|    Oct 20 Sat, 2018 1:49 am
FLASH NEWS
Home   >  Editpage  >  Middlepiece  >  

ജയിലിലെ സുഖവാസവും പരോളും

Published : 29th September 2017 | Posted By: fsq

സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഭരണനിര്‍വഹണ കാര്യത്തില്‍ ജയിലുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് പ്രത്യേകമായി ജയില്‍വകുപ്പ് രൂപീകരിച്ചത്. ഒരു മന്ത്രിയുടെ കീഴിലാണ് ഈ വകുപ്പ്. ഓരോ ജയിലുകള്‍ക്കും ജനപ്രതിനിധികളടങ്ങിയ ഉപദേശകസമിതികളും നിലവിലുണ്ട്. ജയില്‍സുരക്ഷിതത്വത്തിനു വേണ്ടി ഭീമമായ സംഖ്യ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വര്‍ഷംതോറും ചെലവഴിക്കുന്നുണ്ട്. ഡിജിപിയുടെ കീഴിലായിരിക്കും ജയില്‍വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. തടവുകാരുടെ ആരോഗ്യസ്ഥിതി, ക്ഷേമം, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ജയിലധികാരികള്‍ സദാ ശ്രദ്ധ ചെലുത്തണമെന്നാണു നിയമം. ഓരോ തടവുകാരനും ജയിലില്‍ നിശ്ചയിക്കപ്പെട്ട അവകാശങ്ങളുണ്ട്. അതു പാലിക്കപ്പെട്ടില്ലെങ്കില്‍ പരാതി നല്‍കാനും വ്യവസ്ഥയുണ്ട്. തടവുകാരെയെല്ലാം ഒരേപോലെ കാണുകയും സംരക്ഷിക്കുകയും വേണമെന്നത് ജയിലിലെ കര്‍ശന വ്യവസ്ഥയാണ്. ആര്‍ക്കും പ്രത്യേകമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ പാടില്ല. അങ്ങനെയുണ്ടായാല്‍ അതു കുറ്റകരമാണ്. ജയില്‍ അധികാരികള്‍ക്കു നേരെ നടപടിയുണ്ടാവും. ഇതൊക്കെ എഴുതിവച്ച നിയമങ്ങളും വ്യവസ്ഥകളുമാണ്. എന്നാല്‍, ഓരോ ഭരണകാലത്തും തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കിവരുന്നത് ചര്‍ച്ചയാവാറുണ്ട്. രാഷ്ട്രീയക്കാര്‍ക്കും സമ്പന്നന്‍മാര്‍ക്കുമാണ് ഈ ആനുകൂല്യം കാലാകാലങ്ങളായി ലഭിക്കാറുള്ളത്. അതൊക്കെ പരസ്യമായ രഹസ്യവുമാണ്. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ചട്ടങ്ങള്‍ ലംഘിച്ച് പരോള്‍ നല്‍കിയതിന്റെ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു. ഇതുസംബന്ധിച്ച് ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ജയില്‍ ഡിജിപിക്കു പരാതിയും നല്‍കിക്കഴിഞ്ഞു. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 11 തവണയായി പി കെ കുഞ്ഞനന്തന് 144 ദിവസവും കെ സി രാമചന്ദ്രന് അഞ്ചു തവണയായി 90 ദിവസവും പരോള്‍ അനുവദിച്ചെന്നാണു രേഖകള്‍ വ്യക്തമാക്കുന്നത്. ഒരുവര്‍ഷം പരമാവധി 60 ദിവസം പരോള്‍ അനുവദിക്കാമെന്നാണ് ജയില്‍ചട്ടം. അതുതന്നെ മൂന്നുമാസത്തിനിടയില്‍ 15 ദിവസവും ആറുമാസത്തിനിടെ 30 ദിവസവും മാത്രമേ പരോള്‍ അനുവദിക്കാന്‍ വ്യവസ്ഥയുള്ളു. അടിയന്തര സാഹചര്യത്തിലുള്ള ഗണത്തില്‍ ഉള്‍പ്പെടുത്തിയാണത്രേ രണ്ടു പ്രതികള്‍ക്ക് ഇത്രദിവസം പുറത്തുപോവാന്‍ അനുവാദം നല്‍കിയത്. രക്തബന്ധത്തിലുള്ളവരും അടുത്ത ബന്ധുക്കളും ഗുരുതരമായ രോഗാവസ്ഥയില്‍ കഴിയുകയാണെങ്കില്‍ തടവുകാര്‍ക്ക് അടിയന്തര അവധി നല്‍കാം. തടവുകാരുടെ വീടുകള്‍ക്ക് കനത്ത നാശനഷ്ടം സംഭവിച്ചാലും