|    Jan 21 Sat, 2017 3:48 am
FLASH NEWS

ജയിലില്‍ ഇനി മൊഞ്ചും കൂട്ടും; ബ്യൂട്ടീഷ്യന്മാരായി തടവുകാര്‍

Published : 21st April 2016 | Posted By: SMR

കണ്ണൂര്‍: ചപ്പാത്തിയും ബിരിയാണിയും ലഡുവും കഴിക്കാന്‍ മാത്രമല്ല, മുഖവും മുടിയും മൊഞ്ചാക്കാനും ഇനി ജയിലില്‍ പോവാം. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് രാജ്യത്തെ ആദ്യത്തെ സംരംഭമായ ജെന്റ്‌സ് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. കുറഞ്ഞ മുതല്‍മുടക്കി ല്‍ ശീതീകരിച്ച മുറിയിലിരുന്ന് ഇനി മുടിമുറിക്കാം, മുഖം ഫേഷ്യ ല്‍ ചെയ്യാം. ബ്യൂട്ടീഷ്യന്മാരായെത്തുന്നതു മറ്റാരുമല്ല, വിവിധ കേസുകളിള്‍പ്പെട്ട് അന്തേവാസികളായവര്‍ തന്നെ.
തളിപ്പറമ്പ് കാഞ്ഞിരങ്ങാട്ടെ റുഡ്‌സെറ്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദഗ്ധര്‍ നല്‍കിയ പരിശീലനം പൂര്‍ത്തിയാക്കിയ 30 അന്തേവാസികളാണ് ജയില്‍ കോംപൗണ്ടിലെ ഫിനിക്‌സ് ഫ്രീഡം എക്‌സ്പ്രഷന്‍സ് ബ്യൂട്ടി പാര്‍ലറില്‍ സേവനമനുഷ്ഠിക്കുന്നത്. സേവനങ്ങളുടെ തുക പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും സ്വകാര്യ ബ്യൂട്ടി പാര്‍ലറുകളില്‍ നിന്ന് 20 ശതമാനം മുതല്‍ കുറവുണ്ടാവുമെന്ന് ജയില്‍ അധികൃതര്‍ ഉറപ്പുനല്‍കുന്നു. ആറു പേരാണ് ദിവസവും ജോലി ചെയ്യുക. എല്ലാവര്‍ക്കും യൂനിഫോം ഉണ്ടായിരിക്കും. പരോള്‍, ജയില്‍മോചനം എന്നീ ഘട്ടങ്ങളില്‍ പകരക്കാര്‍ ജോലിക്കിറങ്ങും.
ഞായറാഴ്ച അവധിയില്ല. തുടക്കത്തില്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പ്രവര്‍ത്തന സമയം നിശ്ചയിച്ചിരിക്കുന്നത്. ഹെയര്‍ കട്ടിങ്, സ്‌ട്രെയിറ്റനിങ്, കളറിങ്, ഫേഷ്യല്‍ തുടങ്ങി സ്വകാര്യ ബ്യൂട്ടി പാര്‍ലറുകളിലുള്ള എല്ലാ സൗകര്യങ്ങളും പുരുഷന്മാര്‍ക്ക് ഇവിടെ ലഭിക്കും.
ജയില്‍ അന്തേവാസികളെ കുറ്റകൃത്യങ്ങളില്‍ നിന്നു മോചിപ്പിച്ച് തടവു കാലാവധി കഴിയുമ്പോ ള്‍ സ്വയംതൊഴില്‍ ചെയ്യാന്‍ പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ജയില്‍ വകുപ്പ് പദ്ധതി വഴിയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ 30 തടവുകാര്‍ക്ക് ബ്യൂട്ടീഷ്യന്‍ കോഴ്‌സില്‍ പരിശീലനം നല്‍കിയത്. ഇവര്‍ക്ക് കഴിഞ്ഞ മാസം സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തിരുന്നു. റൂഡ്‌സെറ്റ് സൗജന്യമായാണ് പരിശീലനം നല്‍കിയത്. ഇന്നലെ ജയി ല്‍ കോംപൗണ്ടില്‍ നടന്ന പരിപാടിയില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിങ് ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്തു. ജയില്‍ ഡിഐജി കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പോലിസ് ചീഫ് പി ഹരിശങ്കര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയി ല്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ, കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം മേധാവി കെ ബാലചന്ദ്രന്‍, റുഡ്‌സെറ്റ് ഡയരക്ടര്‍ പി വി സുരേന്ദ്രന്‍, ജില്ലാ പ്രബേഷന്‍ ഓഫിസര്‍ കെ പി അഷ്‌റഫ്, വെല്‍ഫയര്‍ ഓഫിസര്‍ കെ വി മുകേഷ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 63 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക