|    Jul 21 Sat, 2018 12:12 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജയിലുകള്‍ പരിഷ്‌കരിക്കണം: പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രിംകോടതി

Published : 16th September 2017 | Posted By: fsq

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: രാജ്യത്തെ ജയിലുകളില്‍ സമഗ്ര പരിഷ്‌കരണം കൊണ്ടുവരുന്നതിന് പുതിയ നിര്‍ദേശങ്ങളുമായി സുപ്രിംകോടതി. ജയിലുകളില്‍ വച്ച് അസ്വാഭാവിക മരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളാണ് സുപ്രിംകോടതി മുന്നോട്ടുവച്ചിരിക്കുന്നത്. 2012ന് ശേഷം രാജ്യത്തെ വിവിധ ജയിലുകളില്‍ അസ്വാഭാവികമായി മരിച്ച തടവുകാരുടെ ബന്ധുക്കളെ കണ്ടെത്താനും അവര്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാനും എല്ലാ ഹൈക്കോടതികളും സ്വമേധയാ ഹരജി ഫയല്‍ ചെയ്യണമെന്നും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തടവുകാര്‍ക്ക്, പ്രത്യേകിച്ച് ആദ്യമായി കുറ്റവാളികളായവര്‍ക്ക് കൗണ്‍സലിങ് നടത്തുന്നതിനായി കൗണ്‍സലര്‍മാരെയും സഹായികളെയും നിയമിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ അംഗീകൃത എന്‍ജിഒകളുടെ സേവനം ഉപയോഗപ്പെടുത്തുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യാവുന്നതാണ്. തടവുകാര്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുന്നതിനെ കുറിച്ച് പഠനം നടത്താനും  നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.  ഉത്തരവിന്റെ പകര്‍പ്പ് എല്ലാ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍മാര്‍ക്കും ഒരാഴ്ചയ്ക്കകം എത്തിച്ചുകൊടുക്കാന്‍ സുപ്രിംകോടതി സെക്രട്ടറി ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്താകമാനമുള്ള 1382 ജയിലുകളില്‍ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടി 2013ല്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശങ്ങള്‍. 2012നും 2015നും ഇടയില്‍ നാഷനല്‍ ക്രൈം റിക്കാഡ് ബ്യൂറോ പുറത്തുവിട്ട കണക്കുപ്രകാരം അസ്വാഭാവിക മരണം സംഭവിച്ചവരുടെ അടുത്ത ബന്ധുക്കളെ കണ്ടെത്തുന്നതിന് സ്വമേധയാ പൊതുതാല്‍പര്യ ഹരജി ഫയല്‍ ചെയ്യാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി. ഇത്തരം കേസുകളില്‍ ഇരകളുടെ ബന്ധുക്കള്‍ക്ക് ഇതിനകം നഷ്ടപരിഹാരം നല്‍കിയിട്ടില്ലെങ്കില്‍ അനുയോജ്യമായ നഷ്ടപരിഹാരം നല്‍കണം കുട്ടിത്തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥാപനങ്ങളിലെ അസ്വാഭാവിക മരണങ്ങളുടെ കണക്കെടുക്കണമെന്ന് കേന്ദ്ര വനിത, ശിശുക്ഷേമ മന്ത്രാലയത്തിനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.  ജുവനൈല്‍ ഹോമുകളിലെ നിയമലംഘനങ്ങള്‍ സംബന്ധിച്ചും ഇത്തരം കേന്ദ്രങ്ങളില്‍ പ്രത്യേക സംരക്ഷണവും കരുതലും വേണ്ടതുണ്ടെങ്കില്‍ അക്കാര്യത്തെക്കുറിച്ചും  ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യണമെന്നും മന്ത്രാലയത്തോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss