|    Feb 28 Tue, 2017 1:15 pm
FLASH NEWS

ജയിച്ചു കയറി മാഞ്ചസ്റ്റര്‍ യുനൈറ്റഡും റയലും; സമനിലയില്‍ കുരുങ്ങി ബാഴ്‌സ

Published : 2nd December 2016 | Posted By: SMR

മാഡ്രിഡ്/ ഓള്‍ഡ് ട്രഫോര്‍ഡ്: ഇംഗ്ലീഷ് ലീഗ് കപ്പില്‍ കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സെമിയില്‍ കടന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ വെസ്റ്റ് ഹാമിനെ 4-1 ന് തകര്‍ത്താണ് ചുവന്ന ചെകുത്താന്‍പട സെമിയില്‍ കടന്നത്. ആന്തോണി മാര്‍ഷ്യലും ഇബ്രാഹിമോവിചും നേടിയ ഇരട്ടഗോളാണ് യുനൈറ്റഡിന് മികച്ച വിജയം സമ്മാനിച്ചത്. എന്നാല്‍ കരുത്തന്‍മാരായ ആഴ്‌സനലിനെ സതാംപ്റ്റന്‍ നാണം കെടുത്തി. എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് സതാംപ്റ്റന്‍ ആഴ്‌സനലിനെ തകര്‍ത്തത്.
സ്പാനിഷ് കോപ്പ ഡില്‍ റേയില്‍ റയല്‍ മാഡ്രിഡ് ഗോള്‍മഴപെയ്യിച്ച് ജയിച്ചു. കള്‍ച്ചറല്‍ ലിയോണ്‍സയെ  6-1 നാണ് റയല്‍ മുക്കിയത്. എന്നാല്‍ പേരു കേട്ട ബാഴ്‌സലോണന്‍ പടയ്ക്ക് വീണ്ടു സമനിലക്കുരുക്കു വീണു. ഹെര്‍ക്കുലീസ് ബാഴ്‌സലോണയെ 1-1 തളക്കുകയായിരുന്നു.

ഇബ്രാഹിമോവിച് കരുത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്
പോഗ്ബയും റൂണിയും ഇബ്രാഹിമോവിചും അണിനിരക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്ന ചുവന്ന ചെകുത്താന്‍ പടയുടെ തകര്‍പ്പന്‍ പ്രകടനത്തിനാണ് ഇന്നലെ ഓള്‍ഡ് ഗ്രഫോര്‍ഡ് സ്‌റ്റോഡിയം സാക്ഷ്യം വഹിച്ചത്. ജോസ് മൊറീഞ്ഞോയെന്ന സൂപ്പര്‍ കോച്ചിന്റെ ശിക്ഷണത്തില്‍ കളത്തിലിറങ്ങിയ യുനൈറ്റഡ് ആധികാരിക വിജയത്തോടെയാണ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. വെസ്റ്റ് ഹാം അട്ടിമറിക്കാന്‍ ശേഷിയുള്ള കരുത്തന്‍മാരാണെങ്കിലും യുനൈറ്റഡിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ നിറം മങ്ങി നില്‍ക്കേണ്ടി വന്നു.
മല്‍സരം തുടങ്ങി രണ്ടാം മിനിറ്റില്‍ത്തന്നെ യുനൈറ്റഡ് കരുത്തുതെളിയിച്ചു. ഫസ്റ്റ് ടെച്ച് സ്വീകരിച്ച് മുന്നേറിയ ഇബ്രാഹിമോവിചിന്റെ ബൂട്ടിന് ലക്ഷ്യം കണ്ടെത്താനായപ്പോള്‍ രണ്ടാം മിനിറ്റില്‍ യുനൈറ്റഡ് 1-0 ന്റെ ലീഡ് നേടി. രണ്ടാം പകുതിയില്‍ യുനൈറ്റഡ് കൂടുതല്‍ മികവുകാട്ടി. രണ്ടാം പകുതിയുടെ 48ാം മിനിറ്റില്‍ അന്തോണി മാര്‍ഷ്യല്‍ യുനൈറ്റഡിന്റെ ലീഡുയര്‍ത്തി. .  ഇബ്രാഹിമോവിചാണ് ടീമിന്റെ അവസാന ഗോള്‍ സ്വന്തമാക്കിയത്. മല്‍സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 4-1 ന്റെ ജയം യുനൈറ്റഡിനൊപ്പം നിന്നു.

ആഴ്‌സനലിനെ മുക്കി സതാംപ്റ്റണ്‍
ആഴ്‌സന്‍ വെങ്ങറെന്ന സൂപ്പര്‍ പരിശീലകന്റെ ഉപദേശങ്ങള്‍ക്ക് കീഴില്‍ കളിക്കുന്ന ശക്തരായ ആഴ്‌സനലിനെ സതാംപ്റ്റന്‍ നാണം കെടുത്തി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ആഴ്‌സലിനെ സതാംപ്റ്റന്‍ കീഴടക്കിയത്. ആദ്യ പകുതിയില്‍ത്തന്നെ രണ്ടു ഗോളുകള്‍ പിറന്ന മല്‍സരത്തില്‍ കളിമികവിന്റെ വിജയമാണ് സതാംപ്റ്റന്‍ നേടിയെടുത്തത്.
മല്‍സരം തുടങ്ങി 13ാം മിനിറ്റില്‍ത്തന്നെ സതാംപ്റ്റന്‍ ആദ്യ ഗോള്‍ സ്വന്തമാക്കി. ജോര്‍ദി ക്ലാസിയാണ് സതാംപ്റ്റന് വേണ്ടി അക്കൗണ്ട് തുറന്നത്. ഗോള്‍ വഴക്കത്തോടെ ആഴ്‌സനലിന്റെ കണക്കുകൂട്ടലുകള്‍ താളം തെറ്റി. മല്‍സരത്തിന്റെ 38ാം മിനിറ്റില്‍ ആഴ്‌സനലില്‍ ഡബിള്‍ ഷോക്ക് നല്‍കി റിയാന്‍ ബെട്രാന്‍ഡ് സതാംപ്റ്റനായി ലക്ഷ്യം കണ്ടു. ആദ്യം പകുതിയില്‍ രണ്ട് ഗോളിന്റെ ലീഡ് ലഭിച്ച സതാംപ്റ്റന്‍ രണ്ടാം പകുതിയില്‍ മികച്ച പ്രതിരോധവും കാഴ്ചവെച്ചു.
സെമി പ്രവേശനം സ്വപ്‌നം കണ്ട് കളത്തിലിറങ്ങിയ ആഴ്‌സനലിന് രണ്ടാം പകുതിയിലും പിഴച്ചു. സതാംപ്റ്റന്‍ യുവനിര ആക്രമണത്തോടൊപ്പം മികച്ച പ്രതിരോധവും കാഴ്ചവെച്ചപ്പോള്‍  ആഴ്‌സനല്‍ തോല്‍വി സമ്മതിക്കുകയായിരുന്നു.

റോയല്‍ റയല്‍
ക്രിസ്റ്റിയാനോ റൊണാള്‍ഡോയെപ്പേലെയും ജെയിംസ് റോഡ്രിഗസിനെപ്പോലെയുമുള്ള പ്രതിഭാശാലികള്‍ അണിനിരക്കുന്ന റയല്‍ മാഡ്രിഡിന്റെ കള്‍ച്ചറല്‍ ലിയോണ്‍സക്കെതിരെയുള്ള പ്രകടനം ആധികാരികമായിരുന്നു. ഒന്നിനെതിരേ ആറു ഗോളുകള്‍ക്കാണ് റയല്‍ തങ്ങളുടെ വിജയം സ്വന്തമാക്കിയത്. മരിയാനോ ഡിയാസ് മൂന്നുവട്ടം വലകുലുക്കി കരുത്തുകാട്ടിയപ്പോള്‍ ദുര്‍ബലരായ ലിയോണ്‍സക്ക് നോക്കി നില്‍ക്കേണ്ടിവന്നു.
മല്‍സരത്തിന്റെ ആദ്യ മിനിറ്റില്‍ത്തന്നെ ഡിയാസ് റയലിനായി ഗോള്‍ നേടി. ആദ്യ ടെച്ച് തന്നെ ഗോളാക്കി കരുത്തുകാട്ടിയ റയലിന് വേണ്ടി 24ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസ് വലകുലുക്കി ലീഡുയര്‍ത്തി. ആദ്യ പകുതിക്ക് തൊട്ടുമുമ്പ് ഡിയാസ് വീണ്ടു വലകുലുക്കി റയലിന്റെ ലീഡ് 3-0 ആക്കി ഉയര്‍ത്തി. എന്നാല്‍ ഒന്നാംപകുതിയുടെ അവസാന മിനിറ്റില്‍ ലിയോണ്‍സിയക്ക് വേണ്ടി ഗോണ്‍സാലസ് ലക്ഷ്യം കണ്ടെത്തി. ആദ്യ പകുതി പിരിയുമ്പോള്‍ 3-1 ന്റെ ശക്തമായ ലീഡോഡെയാണ് റയല്‍ കളം വിട്ടത്.
രണ്ടാം പകുതിയിലും റയലിന്റെ മുന്നേറ്റം തുടര്‍ന്നു. മല്‍സരം മുഴുവന്‍ സമയം പൂര്‍ത്തിയാക്കിയപ്പോള്‍ 6-1 ന്റെ രാജകീയ ജയത്തോടെയാണ് റയല്‍ മാഡ്രിഡ് കളം വിട്ടത്.

ബാഴ്‌സലോണയ്ക്ക് വീണ്ടും സമനില
ലയണല്‍ മെസ്സിയും ലൂയി സുവാരസും നെയ്മറും ചേര്‍ന്ന കരുത്തന്‍മാരുടെ നിരയായിട്ടും ബാഴ്‌സലോണയ്ക്ക് ജയിക്കാനായില്ല. ഇന്നലെ നടന്ന മല്‍സരത്തില്‍ ഹെര്‍ക്കുലീസാണ് ബാഴ്‌സയെ 1-1 സമനിലയില്‍ തളച്ചത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ 52ാം മിനിറ്റില്‍ ഡേവിഡ് മൈന്‍സിലൂടെ ഹെര്‍ക്കുലീസ് ലക്ഷ്യം കണ്ടെത്തിയപ്പോള്‍ 58ാം മിനിറ്റില്‍ കാള്‍സ് അലേനയിലൂടെ ബാഴ്‌സ സമനില നേടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 42 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day