|    Jul 20 Fri, 2018 6:11 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാപ്പുനല്‍കുമെന്ന് ഷാര്‍ജ ഭരണാധികാരി; 149 ഇന്ത്യക്കാരെ മോചിപ്പിക്കും

Published : 27th September 2017 | Posted By: fsq

തിരുവനന്തപുരം: ഗുരുതര ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴികെയുള്ള കേസുകളില്‍പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശെയ്ഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ അല്‍ഖാസിമി പ്രഖ്യാപിച്ചു. ചെക്കുകേസുകളിലും സിവില്‍ കേസുകളിലും പെട്ട് മൂന്നുവര്‍ഷത്തിലേറെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ഇന്നലെ ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാപ്പു നല്‍കാന്‍ തീരുമാനിച്ചതായി ഡോ. ശെയ്ഖ് സുല്‍ത്താന്‍ പ്രഖ്യാപിച്ചത്. കേരളീയരെ മാത്രമല്ല, ഗുരുതര ക്രിമിനല്‍ക്കേസുകളില്‍ പെടാത്ത മുഴുവന്‍ വിദേശീയരെയും ജയിലുകളില്‍ നിന്നു മോചിപ്പിക്കുകയാണെന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ഡി ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനില്‍ നടത്തിയ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ 149 ഇന്ത്യക്കാര്‍ മോചിതരാവുമെന്ന് വൈകീട്ട് ഷാര്‍ജ സുല്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുകളിലും നിസ്സാര കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരെയാണ് മോചിപ്പിക്കുന്നത്. രണ്ടു കോടി യുഎഇ ദിര്‍ഹം വരെയുള്ള (35.58 കോടി ഇന്ത്യന്‍ രൂപ) സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടവരെയാണ് നിരുപാധികം വിട്ടയക്കുന്നത്. ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി സമ്മതിച്ച കാര്യം മുഖ്യമന്ത്രി തന്നെയാണ് ബിരുദദാന ചടങ്ങില്‍ ആദ്യം വെളിപ്പെടുത്തിയത്. ജയിലുകളിലുള്ളവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് താന്‍ അഭ്യര്‍ഥിച്ചത്. എന്നാല്‍ ‘എന്തിന് അവര്‍ നാട്ടില്‍ പോകണം. അവര്‍ ഇവിടെ തന്നെ നില്‍ക്കട്ടെ. അവര്‍ക്ക് ഷാര്‍ജ നല്ല ജോലി നല്‍കും’ എന്നാണ് ശെയ്ഖ് സുല്‍ത്താന്‍ തന്നോട് പറഞ്ഞതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം പിന്നീട് തന്റെ മറുപടിപ്രസംഗത്തില്‍ ശെയ്ഖ് സുല്‍ത്താനും സ്ഥിരീകരിച്ചു. കേരളത്തില്‍ അറബി പഠനത്തിനും ഗവേഷണത്തിനുമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രം ഷാര്‍ജ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ശെയ്ഖ് സുല്‍ത്താന്‍ പ്രഖ്യാപിച്ചു. വിദേശത്ത് ജോലി തേടുന്ന കേരളത്തിലെ യുവജനങ്ങളുടെ തൊഴില്‍പരമായ കഴിവും വൈദഗ്ധ്യവും വര്‍ധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് നഴ്‌സിങ് മേഖലയില്‍, നൈപുണി വികസന കേന്ദ്രങ്ങളുടെ ശൃംഖലയുണ്ടാക്കണമെന്ന ആശയവും ശെയ്ഖ് സുല്‍ത്താന്‍ മുന്നോട്ടുവച്ചു. ഷാര്‍ജയില്‍ ജോലിക്കു പോവുന്നവര്‍ക്ക് കേരളത്തില്‍ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ നിര്‍ദേശം ഷാര്‍ജ ഭരണാധികാരി തത്ത്വത്തില്‍ അംഗീകരിച്ചു. ഇതിന് ആവശ്യമായ ടെസ്റ്റ് ഷാര്‍ജ അധികാരികള്‍ കേരളത്തില്‍ നടത്തും. കേരളവും ഷാര്‍ജയും അംഗീകരിച്ച പദ്ധതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് സമയബന്ധിത കര്‍മപദ്ധതി തയ്യാറാക്കാന്‍ ഇരുഭാഗത്തിനും പ്രാതിനിധ്യമുള്ള ഉന്നതാധികാര ഉദ്യോഗസ്ഥ സമിതി രൂപീകരിക്കാനും തീരുമാനിച്ചു. ശെയ്ഖ് സുല്‍ത്താന്റെ ചരിത്രപ്രധാനമായ കേരള സന്ദര്‍ശനത്തിനുള്ള നന്ദിസൂചകമായി തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന് സ്വന്തം കെട്ടിടം പണിയാന്‍ സ്ഥലം സര്‍ക്കാര്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ശെയ്ഖ് സുല്‍ത്താന്റെ സന്ദര്‍ശനം കേരള ജനതയ്ക്കു ലഭിച്ച വലിയ ആദരവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഷാര്‍ജയില്‍ കേരളത്തിന്റെ സമ്പന്നമായ സംസ്‌കാരവും ആയുര്‍വേദ പാരമ്പര്യവും അവതരിപ്പിക്കുന്ന സാംസ്‌കാരിക കേന്ദ്രം, ഷാര്‍ജയിലെ മലയാളികള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഭവനസമുച്ചയങ്ങള്‍, എന്‍ജിനീയറിങ് കോളജും മെഡിക്കല്‍ കോളജും പബ്ലിക് സ്‌കൂളും ഉള്‍പ്പെടെ ആഗോള നിലവാരമുള്ള വിദ്യാഭ്യാസ കേന്ദ്രം എന്നീ കേരളം നിര്‍ദേശിച്ച മൂന്നു പദ്ധതികളില്‍ ഷാര്‍ജ ഭരണാധികാരി സജീവ പരിശോധന നടത്തും. ഇതുസംബന്ധിച്ച് ഉടന്‍ തുടര്‍നടപടികള്‍ ഉണ്ടാവുമെന്ന് ശെയ്ഖ് സുല്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ഷാര്‍ജ ഭരണാധികാരി അംഗീകരിച്ച മൂന്നു പദ്ധതികളും 2016 ഡിസംബറില്‍ മുഖ്യമന്ത്രി ഷാര്‍ജ സന്ദര്‍ശിച്ചപ്പോള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss