|    Feb 26 Sun, 2017 8:16 pm
FLASH NEWS

ജയില്‍ സുരക്ഷയെ ബാധിക്കുമെന്ന് ആശങ്ക; ടിപി കേസ് പ്രതികളെ കണ്ണൂരിലേക്ക് മാറ്റാന്‍ നീക്കം

Published : 20th October 2016 | Posted By: SMR

tp-chandrasekharan

കണ്ണൂര്‍: സുരക്ഷ കണക്കിലെടുത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് യുഡിഎഫ് ഭരണകാലത്ത് മാറ്റിയ ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ കണ്ണൂരിലേക്ക് തിരികെ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം വിവാദത്തില്‍. വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന പ്രതികളെ മാറ്റാനാണു ശ്രമം.
ബന്ധുക്കളെയും മറ്റും കാണാന്‍ കഴിയുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണിത്. എന്നാല്‍, സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയ പശ്ചാത്തലത്തിലാണ് ജയില്‍വകുപ്പിന്റെ വിവാദനീക്കമെന്നാണു വിമര്‍ശനം. ഏറെ രാഷ്ട്രീയബന്ധങ്ങളുള്ള കേസിലെ പ്രതികളെ കൂട്ടത്തോടെ കണ്ണൂരിലേക്കു മാറ്റുന്നത് ജയില്‍സുരക്ഷയെ ബാധിക്കുമെന്നാണ് അധികൃതരുടെ ആശങ്ക. ടിപി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട 11 പ്രതികള്‍ 2011 മുതല്‍ സംസ്ഥാനത്തെ മൂന്നു സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുകയാണ്. പ്രതികളും സിപിഎം പ്രാദേശിക നേതാക്കളുമായ പി കെ കുഞ്ഞനന്തനും കെ സി രാമചന്ദ്രനും നിലവില്‍ കണ്ണൂരില്‍ തന്നെയാണുള്ളത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇരുവരെയും മാറ്റാതിരുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്നപ്പോള്‍ പ്രതികള്‍ ജയിലിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാല്‍ മാറ്റണമെന്നും കാണിച്ച ജയിലധികൃതര്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കിയിരുന്നു.  ഇതു പരിഗണിച്ചാണു പി കെ കുഞ്ഞനന്തനും കെ സി രാമചന്ദ്രനും ഒഴികെയുള്ള പ്രതികളെ കണ്ണൂരില്‍നിന്നു മാറ്റിയത്. നേരത്തേ വിയ്യൂരിലും പൂജപ്പുരയിലും മറ്റു തടവുകാരുമായി പ്രതികള്‍ സംഘട്ടനത്തില്‍ ഏര്‍പ്പെട്ടിരുന്നു. കൂടാതെ, നേരത്തേ കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയവെ പ്രതികള്‍ ഫേസ്ബുക്ക് ഉപയോഗിച്ചതും രാഷ്ട്രീയവിവാദത്തില്‍ കലാശിച്ചു. ഫേസ്ബുക്ക് ഉപയോഗവുമായി ബന്ധപ്പെട്ട് കൊടി സുനി, മുഹമ്മദ് ഷാഫി, ടി കെ രജീഷ്, കിര്‍മാണി മനോജ്, സി രജിത്ത്, കെ ഷിനോജ് എന്നിവരെയാണ് കസബ സിഐ എന്‍ ബിശ്വാസ് ജയിലിലെത്തി അറസ്റ്റ് ചെയ്തത്.
കൂടാതെ, മറ്റൊരിക്കല്‍ കണ്ണൂര്‍ ജയിലില്‍ ഹാജരാക്കി തിരികെ കൊണ്ടുവരവെ പ്രതികള്‍ മദ്യം വാങ്ങിയതും വിവാദത്തിനു കാരണമായി. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ ഇവരെ മൂന്നിടങ്ങളിലായി പാര്‍പ്പിച്ചത്. കൊടി സുനി, കിര്‍മാണി മനോജ്, എം സി അനൂപ്, ടി കെ രജീഷ്, ഷാഫി, കെ ഷിനോജ് എന്നിവരെ വിയ്യൂരിലേക്കു മാറ്റി. ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്ത്, വാഴപ്പടച്ചി റഫീഖ് എന്നിവര്‍ പൂജപ്പുരയിലും.
ഉദ്യോഗസ്ഥരുടെ വീഴ്ച പരിഗണിച്ച് വിയ്യൂര്‍, കണ്ണൂര്‍ ജയില്‍ സൂപ്രണ്ടുമാരെ പരസ്പരം മാറ്റിനിയമിക്കുകയും ചെയ്തു. പ്രതികളുടെ ജയില്‍മാറ്റം ഏറക്കുറേ വിജയം കണ്ടതായി നേരത്തേ ജയില്‍വകുപ്പ് വിലയിരുത്തിയിരുന്നു.
എന്നാല്‍, പുതിയ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെയാണ് പ്രതികളെ കണ്ണൂരിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നീക്കം ഊര്‍ജിതമായത്. അതേസമയം, നിലവില്‍ നിരവധി രാഷ്ട്രീയ കൊലപാതകക്കേസുകളിലെ പ്രതികള്‍ കണ്ണൂര്‍ ജയിലിലുണ്ട്. ടിപി കേസ് പ്രതികള്‍ കൂടി എത്തുന്നതോടെ ജയിലിലെ സുരക്ഷാസ്ഥിതി അപകടത്തിലാവുമെന്നാണ് അധികൃതരുടെ ആശങ്ക.
നിയമപരമായി നേരിടും: കെ കെ രമ
കണ്ണൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റാനുള്ള നീക്കത്തെ നിയമപരമായി നേരിടുമെന്ന് ടിപിയുടെ വിധവയും ആര്‍എംപി നേതാവുമായ കെ കെ രമ.
സര്‍ക്കാരിന്റെ ഇത്തരം നീക്കം താന്‍ ആദ്യമേ കണക്കുകൂട്ടിയതാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ഇക്കാര്യം ഉറപ്പുണ്ടായിരുന്നെന്നും രമ കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 225 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day