അടിയന്തര പരോള്‍ നല്‍കാം. ഈ രണ്ടു കാരണങ്ങളിലും ക്രമക്കേടുകള്‍ കണ്ടതിനാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു തന്നെ കര്‍ശനമായ ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അപേക്ഷകളില്‍ ഏതു ചെറിയ രോഗവും ഗുരുതരമാവുന്നു. അകന്ന ബന്ധുക്കളും അടുത്ത ബന്ധുക്കളാവുന്നു. പരോളിനുള്ള അപേക്ഷകള്‍ ജയില്‍ അധികൃതര്‍ വിശദമായി അന്വേഷിക്കണമെന്നതാണു പ്രധാന നിര്‍ദേശം. എന്നാല്‍, അന്വേഷണങ്ങള്‍ നടക്കാറില്ല. ഇനി അതു നടത്തണമെന്നു വച്ചാലും ജയില്‍വകുപ്പില്‍ ആവശ്യത്തിനു ജീവനക്കാരുമില്ല. അപേക്ഷകള്‍ നേരിട്ട് അന്വേഷിക്കാന്‍ ജയില്‍ സൂപ്രണ്ടിനു കഴിയാറില്ല.രാഷ്ട്രീയക്കാര്‍ക്കും പണക്കാര്‍ക്കും ജയിലുകള്‍ സുഖവാസകേന്ദ്രങ്ങളാക്കി മാറ്റാന്‍ പല ജയിലധികാരികളും ഓവര്‍ടൈം പണിയെടുക്കുന്നതായാണ് അനുഭവം. വല്ല സൂപ്രണ്ടുമാരും മറിച്ചു ചിന്തിച്ചാല്‍ അവരുടെ കഷ്ടകാലം തുടങ്ങുകയായി. ചട്ടലംഘനത്തിന് ഏറ്റവും വലിയ ഉദാഹരണം കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തന്നെയാണ്. പാര്‍ട്ടിഗ്രാമം പോലെ പാര്‍ട്ടി ജയില്‍ എന്നാണു സഖാക്കള്‍പോലും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനെ വിശേഷിപ്പിക്കുന്നത്. ഏതു ഭരണം വന്നാലും ഈ ജയില്‍ നടത്തിപ്പ് സിപിഎം വിചാരിച്ചതുപോലെയാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജയിലില്‍ പൂര്‍ണ സ്വാതന്ത്ര്യമാണെന്ന വിമര്‍ശനം എപ്പോഴും ഉയരാറുണ്ട്. പാര്‍ട്ടിക്കാരായ തടവുകാര്‍ കണ്ണൂര്‍ സെട്രല്‍ ജയിലിലേക്കു മാറാന്‍ തിരക്കുകൂട്ടുന്നു. കണ്ണൂരിലേക്കുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണെന്നാണു വിവരം. ജയിലില്‍ പാര്‍ട്ടി ഗ്രൂപ്പ് വരെ ഉണ്ടത്രേ? ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ എറണാകുളം സബ് ജയിലില്‍ നിന്ന് കണ്ണൂരിലേക്കു മാറ്റിയത് സമീപകാലത്താണ്. ജയില്‍മാറ്റ ഹരജി സിബിഐ കോടതിയുടെ പരിഗണനയില്‍ ഇരിക്കവെയാണ് ജയില്‍ ഡിജിപി പ്രത്യേക ഉത്തരവിലൂടെ ഇവരെ സുഖവാസകേന്ദ്രത്തിലേക്കു മാറ്റിയത്. 850 തടവുകാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇപ്പോള്‍ 1,100 തടവുകാരാണ് ഉള്ളത്. ഇനിയും ജയില്‍മാറ്റത്തിനുള്ള അപേക്ഷകള്‍ പരിഗണനയിലാണ്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന പരാതിയില്‍ ടിപി വധക്കേസിലെ പ്രതികളെ വിയ്യൂര്‍ ജയിലിലേക്കു മാറ്റാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിക്ക് വേണ്ടപ്പെട്ട കുഞ്ഞനന്തനെയും രാമചന്ദ്രനെയും കണ്ണൂര്‍ സുഖവാസകേന്ദ്രത്തില്‍ തന്നെ പാര്‍പ്പിച്ചു. ചന്ദ്രബോസ് വധക്കേസിലെ കോടീശ്വരനായ പ്രതി മുഹമ്മദ് നിഷാമും ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്. ഇയാളുടെ ജയിലിലെ ഉറ്റചങ്ങാതിമാരാണത്രേ കുഞ്ഞനന്തനും രാമചന്ദ്രനും. കുറഞ്ഞ കാലംകൊണ്ട് മുഹമ്മദ് നിഷാമും ഒരു വിപ്ലവകാരിയായി മാറിയിട്ടുണ്ടാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss