ്യം ഏറ്റെടുത്ത് സാംസ്‌കാരികരംഗത്തു പ്രവര്‍ത്തിക്കുന്ന ‘സഹ്മത്’ സപ്തംബര്‍ 15ന് റാഫിമാര്‍ഗിലെ മാവ്‌ലങ്കര്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അംബേദ്കര്‍ ആക്ടിവിസ്റ്റുകളായ ശീതള്‍ സാതെ (മഹാരാഷ്ട്ര), പഞ്ചാബില്‍ നിന്നുള്ള ഗിന്നി മാഹി മുതലായവര്‍ അണിനിരന്നു. ഡല്‍ഹിയിലെ സര്‍വകലാശാലകളില്‍ നിന്നെല്ലാമുള്ള ഉന്നത ബുദ്ധിജീവികള്‍ അടക്കം തിങ്ങിനിറഞ്ഞ പ്രേക്ഷകരില്‍ പക്ഷേ മുക്കാല്‍പങ്കും തലയും താടിയും നരച്ചവരായിരുന്നു. ചെറുപ്പക്കാര്‍ എവിടേക്കാണ് പോകുന്നതെന്ന ചോദ്യമാണ് പരിപാടി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ എന്നെ അലട്ടിക്കൊണ്ടിരുന്നത്.
പാര്‍ട്ടി പരിപാടികളെയും പാര്‍ട്ടി കൂട്ടായ്മകളെയും പിന്തള്ളി വ്യക്ത്യാധിഷ്ഠിത രാഷ്ട്രീയം ഇന്ത്യയില്‍ ശക്തിപ്പെടുകയാണ്. അതിന്റെ ന്യായീകരണമാകട്ടെ വികസനവും. ജനങ്ങളും ജനാധിപത്യവും ഭരണഘടനാ ലക്ഷ്യവും ഈ അജണ്ടകളുടെ പരിധിക്കു പുറത്തുമാണ്.

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍)

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക