|    Oct 20 Sat, 2018 3:27 am
FLASH NEWS
Home   >  Editpage  >  Editorial  >  

ജയില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കണം

Published : 18th September 2017 | Posted By: fsq

 

ജയിലുകളില്‍ സമഗ്ര പരിഷ്‌കരണം ലക്ഷ്യമിട്ട് സുപ്രിംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നു. കസ്റ്റഡി മരണങ്ങളെക്കുറിച്ച് ശക്തമായ ഭാഷയില്‍ പ്രതികരിച്ച ജസ്റ്റിസ് മദന്‍ ബി ലോകൂറും ദീപക് ഗുപ്തയുമടങ്ങുന്ന ബെഞ്ച്, ജയിലുകളില്‍ അസ്വാഭാവിക മരണം നേരിട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെ ശ്രദ്ധേയമായ നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. രാജ്യത്താകമാനമുള്ള 1382 ജയിലുകളില്‍ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്നു ചൂണ്ടിക്കാട്ടി 2013ല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി. പോലിസ് കസ്റ്റഡിയിലുള്ള മരണം കുറ്റകൃത്യമാണെന്നും കസ്റ്റഡി മരണങ്ങള്‍ പെരുകുന്നത് ജീവിക്കാനുള്ള അവകാശത്തിനും പൗരസ്വാതന്ത്ര്യത്തിനും നേരെയുള്ള ഭരണകൂടത്തിന്റെ പ്രകടമായ അവജ്ഞയാണെന്നും സുപ്രിംകോടതി വ്യക്തമാക്കുന്നു. തടവിലുള്ള ഓരോ വ്യക്തിക്കും അന്തസ്സുള്ള ജീവിതം ഉറപ്പാക്കുന്നതിനു സര്‍ക്കാര്‍ ആത്മാര്‍ഥമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ഭരണഘടന 21ാം വകുപ്പ് ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും നിര്‍ജീവമായ അക്ഷരങ്ങള്‍ മാത്രമായി ഒതുങ്ങുമെന്നു ചൂണ്ടിക്കാട്ടുന്ന ഉത്തരവ്, ഇക്കാര്യത്തില്‍ കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും യാഥാര്‍ഥ്യബോധത്തോടെ ഇടപെടണമെന്നും എടുത്തുപറഞ്ഞിട്ടുണ്ട്. കസ്റ്റഡി മരണങ്ങളില്‍ ഒട്ടും കുറവു വന്നിട്ടില്ലെന്നതില്‍ സുപ്രിംകോടതി ആശങ്ക പ്രകടിപ്പിക്കുന്നു. കസ്റ്റഡി മരണം എന്നതുതന്നെ വലിയ കുറ്റകൃത്യമാണെന്നും ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലൂടെ മാത്രം അതിനു മതിയായ ആശ്വാസമാവുന്നില്ലെന്നുമാണ് കോടതി ചൂണ്ടിക്കാട്ടുന്നത്. 2012ലും അതിനു ശേഷവും അസ്വാഭാവിക മരണത്തിന് ഇരയായ തടവുപുള്ളികളുടെ ബന്ധുക്കളെ തിരിച്ചറിയാനും നഷ്ടപരിഹാരം നല്‍കാനുമായി സ്വമേധയാ ഹരജി ഫയല്‍ ചെയ്യാനും എല്ലാ ഹൈക്കോടതികളോടും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തടവുകാര്‍ക്കു കുടുംബങ്ങളെ കാണുന്നതിനുള്ള സമയവും അവസരങ്ങളും വര്‍ധിപ്പിക്കണമെന്നും, കുടുംബങ്ങളുമായും അഭിഭാഷകരുമായും സംസാരിക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കോടതി നിര്‍ദേശിക്കുന്നു. തടവുകാരുമായി ബന്ധപ്പെട്ട ജയില്‍ മാന്വല്‍ ഒരു മാസത്തിനകം പോലിസ് മേധാവികള്‍ക്കും ജയില്‍ മേധാവികള്‍ക്കും അയച്ചുകൊടുക്കണം. സ്വന്തം ചുമതലകളും ബാധ്യതകളും ഉത്തരവാദിത്തങ്ങളും സംബന്ധിച്ചും തടവുകാരുടെ അവകാശങ്ങളും ചുമതലകളും സംബന്ധിച്ചും എല്ലാ ജയിലുകളിലും ഉന്നത പോലിസ് ഓഫിസര്‍മാര്‍ക്ക് പരിശീലന പരിപാടികള്‍ നടത്താനും ഉത്തരവിട്ടിട്ടുണ്ട്. മെക്കാളെ പ്രഭു തുടക്കം കുറിച്ച് 1894ല്‍ ഡഫ്രിന്‍ പ്രഭു അംഗീകാരം നല്‍കിയ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള പ്രിസണേഴ്‌സ് ആക്ടാണ് ഇന്നും രാജ്യത്തു നിലവിലുള്ളത്. സമൂലമായി പരിഷ്‌കരിക്കേണ്ട നിയമമാണത്. 1949ല്‍ പക്‌വാസ കമ്മിറ്റിയും 1980ല്‍ ജസ്റ്റിസ് എ എന്‍ മുല്ലാ കമ്മിറ്റിയും 1987ലെ ജസ്റ്റിസ് കൃഷ്ണയ്യര്‍ കമ്മിറ്റിയും വിവിധ സംസ്ഥാന പഠനസമിതികളും നിരവധി നിര്‍ദേശങ്ങളുമായി റിപോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും കാര്യമായ മാറ്റമുണ്ടായില്ലെന്നതിനു ജയിലുകളിലെ ഇന്നത്തെ മനുഷ്യത്വഹീനമായ സാഹചര്യം തന്നെ തെളിവാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss