|    Apr 21 Sat, 2018 2:03 am
FLASH NEWS

ജയില്‍ വകുപ്പും തൃശൂരിലെ ഗഡികളും

Published : 24th April 2016 | Posted By: sdq

Beginning of the Thrissur Pooram

സിതാര

സംസ്ഥാനത്ത് ഏറ്റവും വരുമാനമുണ്ടാക്കുന്ന വകുപ്പാണ് ജയില്‍വകുപ്പ്. വിവിധ കേസുകളില്‍ ജയിലില്‍ കഴിയുന്നവര്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ വിറ്റ് ശരിക്കും ലാഭം കൊയ്യുകയാണ് സര്‍ക്കാര്‍. എന്നാല്‍, അതുണ്ടാക്കി നല്‍കുന്നവര്‍ക്ക് അതൊന്നു രുചിച്ചുനോക്കാന്‍ പോലും ലഭ്യമല്ല എന്നതാണ് ഖേദകരം. പൂജപ്പുര ജയിലില്‍ കണ്ട കാഴ്ച വിവരിക്കുകയാണ് എ എം നദ്‌വി.
‘ഇന്നത്തെ ഉച്ചഭക്ഷണം ജയില്‍വകുപ്പ് പൂജപ്പുരയില്‍ ആരംഭിച്ച പുതിയ കഫത്തീരിയയില്‍ നിന്നായിരുന്നു. ചിക്കന്‍ ബിരിയാണി  60 രൂപ, തണ്ണിമത്തന്‍ ഒരു ഗ്ലാസ് 10 രൂപ. എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറി പ്രിയ സുഹൃത്ത് റെനി ഐലിനുമൊത്ത് നാറാത്ത് കേസില്‍ യുഎപിഎ പ്രകാരം ജയിലില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച് മടങ്ങുമ്പോഴായിരുന്നു അത്. എീീറ ളീൃ എൃലലറീാ എന്ന പേരില്‍ തടവുകാരുടെ അധ്വാനത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഭക്ഷണവസ്തുക്കള്‍ക്ക് നല്ല ഡിമാന്‍ഡ് ആണ്. പക്ഷേ, ഇതിന്റെ ലാഭത്തിന്റെ ഒരു വിഹിതമെങ്കിലും അവര്‍ക്കു ലഭിക്കുന്നതായി തോന്നുന്നില്ല.
എന്നല്ല, പുറത്ത് വില്‍പന നടത്തുന്ന രുചികരമായ ഒന്നാന്തരം ഭക്ഷണം പോലും തടവുകാര്‍ക്ക് നല്‍കാറില്ല. രണ്ടാംതരമോ, മൂന്നാം തരമോ ഒക്കെയാണവര്‍ക്കു നല്‍കുന്നത്. തടവുകാരെ അടിമകളായി പരിഗണിക്കുന്ന ഈ പ്രാകൃതവീക്ഷണം തിരുത്തപ്പെടേണ്ടതുണ്ട്. അവരുടെ അധ്വാനഫലം ഏറ്റവും ചുരുങ്ങിയത് തടവുകാരുടെ താമസസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവര്‍ക്ക് മികച്ച ആരോഗ്യ-വസ്ത്ര-ഭക്ഷണ സംവിധാനങ്ങള്‍ ഒരുക്കുന്നതിനു വേണ്ടിയെങ്കിലും ചെലവഴിക്കണം. അല്ലാത്തപക്ഷം അവരുടെ സ്വാതന്ത്ര്യത്തെ വിറ്റു ലാഭം കൊയ്യുന്ന ക്രൂരവിനോദമായി ജയില്‍വകുപ്പിന്റെ പദ്ധതിയെ വിലയിരുത്തേണ്ടി വരുമെന്നാണ് നദ്‌വിയുടെ വീക്ഷണം.

തൃശൂര്‍ ഗഡികള്‍
തൃശൂര്‍പൂരം ഒരു ആഘോഷത്തിനപ്പുറം ഒരു വികാരം കൂടിയാണ്. പ്രത്യേകിച്ച് ‘നമ്മടെ തൃശൂര്‍ ഗഡി’കള്‍ക്ക്. തൃശൂര്‍പൂരത്തിന്റെ വിവിധതലങ്ങളെ ചര്‍ച്ചയ്‌ക്കെടുക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. ഇ പി കാര്‍ത്തിക്കിന്റെ വാക്കുകള്‍ വായിക്കാം:
തൃശൂര്‍പൂരം മതനിരപേക്ഷമാണെന്ന് ഒരു തെറ്റിദ്ധാരണ നമുക്കിടയിലുണ്ട്. ഹൈന്ദവ ഉല്‍സവങ്ങള്‍ പ്രത്യേകിച്ചും. വിഷു, ഓണം തുടങ്ങിയ വിശേഷങ്ങള്‍ അങ്ങനെയാണെന്നാണ് പ്രചുരപ്രചാരം നേടിയിട്ടുള്ളത്. ഇത് ബോധപൂര്‍വമായ ഒരു പ്രചാരണമാണ്.
വിശ്വപ്രസിദ്ധമായ തൃശൂര്‍പൂരവും ജാതിമതഭേദമെന്യേ ആഘോഷിക്കുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഇത് ചരിത്രത്തിനു നിരക്കുന്നതല്ല. തൃശൂര്‍പൂരം എന്നത് ഒരു കാലത്തും ജനാധിപത്യപരമായ ഒന്നായിരുന്നില്ല. ആചാരം, അനുഷ്ഠാനം എന്നിവയിലെന്നപോലെ പൂരത്തിന്റെ മറ്റു ഘടകങ്ങളിലും സവര്‍ണാധിപത്യം തുടര്‍ക്കഥയാണ്. മേളങ്ങളില്‍ പ്രത്യേകിച്ചും.
സാംസ്‌കാരിക ജില്ലയുടെ അഭിമാനചിഹ്നമെന്നു കരുതുന്ന പൂരത്തിന്റെ ആവേശമായ മേളങ്ങളില്‍ ഇന്നും പട്ടികജാതി പിന്നാക്ക വിഭാഗം കലാകാരന്മാര്‍ക്ക് അയിത്തമാണ്.
ഇലഞ്ഞിത്തറമേളത്തിലും മഠത്തില്‍വരവിലും അധഃകൃതരെന്ന് സമൂഹം പരിഹസിക്കുന്ന വാദ്യകുലപതികള്‍ക്കു സ്ഥാനമില്ല. അന്നമനട, പെരുവനം തുടങ്ങിയവര്‍ക്കൊപ്പമോ അതിനു മുകളിലോ തലയെടുപ്പുള്ള കലാകാരന്മാര്‍ ഈ സമുദായങ്ങളിലുണ്ട്. (അവര്‍ക്ക് വീരശൃംഖലകളോ പത്മപുരസ്‌കാരങ്ങളോ ലഭിച്ചിട്ടില്ല. മണിക്കൂറിന് ലക്ഷങ്ങള്‍ വാങ്ങി കൊട്ടാനുള്ള ബുദ്ധിയും അവര്‍ക്കില്ല.) അക്കൂട്ടത്തില്‍ പേരെടുത്തു പറയാവുന്ന എത്രയോ വാദ്യകുലപതികളുണ്ട് ജില്ലയില്‍. എന്നിട്ടും അവര്‍ അയിത്തജാതിക്കാരായതിനാല്‍ പുറത്താണ്. സാംസ്‌കാരികതലസ്ഥാനമെന്നു മേനിപറയുന്ന തൃശൂര്‍ ജില്ലയിലാണ് ഈ വിവേചനം കൂടുതല്‍ എന്നത് മറ്റൊരു വിരോധാഭാസം. മേളകുലപതിയായ കടവല്ലൂരിലെ കലാമണ്ഡലം താമിയാശാനെപ്പോലുള്ള പ്രതിഭകള്‍ ഉള്ള ജനസമൂഹത്തിനാണ് ഈ അവഗണന. താമിയാശാന്റെ ശിക്ഷണത്തില്‍ കടവല്ലൂര്‍  സ്‌കൂളിലെ കുട്ടികള്‍ തീര്‍ത്ത ചരിത്രം അനന്യമാണ്. സ്‌കൂള്‍ കലോല്‍സവത്തില്‍ വര്‍ഷങ്ങളായി പഞ്ചവാദ്യത്തില്‍ ഇവര്‍ ഒന്നാമതായത് താമിയാശാന്റേതുപോലുള്ള ഗുരുത്വം കൊണ്ടാണ്. ഇതേ ഗുരുവിന് ജാതീയമായ വിവേചനത്തിനെതിരേ പോരാടേണ്ടിവന്നതും ചരിത്രമാണ്.
വര്‍ഷങ്ങള്‍ക്കുമുമ്പ് വടക്കുംനാഥന്റെ ശ്രീമൂലസ്ഥാനത്ത് കലാമണ്ഡലം താമിയാശാനും സംഘവും പഞ്ചവാദ്യം അവതരിപ്പിച്ചത് ജാതിക്കോമരങ്ങളെ വിറളി പിടിപ്പിച്ചു. പിന്നാക്കക്കാരനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തിമില കൊട്ടാന്‍  അനുവദിക്കാത്തതിനെതിരേയും അദ്ദേഹം പോരാടി. ക്ഷേത്രത്തില്‍ സ്വാമി ഭൂമാനന്ദയോടൊപ്പം തിമില കൊട്ടാന്‍ പോയ താമിയാശാനെ പോലിസ് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഉപവാസം, ശയനപ്രദക്ഷിണം തുടങ്ങിയ സമരമുറകളും നടത്തി. രണ്ടു പ്രാവശ്യമാണ് അദ്ദേഹം മദ്ദളത്തോടൊപ്പം അറസ്റ്റിലായത്. ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ 1988ല്‍ ഗുരുവായൂരില്‍ തിമില കൊട്ടാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചു. പക്ഷേ, ഇന്നും പിന്നാക്കക്കാരന് ഗുരുവായൂരില്‍ കൊട്ടാന്‍  അവകാശമില്ല. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ മറ്റൊരു ഉപലബ്ധി!

വെടിക്കെട്ട് നിരോധനം
എ എസ് അജിത് കുമാര്‍ വെടിക്കെട്ട് നിരോധിക്കുന്നതുമായി ബന്ധപ്പെട്ടാണ് എഴുതുന്നത്.
വെടിക്കെട്ടിനോടുള്ള പലരുടെയും എതിര്‍പ്പില്‍ സുരക്ഷയുടെ പ്രശ്‌നത്തേക്കാള്‍ മറ്റു പലതുമുണ്ട്. ‘ഒച്ച’യോടാണ് പലര്‍ക്കും പ്രശ്‌നം. ഹിന്ദുക്ഷേത്രങ്ങളുടെ സ്വര്‍ണയിടങ്ങളില്‍ വെടിക്കെട്ടു പോലെയുള്ള ‘പ്രാകൃത’ ഇടപാടുകള്‍ വേണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. വളരെ ഉച്ചത്തിലുള്ള ശബ്ദം ‘കീഴാളം’ ആണല്ലോ. ചെണ്ടയെ അസുരവാദ്യം എന്നു വിളിക്കുന്ന ഒരു ശബ്ദത്തിന്റെ രാഷ്ട്രീയമുണ്ടല്ലോ. ഹിന്ദുമണ്ഡലത്തിലെ ജാതിയെക്കാളും വെടിക്കെട്ടിന്റെ ‘പ്രാകൃത തത്ത്വം’ ചര്‍ച്ചചെയ്തു കാണുന്നത് ഒരു താല്‍പര്യവും ഉണ്ടാക്കുന്നില്ല. മറ്റൊരു കാര്യം വനങ്ങളില്‍ മദിച്ചു  നടക്കാനാഗ്രഹിക്കുന്ന ആ കറുത്ത വലിയ മൃഗം കേരളത്തിലെ ജാതിശ്രേഷ്ഠതയെ പ്രകടമാക്കുന്ന ഒന്നായി മാറിയത് അതിന്റെ വലുപ്പം കൊണ്ടായിരിക്കണം.
രാജേഷ് പോളിന്റെ പ്രതികരണം ഇങ്ങനെ:
പടക്കത്തോടുള്ള വെറുപ്പും പടക്കം നിരോധിക്കണമെന്നു  പറയുന്നതിലെ മനുഷ്യത്വവും ഒന്നും പട്ടാളത്തോട് ഇല്ലല്ലോ ല്ലേ? 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss