|    Oct 23 Mon, 2017 9:54 am
Home   >  Editpage  >  Editorial  >  

ജയിച്ച കുട്ടികള്‍ക്ക് തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കണം

Published : 29th April 2016 | Posted By: SMR

2016 മാര്‍ച്ചിലെ പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നു. കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ വിജയികളുടെ എണ്ണം രണ്ടു ശതമാനം കുറവാണ്. 2015ല്‍ 98.57 ശതമാനമായിരുന്നു വിജയം. 96.59 ശതമാനമാണ് ഇത്തവണ. മാര്‍ച്ച് 23ന് സമാപിച്ച പരീക്ഷയുടെ ഫലം ഏറെ വൈകാതെ പ്രസിദ്ധീകരിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കഴിഞ്ഞതു പ്രശംസാര്‍ഹമാണ്. ഫലം പെട്ടെന്നു പ്രസിദ്ധീകരിക്കാനുള്ള ധൃതി മൂലം കഴിഞ്ഞ വര്‍ഷം സംഭവിച്ചതു ഗുരുതരമായ തകരാറുകളാണ്. ഫലം പലതവണ മാറിമറിഞ്ഞു. ഈ അശ്രദ്ധയുടെ ഫലം അനുഭവിക്കേണ്ടി വന്നത് കുട്ടികളും രക്ഷിതാക്കളുമാണ്. ഈ വര്‍ഷം ജാഗ്രതയോടെയാണു ഫലം തയ്യാറാക്കിയതെന്നും മുന്‍വര്‍ഷം സംഭവിച്ചതു പോലുള്ള പാളിച്ചകള്‍ ഉണ്ടാവില്ലെന്നും ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതികളൊന്നും ഇതു വരെ ഉയര്‍ന്നിട്ടുമില്ല. ഈ നേട്ടം കൈവരിക്കുന്നതില്‍ പങ്കാളികളായ എല്ലാവരെയും വിജയം കൈവരിച്ച കുട്ടികളെയും അഭിനന്ദിക്കാം.
പ്രീ ഡിഗ്രി ഒഴിവാക്കി സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി സംവിധാനം ആവിഷ്‌കരിച്ചതോടെ മുന്‍കാലങ്ങളില്‍ പത്താം ക്ലാസ് പരീക്ഷയ്ക്ക് നല്‍കിവന്ന വലിയപ്രാധാന്യം ഇപ്പോഴില്ല. മൊത്തം മൂല്യനിര്‍ണയത്തില്‍ പാലിക്കുന്ന ഉദാരതയും പരീക്ഷാഫലത്തിന്റെ പകിട്ടില്‍ കുറവു വരുത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ പൂജ്യം മാര്‍ക്കുള്ള വിദ്യാര്‍ഥിക്കു പോലും ഗ്രേസ് മാര്‍ക്കിന്റെ ബലത്തില്‍ ജയിക്കാവുന്ന അവസ്ഥയാണു നിലവിലുള്ളത്. ഈ സാഹചര്യം ഒഴിവാക്കുന്നതിന് മുമ്പ് നിലവിലിരുന്നതു പോലെ ഓരോ വിഷയത്തിനും മിനിമം മാര്‍ക്ക് വ്യവസ്ഥ വീണ്ടും ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പരീക്ഷാ ബോര്‍ഡില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ അടുത്ത വര്‍ഷം മുതല്‍ നടപ്പാവും.
വിജയകരമായി പരീക്ഷ എന്ന കടമ്പ പിന്നിട്ട കുട്ടികള്‍ക്ക് ഇനി അഭിമുഖീകരിക്കാനുള്ള സാഹചര്യം കൂടി ചര്‍ച്ചാവിഷയമാവണം. പരീക്ഷയെഴുതിയ 4,73,803 വിദ്യാര്‍ഥികളില്‍ 4,57,654 പേര്‍ 11ാം ക്ലാസില്‍ തുടര്‍പഠനത്തിനു യോഗ്യത നേടിയിട്ടുണ്ട്. നാലരലക്ഷത്തിലേറെ കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കുക എന്നതു പ്രശ്‌നമാണ്. മുന്‍വര്‍ഷങ്ങളിലെന്നതു പോലെ ഹയര്‍ സെക്കന്‍ഡറി, പ്ലസ് ടു പ്രവേശനം വലിയ പ്രശ്‌നമാവും. എല്ലാ വിഷയങ്ങള്‍ക്കും കൂടുതല്‍ എ പ്ലസ് നേടിയ ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. 1469 കുട്ടികള്‍ എ പ്ലസ് നേടിയ മലപ്പുറം ജില്ല വിദ്യാഭ്യാസ രംഗത്ത് അഭിമാനകരമായ മുന്നേറ്റം തുടരുകയാണ്. എന്നാല്‍ ആവശ്യമായ ഉന്നത വിദ്യാഭ്യാസ സൗകര്യമില്ലാതെ മലപ്പുറം ജില്ലയില്‍ മുന്‍ വര്‍ഷങ്ങളിലെന്ന പോലെ ഇത്തവണയും ആയിരക്കണക്കിനു കുട്ടികള്‍ പ്രയാസപ്പെടുമെന്നതുറപ്പ്. രക്ഷിതാക്കളുടെയും കുട്ടികളുടെയും ഈ ദുരവസ്ഥ ചൂഷണം ചെയ്യുന്നതിനു വിദ്യാഭ്യാസം വ്യവസായമായിക്കാണുന്ന സമാന്തര സ്ഥാപനങ്ങളും സ്വാശ്രയ സ്ഥാപനങ്ങളും വലവിരിച്ചു കാത്തിരിക്കുന്നു. മലപ്പുറം ജില്ലയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ കക്ഷി പല തവണ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിട്ടു പോലും ഈ ദുസ്ഥിതിക്കു മാറ്റമുണ്ടായില്ലെങ്കില്‍ ആരെയാണു പഴിക്കേണ്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക