|    Dec 17 Mon, 2018 1:55 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ജയിലുകളിലെ സുരക്ഷ; ഉന്നതതല സമിതി റിപോര്‍ട്ട് ഫയലില്‍ ഉറങ്ങുന്നു

Published : 27th August 2018 | Posted By: kasim kzm

ബഷീര്‍ പാമ്പുരുത്തി

കണ്ണൂര്‍: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് ഉന്നതതല സമിതി സമര്‍പ്പിച്ച റിപോര്‍ട്ട് ഒരു വര്‍ഷമാവാറായിട്ടും ഫയലിലുറങ്ങുന്നു. 2017 സപ്തംബറില്‍ റിപ്പര്‍ ജയാനന്ദന്‍, സഹതടവുകാരന്‍ ഊപ്പ പ്രകാശനോടൊപ്പം പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ചാടിയതിനെ തുടര്‍ന്നുള്ള സുരക്ഷാവീഴ്ച സംബന്ധിച്ചു പഠിക്കാന്‍ ആഭ്യന്തരവകുപ്പ് നിയോഗിച്ച ഉന്നതതല സമിതി നല്‍കിയ റിപോര്‍ട്ടിന്‍മേലാണ് നടപടി വൈകുന്നത്. അന്നത്തെ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എല്‍ രാധാകൃഷ്ണന്‍, സംസ്ഥാന പോലിസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യന്‍, പ്രിസണ്‍സ് ആന്റ് കറക്ഷനല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് എന്നിവരടങ്ങിയ ഉന്നതതല സമിതി നല്‍കിയ റിപോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ജയില്‍ മേധാവി ആര്‍ ശ്രീലേഖയുടെ നേതൃത്വത്തില്‍ 14 ജില്ലാ ജയിലുകളിലെയും മൂന്ന് സെന്‍ട്രല്‍ ജയിലുകളിലെയും രണ്ട് തുറന്ന ജയിലുകളിലെയും സൂപ്രണ്ടുമാരുടെ യോഗം ആഭ്യന്തര വകുപ്പ് അഡീഷനല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. എന്നാല്‍, റിപോര്‍ട്ടിലെ നിര്‍ദേശങ്ങളിലെ മിക്കതും ഇതുവരെ നടപ്പാക്കിയില്ല. മാതാപിതാക്കളെയും മകളെയും വിഷം നല്‍കി കൊന്ന പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യയെ കഴിഞ്ഞ ദിവസം കണ്ണൂര്‍ വനിതാ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതോടെ, ഉന്നതതല സമിതി റിപോര്‍ട്ട് വീണ്ടും ചര്‍ച്ചയാവുകയാണ്. ഉന്നതതല സമിതി സര്‍ക്കാരിന് 35 നിര്‍ദേശങ്ങളാണ് റിപോര്‍ട്ടില്‍ സമര്‍പ്പിച്ചിരുന്നത്. നൂതനരീതിയിലുള്ള അലാറം, മൊബൈല്‍ ഡിറ്റക്റ്റര്‍, ബോഡി സ്‌കാനര്‍ തുടങ്ങിയവ സ്ഥാപിക്കുക, കാമറകള്‍ സ്ഥാപിക്കുക, ജയില്‍ ജീവനക്കാരുടെ എണ്ണം തടവുകാര്‍ക്ക് ആനുപാതികമായി വര്‍ധിപ്പിക്കുക, ജയില്‍ ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ അനുവദിക്കാതെ വയര്‍ലെസ് ഫോണുകള്‍ നല്‍കുക, മൂന്നുമാസം കൂടുമ്പോള്‍ ജീവനക്കാര്‍ക്ക് ജോലി മാറ്റിനല്‍കുക, ജയില്‍ കോംപൗണ്ടില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് നിരുല്‍സാഹപ്പെടുത്തുക, ജയില്‍ കോംപൗണ്ട് ഭിത്തിയുടെ ആറു മീറ്റര്‍ പരിധിയിലും പുറത്ത് മൂന്നു മീറ്റര്‍ പരിധിയിലും വരുന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുക, ജയിലുകളില്‍ ജീവനക്കാരെ നിയമിക്കുന്നത് പൂര്‍ണമായും പിഎസ്‌സി മുഖേനയാക്കുക തുടങ്ങിയവയായിരുന്നു ഉന്നതതല സമിതി റിപോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍. എന്നാല്‍, ഇവയൊന്നും കാര്യക്ഷമമായി നടപ്പാക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ആദ്യഘട്ടമെന്ന നിലയില്‍ മൂന്ന് സെന്‍ട്രല്‍ ജയിലുകളിലും രണ്ടു വനിതാ ജയിലുകളിലും പവര്‍ ഫെന്‍സിങ് സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റു സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതില്‍ നിസ്സംഗത കാട്ടുകയായിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉള്‍പ്പെടെയുള്ള ജയിലുകളില്‍ കഞ്ചാവ്, മയക്കുമരുന്ന് പിടികൂടുന്നത് പതിവാണ്. സെന്‍ട്രല്‍ ജയിലിന്റെ മതിലിനു പുറത്തേക്ക് കഞ്ചാവ് പൊതി വലിച്ചെറിഞ്ഞുകൊടുത്ത സംഭവം വരെയുണ്ടായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss