|    Nov 20 Tue, 2018 10:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ജയിലിലെ ആത്മഹത്യ: ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടില്‍

Published : 25th August 2018 | Posted By: kasim kzm

തലശ്ശേരി: പിണറായി കൂട്ടക്കൊലക്കേസിലെ പ്രതി പടന്നക്കര വണ്ണത്താന്‍കണ്ടി സൗമ്യ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനോടനുബന്ധിച്ചുള്ള വനിതാ ജയിലിലെ കോംപൗണ്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആഭ്യന്തരവകുപ്പ് പ്രതിക്കൂട്ടില്‍. നാടകീയതകള്‍ ഏറെയുള്ള കേസില്‍ തുടക്കത്തില്‍ പോലിസും ഇപ്പോള്‍ ജയില്‍ വകുപ്പുമാണ് പ്രതിക്കൂട്ടിലുള്ളത്.
വിചാരണപോലും തുടങ്ങാത്ത പ്രമാദമായ കേസിലെ പ്രതിയെ ജയില്‍ കോംപൗണ്ടില്‍ ജോലിക്കു വിടുമ്പോള്‍ യാതൊരുവിധ നിരീക്ഷണവും നടത്തിയില്ലെന്നത് വരുംദിവസങ്ങളില്‍ വിവാദത്തിനു വഴിവയ്ക്കുമെന്നുറപ്പാണ്. പ്രത്യേകിച്ച് ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലയായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലിനോടനുബന്ധിച്ച സ്ഥലത്ത് നടന്ന സംഭവത്തില്‍. മാത്രമല്ല, മുഖ്യമന്ത്രിയുടെ നാട്ടില്‍ തന്നെ നടന്ന കേസില്‍ ഒരു യുവതി മാത്രം പ്രതിപ്പട്ടികയിലായതിലും ചോദ്യങ്ങള്‍ ഉയരുമെന്നുറപ്പ്. ജയിലില്‍ ജോലി നല്‍കുമ്പോള്‍ പാലിക്കേണ്ട ചട്ടങ്ങളും നിരീക്ഷണങ്ങളുമൊന്നും സൗമ്യയുടെ വിഷയത്തില്‍ പാലിച്ചില്ലെന്നാണു സൂചന. മാത്രമല്ല, സൗമ്യയുടെ മേല്‍ ആരുടെയെങ്കിലും സമ്മര്‍ദമുണ്ടായിരുന്നോ എന്നും അന്വേഷണം വേണ്ടിവരും.
കേസില്‍ പ്രതിയുടെ റിമാന്റ് കാലാവധിയായ 90 ദിവസം പൂര്‍ത്തിയാവുംമുമ്പ് തന്നെ കേസന്വേഷിച്ച തലശ്ശേരി സിഐ കെ ഇ പ്രേമരാജനും ഇപ്പോഴത്തെ തലശ്ശേരി സിഐ എം പി ആസാദും ചേര്‍ന്നാണ് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിതാവ് കുഞ്ഞിക്കണ്ണന്‍, മാതാവ് കമല, സൗമ്യയുടെ മൂത്തമകള്‍ ഐശ്വര്യ എന്നിവരെ ഭക്ഷണത്തില്‍ വിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ഈ മൂന്നു കേസുകളിലെയും കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്. വിവിധ കാലയളവിലായാണ് കുടുംബത്തിലെ മൂവരെയും സൗമ്യ ഭക്ഷണത്തില്‍ വിഷംകലര്‍ത്തി കൊലപ്പെടുത്തിയതെന്നാണു കുറ്റപത്രത്തിലുള്ളത്.
മരണത്തില്‍ സംശയം തോന്നിയ ബന്ധുക്കളാണ് പരാതിയുമായി പോലിസിനെ സമീപിച്ചത്. ഏറെ നിരീക്ഷണങ്ങള്‍ക്കു ശേഷമാണ് തലശ്ശേരി പോലിസ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. ദിവസങ്ങളോളം ചോദ്യംചെയ്‌തെങ്കിലും കുറ്റം സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് കണ്ണൂര്‍ ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തപ്പോഴാണ് കൂട്ടക്കൊലപാതകം സംബന്ധിച്ച് വെളിപ്പെടുത്തിയതെന്നാണ് പോലിസ് അറിയിച്ചത്. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഓരോ ഘട്ടങ്ങളിലും മൂന്നുപേര്‍ക്കും നല്‍കിയെന്നും കൂട്ടുപ്രതികളായി ആരെയും കണ്ടെത്തിയിട്ടില്ലെന്നും പോലിസ് വ്യക്തമാക്കിയിരുന്നു. സൗമ്യയുടെ ഫോ ണ്‍ പരിശോധനയുടെ അടിസ്ഥാനത്തില്‍ പിണറായി ഗ്രാമത്തിലും നഗരപരിസരത്തുമുള്ള പലരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി പോലിസ് ചോദ്യംചെയ്തിരുന്നു. എന്നാല്‍ കൂട്ടുപ്രതി സ്ഥാനത്തേക്ക് പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനാവശ്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നത്.
മാതാപിതാക്കളെയും മകളെയും തനിച്ചാണ് കൊലപ്പെടുത്തിയതെന്ന മൊഴി അവിശ്വസനീയമാണെന്ന സംശയം ബലപ്പെട്ടിരുന്നു. അതേസമയം തലശ്ശേരി നഗരത്തില്‍ പുതുതായി ആരംഭിച്ച ഒരു ബാങ്കില്‍ പിഗ്മി ഡെപോസിറ്റ് കലക്ഷന്‍ ജോലി ചെയ്തിരുന്ന സൗമ്യ വഴി പ്രതിമാസം കാല്‍ ലക്ഷത്തിലേറെ രൂപയ്ക്കുമുകളില്‍ നിക്ഷേപിച്ചവര്‍ ഉണ്ടായിരുന്നു. പിഗ്മി കലക്ഷന് ഇത്രയും വലിയ തുക നിക്ഷേപിച്ചവരെ കുറിച്ച് യാതൊരുവിധ അന്വേഷണവും ഉണ്ടായിരുന്നില്ല. എന്നാല്‍, സൗമ്യയെ ജയില്‍ വളപ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതോടെ തുടരന്വേഷണത്തിനുള്ള സാധ്യതകളെല്ലാം വഴിമുട്ടുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss