|    Jan 20 Fri, 2017 2:52 am
FLASH NEWS

ജയില്‍ ഡോക്ടര്‍ അവഗണിച്ചു; തടവുകാരന്റെ മരണം അനേ്വഷിക്കാന്‍ ഉത്തരവ്

Published : 4th July 2016 | Posted By: SMR

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ആശുപത്രി മുറ്റത്ത് ചികില്‍സ കിട്ടാതെ വീല്‍ചെയറിലിരുന്ന് തടവുകാരന്‍ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തിരുവനന്തപുരം ജില്ലാ പോലിസ് മേധാവിയെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ചുമതലപ്പെടുത്തി.
സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും ജയില്‍ മെഡിക്കല്‍ ഓഫിസറും സംഭവത്തെക്കുറിച്ച് പ്രത്യേകം വിശദീകരണങ്ങള്‍ കമ്മീഷനില്‍ സമര്‍പ്പിക്കണം. സൂപ്രണ്ടിന്റെയും മെഡിക്കല്‍ ഓഫിസറുടെയും വിശദീകരണങ്ങള്‍ വാങ്ങിയശേഷം ജയില്‍ ഡിജിപിയും പ്രത്യേകം വിശദീകരണം കമ്മീഷനില്‍ ഫയല്‍ ചെയ്യണം. ജയിലിലെ തടവുകാരനും വിവാദ സന്യാസിയുമായ സന്തോഷ്മാധവനും ജയില്‍ ഡോക്ടറും വര്‍ത്തമാനത്തില്‍ മുഴുകിയതിനെ തുടര്‍ന്നാണ് തടവുകാരന് ചികില്‍സ ലഭിക്കാന്‍ കാലതാമസമുണ്ടായതെന്ന് സഹതടവുകാരന്‍ കമ്മീഷനിലേക്കയച്ച പരാതിയില്‍ ആരോപിച്ചു. തടവുകാരനായ കാട്ടാക്കട ആമച്ചല്‍ സ്വദേശി അനില്‍ ജോര്‍ജാണ് (35) ഹൃദ്രോഗത്തെ തുടര്‍ന്ന് 2016 മെയ് 11ന് മരിച്ചത്.
ജയില്‍ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുവന്ന അനില്‍ ജോര്‍ജ് മുക്കാല്‍ മണിക്കൂറോളം നെഞ്ചുവേദന അനുഭവിച്ച് ആശുപത്രി മുറ്റത്ത് വീല്‍ചെയറില്‍ ഇരുന്നതായി സഹതടവുകാരനായ സാബു ഡാനിയേലിന്റെ പരാതിയില്‍ പറയുന്നു. പിന്നീട് വീല്‍ചെയറിലിരുന്ന് തന്നെ അനില്‍ ജോര്‍ജ് മരിച്ചു. തടവുകാരന് നെഞ്ചുവേദനയാണെന്ന് പറഞ്ഞിട്ടും ജയില്‍ ഡോക്ടര്‍ സന്തോഷ് മാധവനുമായി വര്‍ത്തമാനം തുടരുകയായിരുന്നു.
വിഐപികള്‍ക്ക് മാത്രമേ ജയിലില്‍ ചികില്‍സ ലഭിക്കാറുള്ളൂ. ചികില്‍സ കിട്ടാതെ രോഗികള്‍ മരിക്കുന്നതും പതിവാണ്. 2015 സപ്തംബര്‍ 17നും ഇത്തരത്തില്‍ ഒരു തടവുകാരന്‍ മരിച്ചിരുന്നു. മരണശേഷമാണ് അനില്‍ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചതെന്നും പരാതിയില്‍ പറയുന്നു. ഇത്തരമൊരു പരാതി കമ്മീഷനില്‍ നല്‍കിയതിന്റെ പേരില്‍ പരാതി നല്‍കിയ തടവുകാരന്‍ സാബു ഡാനിയേലിന് യാതൊരു ഉപദ്രവവും ഉണ്ടാവാന്‍ പാടില്ലെന്ന് ജസ്റ്റിസ് ജെ ബി കോശി നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു. അങ്ങനെയുണ്ടായാല്‍ നടപടി സ്വീകരിക്കും.
അനില്‍ ജോര്‍ജ് എന്നു മുതലാണ് തടവിലായതെന്നും നെയ്യാറ്റിന്‍കര സബ്ജയിലില്‍ എന്നാണ് പ്രവേശിച്ചതെന്നും ജില്ലാ പോലിസ് മേധാവിയുടെ റിപോര്‍ട്ടിലുണ്ടാവണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. നെയ്യാറ്റിന്‍കര സബ്ജയിലില്‍ നിന്നാണ് അനില്‍ ജോര്‍ജിനെ പൂജപ്പുരയിലെത്തിച്ചത്. അന്വേഷണ റിപോര്‍ട്ടുകള്‍ ആഗസ്ത് 17നകം സമര്‍പ്പിക്കണം. കേസ് സപ്തംബര്‍ 7ന് പരിഗണിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക