|    Jan 23 Mon, 2017 3:51 am
FLASH NEWS

ജയ്ഷയുടെ പരാതി അന്വേഷിക്കാന്‍ കേന്ദ്രം രണ്ടംഗ സമിതിയെ നിയോഗിച്ചു

Published : 24th August 2016 | Posted By: SMR

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഒളിംപിക്‌സ് മാരത്തണി ല്‍ ഓടിത്തളര്‍ന്ന താനുള്‍പ്പടെയുള്ളവര്‍ക്കു വെള്ളം പോലും നല്‍കാന്‍ ഇന്ത്യന്‍ ഒഫീഷ്യലുകള്‍ തയ്യാറായില്ലെന്ന മലയാളി താരം ഒ പി ജയ്ഷയുടെ പരാതിയെകുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര കായിക മന്ത്രാലയം രണ്ടംഗ സമിതിയെ നിയോഗിച്ചു. സ്‌പോര്‍ട്‌സ് വകുപ്പ് ജോയിന്റ് സെക്രട്ടറി ഓംകാര്‍ കേദിയ, ഡയറക്ടര്‍ വിവേക് നാരായണര്‍ എന്നിവരാണ് സമിതിയംഗങ്ങള്‍. ഏഴു ദിവസത്തിനകം ജയ്ഷയുടെ പരാതിയില്‍ സമിതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഒളിംപിക്‌സ് മാരത്തണ്‍ മല്‍സരത്തിനൊടുവില്‍ തളര്‍ന്ന് അവശയായ ജയ്ഷയ്ക്കു റിഫ്രഷ്‌മെന്റ് പോയിന്റുകളില്‍ വെള്ളം നല്‍കാന്‍ ഇന്ത്യന്‍ ഒഫീഷ്യലുകള്‍ ഉണ്ടായില്ലെന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടുവെന്ന് കായിക മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. മറ്റെല്ലാ രാജ്യങ്ങളുടെയും താരങ്ങള്‍ മല്‍ സരിക്കുമ്പോള്‍ ഓരോ രണ്ടര കിലോമീറ്ററിലും ഈ സൗകര്യങ്ങള്‍ ലഭ്യമാക്കിയിരുന്നു. വാര്‍ത്ത പുറത്തുവന്ന സാഹചര്യത്തില്‍ ജയ്ഷയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മന്ത്രി വിജയ് ഗോയല്‍ രണ്ടംഗ സമിതിയെ നിയോഗിച്ചുവെന്നാണു പത്രക്കുറിപ്പില്‍ പറയുന്നത്.
തനിക്കും കവിത റാവത്തിനും വെള്ളം പോലും നല്‍കാന്‍ ഇന്ത്യന്‍ ഒഫീഷ്യലുകള്‍ എത്തിയില്ലെന്നാണ് ജയ്ഷ മാധ്യങ്ങളോട് പറഞ്ഞത്. മറ്റു രാജ്യങ്ങള്‍ തങ്ങളുടെ താരങ്ങള്‍ക്കു വെള്ളവും മറ്റുമായി കൂടെത്തന്നെ നിന്നപ്പോ ള്‍ ഇന്ത്യക്കുവേണ്ടി ഓടിയ തനിക്ക് ഒരു തുള്ളി വെള്ളം നല്‍കാന്‍ പോലും ആരുമുണ്ടായില്ല. മല്‍സരശേഷം മൂന്നു മണിക്കൂര്‍ നേരമാണു താന്‍ അബോധാവസ്ഥയില്‍ കിടന്നത്. ഒടുവി ല്‍ റിയോയിലെ സംഘാടക സമിതിയിലെ ആളുകളാണു തന്നെ രക്ഷിച്ചതെന്നും അവര്‍ തന്റെ ശരീരത്തില്‍ കുത്തിവച്ച ഏഴു ബോട്ടില്‍ ഗ്ലൂക്കോസാണു തന്നെ എഴുന്നേല്‍പ്പിച്ചു നടത്തിയതെന്ന് ജയ്ഷ വ്യക്തമാക്കിയിരുന്നു.
അതേസമയം, ജെയ്ഷയുടെ ആരോപണം അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തള്ളിക്കളഞ്ഞു.  ജയ്ഷയുടെ ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതും അസത്യവുമാണ്. പ്രത്യേകം കുടിവെള്ളം ആവശ്യമുണ്ടെന്ന് ജയ്ഷ അധികൃതരെ അറിയിച്ചിരുന്നില്ല. മല്‍സരാര്‍ഥികള്‍ക്ക് വെള്ളം വിതരണം ചെയ്യേണ്ട ചുമതല സംഘാടകര്‍ക്കാണെന്നും ഫെഡറേഷന്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. തങ്ങള്‍ നല്‍കിയ എനര്‍ജി ഡ്രിങ്ക് ജയ്ഷയും കോച്ചും വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്ന് എഎഫ്‌ഐയുടെ സെക്രട്ടറി വികെ വല്‍സന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മല്‍സരിച്ച 168 പേരില്‍ 89ാമതായാണു ജയ്ഷ ഫിനിഷ് ചെയ്തത്. ഒളിം പിക്‌സിലെ മോശം പ്രകടനത്തെ മറികടക്കാനാണു ജയ്ഷയുടെ ആരോപണങ്ങളെന്നാണ് വല്‍സന്‍ നല്‍കിയ മറുപടി.
അതിനിടെ, താന്‍ കള്ളം പറഞ്ഞതാണെന്ന് തെളിഞ്ഞാല്‍ കായിക രംഗത്ത് നിന്ന് വിടവാങ്ങുമെന്നായിരുന്നു അത്‌ലറ്റിക് ഫെഡറേഷന്റെ പ്രസ്താവനയോട് ജയ്ഷയുടെ പ്രതികരണം. അത്‌ലറ്റിക് ഫെഡറേഷനാണ് കളവ് പറയുന്നത്. വര്‍ഷങ്ങളായി കായിക രംഗത്തുള്ള താന്‍ ഇതുവരെ ഫെഡറേഷനെതിരെ പരാതി പറഞ്ഞിട്ടില്ല. പറഞ്ഞ കാര്യത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും  ജയ്ഷ വ്യക്തമാക്കി.
വെള്ളം ലഭിച്ചില്ലെന്ന കാര്യത്തില്‍ പരാതിയൊന്നുമില്ലെന്നു കവിത റാവത്ത് പറഞ്ഞു. വ്യക്തിഗതമായി വെള്ളമോ എനര്‍ജി ഡ്രിങ്കോ വേണമെങ്കില്‍ തങ്ങള്‍ക്കു നല്‍കിയിരിക്കുന്ന കുപ്പിയിലാക്കി ഒഫീഷ്യലുകള്‍ക്കു കൈമാറണമെന്ന് നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നെന്നും കവിത കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 50 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക