|    May 28 Sun, 2017 2:43 am
FLASH NEWS

ജയില്‍ പീഡനം: ആസ്‌ത്രേലിയന്‍ നഗരങ്ങളില്‍ പ്രതിഷേധം

Published : 31st July 2016 | Posted By: SMR

മെല്‍ബണ്‍: ആസ്‌ത്രേലിയയിലെ ജയില്‍ പീഡനത്തെ യുഎന്‍ മനുഷ്യാവകാശവിഭാഗം അപലപിച്ചു. വടക്കന്‍ പ്രവിശ്യയിലെ ഡോണ്‍ ഡേല്‍ ജയിലില്‍ കൗമാരക്കാരായ തടവുകാര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ദൃശ്യങ്ങള്‍ അടുത്തിടെ ആസ്‌ത്രേലിയന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും പീഡനം നേരിട്ട തടവുകാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ആസ്‌ത്രേലിയ തയ്യാറാവണമെന്നും യുഎന്‍ മനുഷ്യാവകാശവിഭാഗം പ്രസ്താവനയില്‍ വ്യക്തമാക്കി. പീഡനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പീഡനത്തിനെതിരായ ഉടമ്പടി പ്രാബല്യത്തിലാക്കാന്‍ ആസ്‌ത്രേലിയ തയ്യാറാവണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
അതേസമയം ജയില്‍ നടപടി സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ വീഴചവരുത്തുന്നതിനെതിരേ ആസ്‌ത്രേലിയയിലെ വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ നൂറുകണക്കിനു പേര്‍ പങ്കാളികളായി. വടക്കന്‍ പ്രവിശ്യയിലെ ജയില്‍ പീഡനം സംബന്ധിച്ച് അന്വേഷണം നടത്താമെന്ന് ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, വടക്കന്‍ പ്രവിശ്യയില്‍ മാത്രമല്ല രാജ്യവ്യാപകമായി ജയില്‍ പീഡനം നടക്കുന്നുണ്ടെന്നും അവയിലെല്ലാം അന്വേഷണം വേണമെന്നുമുള്ള ആവശ്യം പ്രധാനമന്ത്രി നിരസിച്ചു.
ജയില്‍ പീഡനങ്ങള്‍ക്കു പിറകിലെ യഥാര്‍ഥ പ്രശ്‌നം രാജ്യത്തു നിലനില്‍ക്കുന്ന വംശീയതയാണെന്നും എന്നാല്‍, സര്‍ക്കാര്‍ ഈ പ്രശ്‌നം പരിഹരിക്കുന്നില്ലെന്നും പ്രതിഷേധസംഘത്തിലെ അംഗവും ആദിവാസി വിഭാഗക്കാരനും റാപ് ഗായകനുമായ ആദം ബ്രിഗ്‌സ് പ്രതികരിച്ചു. ജനസംഖ്യയില്‍ മൂന്നു ശതമാനം മാത്രമുള്ള ആദിവാസികളാണ് രാജ്യത്തെ ജയിലുകളില്‍ കഴിയുന്നവരില്‍ 27 ശതമാനവും. വടക്കന്‍ പ്രവിശ്യയിലെ കൗമാരക്കാര്‍ക്കുള്ള തടവറയില്‍ കഴിയുന്നവരില്‍ 94 ശതമാനവും ആ വിഭാഗത്തില്‍ നിന്നുള്ളവരാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day